അവര്‍ വിവാഹത്തിനു മുന്‍പേ വിവേകം പഠിക്കുകയാണ്
എന്റെ മകളെ ആത്മഹത്യാ മുനമ്പില്‍നിന്ന് നിങ്ങള്‍ രക്ഷപ്പെടുത്തിയിരിക്കുന്നു...സുന്നി മഹല്ല് ഫെഡറേഷന്റെ കീഴില്‍ സംസ്ഥാന വ്യാപകമായി നടന്നുവരുന്ന 'ഇസ്‌ലാമിക് പ്രീ മാരിറ്റല്‍ കോഴ്‌സി'ല്‍ പങ്കെടുത്ത ഒരു പെണ്‍കുട്ടിയുടെ രക്ഷിതാവിന്റേതാണ് ഈ പ്രതികരണം. നിരാശയില്‍ കുതിര്‍ന്ന ജീവിതത്തിനൊടുവില്‍ ജീവിതലക്ഷ്യം നഷ്ടപ്പെട്ട്, പ്രേമവും ഒളിച്ചോട്ടവും ശീലമാക്കുന്ന വലിയൊരു സമൂഹത്തിന്റെ പ്രതിനിധിയാവണം ആ പെണ്‍കുട്ടി. അത്തരമൊരു സമൂഹത്തിന് പ്രതീക്ഷയും ജീവിതലക്ഷ്യവും പകര്‍ന്നു നല്‍കാന്‍ കൂടി 'പ്രീ മാരിറ്റല്‍ കോഴ്‌സ്'സഹായകമാവുന്നു എന്ന തിരിച്ചറിവ് വല്ലാത്തൊരു അനുഭൂതി തന്നെയായിരുന്നു. കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ മുന്നോട്ടുപോകാനുള്ള കരുത്തും ആവേശവും പകര്‍ന്നു നല്‍കുന്നതായിരുന്നു പൊതുസമൂഹത്തില്‍നിന്നും ലഭിച്ച ഇതുപോലുള്ള പ്രതികരണങ്ങള്‍.
വൈവാഹിക ജീവിതം അസ്വസ്ഥതകള്‍ നിറഞ്ഞതായി സമുദായത്തിനിടയില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഘട്ടത്തിലാണ് സുന്നി മഹല്ല് ഫെഡറേഷന്റെ കീഴില്‍ ഒരു വര്‍ഷം മുന്‍പ് വ്യത്യസ്തമായൊരു പദ്ധതി ആസൂത്രണം ചെയ്യുന്നത്. വിവാഹവും വിവാഹജീവിതവും വിവേകപൂര്‍വം മനസ്സിലാക്കുന്ന ഒരു കോഴ്‌സ് ശാസ്ത്രീയമായി നടപ്പില്‍ വരുത്തുക. കാലിക പ്രസക്തമായ ഈ ആശയത്തിനു വളരെ വേഗം അംഗീകാരം ലഭിക്കുകയായിരുന്നു.
കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞയാഴ്ച കോഴ്‌സ് അവസാനിച്ചപ്പോള്‍ ഒരു രക്ഷിതാവ് പരിശീലകനോട് പറഞ്ഞത് ഇങ്ങനെ: 'ഈ കോഴ്‌സ് അഞ്ചു വര്‍ഷം മുന്‍പേ തുടങ്ങിയിരുന്നുവെങ്കില്‍ എനിക്ക് എന്റെ മൂത്ത മകളെ നഷ്ടപ്പെടില്ലായിരുന്നു'. ഉന്നത വിദ്യാഭ്യാസം നേടിയ തന്റെ മകള്‍ സഹപാഠിയുടെ കൂടെ മതംമാറി ഒളിച്ചോടിപ്പോയതായിരുന്നു അയാളുടെ വേദനയുടെ കാരണം. നമ്മുടെ അജണ്ടകള്‍ മാറ്റിപ്പണിയുന്നതിന്റെ സമകാലിക പ്രസക്തി വളരെ ബോധ്യപ്പെട്ട നിമിഷങ്ങളായിരുന്നു ഇത്. അതോടൊപ്പം കേരള മുസ്‌ലിം സമൂഹത്തില്‍ ഇപ്പോള്‍ സമസ്തയ്ക്കു കൈവന്ന അംഗീകാരത്തിന്റെ അത്യുജ്ജ്വല ചിത്രവുമായിരുന്നു ഈ അഭിപ്രായ പ്രകടനം.
സാധാരണ ക്ലാസുകളുടെ സ്വഭാവത്തില്‍നിന്നു മാറി ഒരു കോഴ്‌സ് എന്ന നിലയില്‍ ശാസ്ത്രീയമായി സംവിധാനിച്ചതായിരുന്നു പ്രീ-മാരിറ്റല്‍ കോഴ്‌സിന്റെ വിജയം. ഇതിനുള്ള ഏഴ് മൊഡ്യൂളുകള്‍ തയാറാക്കുന്നതിനു മുന്‍പ് തന്നെ ക്ലാസെടുക്കാന്‍ പ്രാപ്തരായ 55 അംഗ റിസോഴ്‌സ് വിങിനെ നേരത്തേ തന്നെ തയാര്‍ ചെയ്തിരുന്നു. അവരുടെ കൂടി പങ്കാളിത്തത്തോടെയായിരുന്നു കോഴ്‌സിന്റെ ആസൂത്രണം. വിവിധ ജില്ലകളില്‍നിന്ന് എത്തിച്ചേര്‍ന്ന നൂറിലേറെ വരുന്ന അപേക്ഷകരില്‍നിന്നാണ് പ്രസ്തുത റിസോഴ്‌സ് അംഗങ്ങളെ കണ്ടെത്തിയത്. തുടര്‍ന്ന്, വിവിധ ഘട്ടങ്ങളിലായി നടന്ന പരിശീലനങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം പദ്ധതി താഴെക്കിടയില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചു.
വാനോളമുള്ള സ്വപ്നങ്ങളും നിലംതൊടാത്ത ആഗ്രഹങ്ങളുമായിരുന്നു കേരളത്തിലെ ന്യൂജനറേഷന്‍ ദാമ്പത്യങ്ങളുടെ അടിത്തറ ഇളക്കിക്കൊണ്ടിരുന്നത്. സ്‌നേഹമെന്ന വാക്കിനുപോലും അധികപ്പറ്റുള്ള വ്യാഖ്യാനങ്ങളുണ്ടായി. വിഷ്വല്‍ മീഡിയകള്‍ വിളമ്പുന്ന മിഥ്യകള്‍ പലതും പുതിയ തലമുറ വിശ്വാസത്തിലെടുത്തു കൊണ്ടിരുന്നു. അതോടെ അവരുടെ കാഴ്ചപ്പാടുകള്‍ മാറി. ബുദ്ധിപരവും വൈകാരികവുമായ ഇത്തരം പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ പഠിപ്പിക്കുകയായിരുന്നു പ്രാഥമിക ലക്ഷ്യം. കേരളത്തില്‍ മനഃശാസ്ത്ര, മാനവിക ശാസ്ത്ര ഇസ്‌ലാമിക മേഖലയില്‍ ഏറ്റവും വിദഗ്ധര്‍ ഉള്‍ക്കൊള്ളുന്ന ഒരു പാനല്‍ കോഴ്‌സിനു വേണ്ട സിലബസും മൊഡ്യൂളുകളും രൂപപ്പെടുത്തി.
ആമുഖം, കോഴ്‌സിന്റെ പ്രസക്തി, ആശയ വിനിമയം, സ്‌നേഹം, അംഗീകാരം, ഇണപ്പൊരുത്തം, ആണ്‍ പെണ്‍ വ്യത്യാസങ്ങള്‍, കുടുംബം എന്ന വ്യവസ്ഥിതി, വിവാഹ ജീവിതത്തിലെ വെല്ലുവിളികള്‍ തുടങ്ങിയ മേഖലകളില്‍ ഏഴ് ക്ലാസുകളാണ് രൂപപ്പെടുത്തിയത്. മൂന്ന് മണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള ക്ലാസുകളില്‍ വിഡിയോ, പവര്‍പോയിന്റ്, ഗ്രൂപ്പ് ചര്‍ച്ച, കേസ് സ്റ്റഡി എന്നിവ ഉള്‍പ്പെടുത്തിയതോടെ ക്ലാസ് വളരെ ആകര്‍ഷകവും ആവേശകരവുമായി. 17 കഴിഞ്ഞ പെണ്‍കുട്ടികളും 23 കഴിഞ്ഞ ആണ്‍കുട്ടികളുമായിരുന്നു പഠിതാക്കള്‍. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ബാച്ചുകളായതോടെ നടത്തിപ്പ് കൂടുതല്‍ പ്രായോഗികമായി.
നടത്തിപ്പിന്റെ പ്രായോഗികതയ്ക്കു വേണ്ടി അഞ്ചു സോണുകളായാണ് പദ്ധതി താഴേക്കിടയിലേക്കു വ്യാപിപ്പിച്ചത്. ഓരോ സോണിനും ഓരോ കോ-ഓഡിനേറ്റര്‍മാര്‍ ഉണ്ടായി. അവരാണ് മഹല്ല് തല ക്ലാസുകള്‍ നിശ്ചയിക്കുന്നതും പരിശീലകരെ വിന്യസിക്കുന്നതും. ഓരോ സോണിലും നിശ്ചിത പരിശീലകര്‍ വീതം ക്ലാസിനു തയാറായി നില്‍പുണ്ട്. കോഴ്‌സ് ആരംഭിച്ചു കഴിഞ്ഞാല്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുമെന്നതാണ് വ്യവസ്ഥ. സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അഞ്ച് ക്ലാസുകളിലെങ്കിലും പങ്കെടുക്കണം. ഒരു ലഘുവായ പരീക്ഷ എഴുതി വിജയിക്കുകയും വേണം. ചില പ്രാദേശിക സൗകര്യമനുസരിച്ച് ചില മൊഡ്യൂളുകള്‍ ഒരുമിച്ചു നല്‍കുന്ന ക്രാഷ് പരിശീലന പരിപാടിയും ആവിഷ്‌കരിച്ചിട്ടുണ്ട്.
ഇതിനകം അഞ്ചു സോണുകളില്‍ 77 ബാച്ചുകളിലായി 539 ക്ലാസുകള്‍ നടന്നു. 3,000 പേര്‍ പഠനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നേടി. ഇപ്പോള്‍ 50 കേന്ദ്രങ്ങളില്‍ കോഴ്‌സ് നടന്നു വരുന്നു. വടക്കന്‍ ജില്ലകളില്‍ ഇതിനുണ്ടായ വലിയ പ്രതികരണം തെക്കന്‍ ജില്ലകളിലും ഉണ്ടാക്കിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തുവരുകയാണ്. ഇതിനായി പ്രത്യേകം കോ-ഓഡിനേറ്റര്‍മാര്‍ രംഗത്തുണ്ട്.
കേരളത്തിലെ മഹല്ല് ശാക്തീകരണ പദ്ധതിയില്‍ ജാജ്വലമാനമായി മാറുന്ന ഈ അജണ്ട സുന്നി മഹല്ല് ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളില്‍ വേറിട്ട സ്ഥാനം നേടിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രത്യേക താല്‍പര്യം തന്നെയാണ് ഈ കോഴ്‌സിന്റെ അടിസ്ഥാന സ്രോതസ്സ്. സംസ്ഥാന ജ. സെക്രട്ടറി ഉമര്‍ ഫൈസി മുക്കം ഇതിന് മികച്ച പിന്തുണയും പ്രോല്‍സാഹനവും നല്‍കിക്കൊണ്ടിരിക്കുന്നു. വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും ഈ കുറിപ്പുകാരന്‍ കണ്‍വീനറുമായുള്ള പ്രോജക്ട് വിങാണ് ഈ പദ്ധതിയുടെ ആസൂത്രണത്തിന്റെയും നിര്‍വഹണത്തിന്റെയും പിന്നില്‍.
മേല്‍ പദ്ധതിയുടെ വിജയത്തില്‍നിന്നുണ്ടായ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് പുതിയൊരു അജണ്ടകൂടി മഹല്ല് ഫെഡറേഷന്റെ കീഴില്‍ സംസ്ഥാനത്ത് പിറവിയെടുക്കുകയാണ്. നാളെ കുന്ദമംഗലത്ത് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ലോഞ്ച് ചെയ്യുന്ന 'സ്‌കൂള്‍ ഓഫ് പാരന്റിങ്' ആണ് ഇത്.
വിവാഹ ജീവിതം വിവേകപൂര്‍വമാക്കി, ഇനി സന്താന പരിപാലനം ശാസ്ത്രീയമാക്കാം എന്നതുതന്നെയാണ് നമ്മുടെ കാഴ്ചപ്പാടിന്റെ ചുരുക്കം. എല്ലാറ്റിനും നമുക്ക് ഇസ്‌ലാമിക മാതൃക ഉണ്ടെന്നിരിക്കെ പുറംലോകത്ത് ഇത്തരം പരിപാടികള്‍ തേടിപ്പോകുന്ന അവസ്ഥ ഒഴിവാകുകയും വേണം.
സമകാലിക പ്രസക്തമായ പ്രവാചക രീതികളുടെ പുനരുജ്ജീവനം തന്നെയാണ് ഇവിടെ നടക്കുന്നത്. നമ്മുടെ കുടുംബകം സന്തോഷകരമാവുകയും കുട്ടികള്‍ക്ക് മാര്‍ഗദര്‍ശനം ലഭിക്കുകയും ചെയ്താല്‍ സമുദായ നവോത്ഥാനത്തിന്റെ അടിത്തറ പൂര്‍ണമായി. സാമൂഹിക വളര്‍ച്ചയുടെ പടവുകള്‍ പ്രകടമായി.
ഇസ്‌ലാമിക് പാരന്റിങ് കോഴ്‌സ് മൂന്ന് ഘട്ടങ്ങളായാണ് നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത്. പ്രാഥമിക തലത്തില്‍ മദ്‌റസകള്‍ കേന്ദ്രീകരിച്ചു നടപ്പില്‍ വരുത്തുന്ന ആദ്യത്തെ മൂന്ന് ക്ലാസുകള്‍, തുടര്‍പഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്കായുള്ള രണ്ടാംഘട്ട പരിശീലനം, കൂടുതല്‍ ആഴത്തിലുള്ള പരിശീലനം ലക്ഷ്യമാക്കിയുള്ള അഡ്വാന്‍സ് കോഴ്‌സ് എന്നിവയാണിവ. ഇതിനുവേണ്ടിയുള്ള സിലബസും മൊഡ്യൂളുകളും തയാറായിക്കഴിഞ്ഞു. റിസോഴ്‌സ് അംഗങ്ങള്‍ക്കുള്ള പരിശീലനം വൈകാതെ ആരംഭിക്കും.
അറിവിനേക്കാളേറെ തിരിച്ചറിവാണ് കുടുംബജീവിതത്തിലും സന്താന പരിപാലനത്തിനും നമുക്ക് കരുത്തായി നില്‍ക്കുന്നത്. അറിവ് ബുദ്ധിയുടെ ഭാഗമാണ്. എന്നാല്‍, തിരിച്ചറിവിനു മനസ്സാണ് വേണ്ടത്. മനസ്സിന്റെ പാകതകൊണ്ടു പരിഹരിക്കാന്‍ പറ്റാത്ത പ്രശ്‌നങ്ങളൊന്നും നമ്മുടെ വീടുകളിലില്ല.
അറിവുകൊണ്ടും ആലോചനകള്‍കൊണ്ടും ഇത്തരം പാകതകള്‍ കൈവരിക്കാന്‍ കുടുംബത്തിനകത്ത് ശ്രമങ്ങള്‍ ആരംഭിക്കണം. കിട്ടുന്നതിനേക്കാളേറെ കൊടുക്കുന്നതിനു തയാറാവുന്ന സന്നദ്ധത ഉണ്ടായി വരണം. അഡ്ജസ്റ്റുമെന്റുകളല്ല, മനസ്സിലാക്കലും ആസ്വാദനത്തിന്റെ ആരവങ്ങളുമാണ് പരിഹാരം. കണക്ക് കൂട്ടി രൂപപ്പെടുത്തുന്ന ബന്ധങ്ങള്‍ക്ക് അല്‍പായുസ്സ് മാത്രമായിരിക്കുമെന്നുറപ്പ്. മറിച്ച് ആഗ്രഹങ്ങള്‍ക്കപ്പുറത്തെ വീണ്ടെടുപ്പാണ് നല്ല ബന്ധങ്ങളുടെ കാതല്‍. അത്തരം തിരിച്ചറിവുകള്‍ പുതുസമൂഹത്തില്‍ കൂടുതല്‍ സാര്‍ഥകമായി വരണം. എല്ലാവരും ചേര്‍ന്ന് പരിശ്രമിച്ചാല്‍ അതു വേഗത്തിലാവുമെന്നുറപ്പ്.
(എസ്.എം.എഫ് പ്രൊജക്ട് വിങ് സ്‌റ്റേറ്റ് കണ്‍വീനറാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."