'ഏറ്റുമുട്ടലി'ന്റെ തണലില്‍ അരുംകൊല നടക്കുമ്പോള്‍
2004 ല്‍ ഇസ്രത്ത് ജഹാന്‍ എന്ന പത്തൊമ്പതുകാരിയും മലയാളിയായ പ്രാണേഷ്പിള്ളയെന്ന ജാവേദ് ഗുലാം ശെയ്ഖും ഉള്‍പ്പെടെ നാലുപേരെ വെടിവച്ചുകൊന്നപ്പോള്‍ പൊലിസ് പുറത്തുവിട്ട വാര്‍ത്ത അതിസാഹസികമായ പോരാട്ടത്തിലൂടെയാണ് അവരെ വധിച്ചതെന്നായിരുന്നു. അക്കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാനെത്തിയ ലഷ്‌കറെ ത്വയ്ബ തീവ്രവാദികളാണ് അവരെന്നും പൊലിസ് അന്നു പറഞ്ഞു. അന്ന് ആ വാര്‍ത്ത വായിച്ചവരും കേട്ടവരുമെല്ലാം അക്കാര്യം കണ്ണുമടച്ചു വിശ്വസിച്ചു.
2005 നവംബര്‍ 26 ന് സൊഹ്‌റാബുദ്ദീന്‍ ശെയ്ഖിനെ വെടിവച്ചുകൊന്നപ്പോഴും പൊലിസ് പറഞ്ഞത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാന്‍ പദ്ധതി തയാറാക്കിയ ഭീകരവാദിയെ സാഹസികമായ ഏറ്റുമുട്ടലിലൂടെ വധിച്ചുവെന്നായിരുന്നു. സൊഹ്‌റാബുദ്ദീന്‍ ശെയ്ഖും ലഷ്‌കറെ ത്വയ്ബ ഭീകരനാണെന്നായിരുന്നു എ.ടി.എസിന്റെ വിശദീകരണം. നല്ലൊരു ശതമാനം ജനങ്ങളും അതും ശരിയെന്നു വിശ്വസിച്ചു.
ഏറ്റവുമൊടുവിലിതാ മറ്റൊരു വ്യാജ ഏറ്റുമുട്ടല്‍ കൂട്ടക്കൊലയുടെ വാര്‍ത്തകൂടി പുറത്തുവന്നിരിക്കുന്നു. ഭോപ്പാല്‍ ജയിലില്‍നിന്നു തടവുചാടി രക്ഷപ്പെട്ട എട്ടു വിചാരണത്തടവുകാരെയാണ് ഇത്തവണ മധ്യപ്രദേശ് പൊലിസും എ.ടി.എസും വെടിവച്ചു വീഴ്ത്തിയത്. അര്‍ധരാത്രിയില്‍ ജയില്‍ചാടിയ അവര്‍ പത്തുകിലോമീറ്റര്‍ അകലെയെത്തിയെന്നും അവിടെവച്ചു പൊലിസിനു നേരേ വെടിയുതിര്‍ത്തപ്പോള്‍ സാഹസികമായി വെടിവച്ചുകൊല്ലുകയായിരുന്നുവെന്നുമാണ് പൊലിസ് പറയുന്നത്.
കാരണം, ഒരിക്കലും യോജിക്കാത്തതും യുക്തിക്കു ദഹിക്കാത്തതുമായ തെളിവുകള്‍ അധികാരികള്‍ നിരത്തുമ്പോള്‍ വിശ്വസിക്കാന്‍ വിധിക്കപ്പെട്ടവരാണല്ലോ രാഷ്ട്രീയത്തിലെ 'കളി'കള്‍ തിരിച്ചറിയാത്ത പൊതുജനം. മനുഷ്യാവകാശപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും മറ്റുമായ വളരെ കുറച്ചുപേര്‍ക്കു മാത്രം ഇത്തരം ഔദ്യോഗികഭാഷ്യങ്ങള്‍ വെള്ളം ചേര്‍ക്കാതെ വിഴുങ്ങാന്‍ കഴിയാതെ വരുന്നു.
സിമി എന്ന നിരോധിക്കപ്പെട്ട സംഘടനയുടെ എട്ടു പ്രവര്‍ത്തകര്‍ വാര്‍ഡനെ കൊന്നു ജയില്‍ചാടി രക്ഷപ്പെട്ടുവെന്ന വാര്‍ത്ത തീര്‍ച്ചയായും ഞെട്ടലോടെയാണു പുറംലോകം കേട്ടത്. പ്ലേറ്റും ഗ്ലാസും ആയുധമാക്കി അതിപ്രാകൃതമായാണ് അവര്‍ വാര്‍ഡന്റെ കഴുത്തറുത്തതെന്നതും മനഃസാക്ഷിയുള്ള ജനങ്ങളെയെല്ലാം ഞെട്ടിച്ച വാര്‍ത്തയായിരുന്നു. അത്തരം ക്രൂരന്മാരെ പൊലിസ് വൈകാതെ വെടിവച്ചുകൊന്നുവെന്നു കേട്ടപ്പോള്‍ സമാധാനകാംക്ഷികള്‍ക്കെല്ലാം ആശ്വാസമാണു തോന്നിയത്.
എന്നാല്‍, പിന്നീടു പുറത്തുവന്ന വാര്‍ത്തകള്‍ നിഷ്പക്ഷമതികളുടെ മനസ്സിനെ മറ്റൊരു തരത്തില്‍ ഞെട്ടിക്കുന്നതും ദുരൂഹതകളും സംശയങ്ങളും ഏറെ ഉണര്‍ത്തുന്നതുമായിരുന്നു. ഏറ്റുമുട്ടലിലാണു കൊലയെന്നു പൊലിസ് പറയുമ്പോള്‍ എ.ടി.എസ് മേധാവി പറയുന്നത് പ്രതികള്‍ നിരായുധരായിരുന്നുവെന്നാണ്. എ.ടി.എസ് മേധാവി പറയുന്നതല്ല, പൊലിസ് പറയുന്നതാണു ശരിയെങ്കില്‍പ്പോലും ജയില്‍ചാടിയവരെ കൊല്ലേണ്ടിയിരുന്നില്ലല്ലോ. അരയ്ക്കുതാഴെ വെടിവച്ചു വീഴ്ത്തി പിടികൂടാമായിരുന്നു. അതുണ്ടായില്ലെന്നു മാത്രമല്ല, ഇപ്പോള്‍ പുറത്തുവന്ന വാക്കിടോക്കി ശബ്ദരേഖ വിശ്വസിക്കാമെങ്കില്‍ എട്ടുപേരെയും ബോധപൂര്‍വം വെടിവച്ചുകൊല്ലുകയായിരുന്നു.
2005 ല്‍ ഹൈദരാബാദില്‍നിന്നു സാംഗ്ലിയിലേയ്ക്കു ഭാര്യയോടൊപ്പം ബസ്സില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെയാണ് പുലര്‍ച്ചെ 1.30 ന് ഭീകരവിരുദ്ധസേന സൊഹ്‌റാബുദ്ദീനെ പിടികൂടിയത്. പക്ഷേ, ദിവസങ്ങള്‍ക്കുള്ളില്‍ മറ്റൊരിടത്തു സൊഹ്‌റാബുദ്ദീന്റെ മൃതദേഹം കാണപ്പെട്ടപ്പോള്‍ അത് ഏറ്റുമുട്ടല്‍ കൊലപാതകമായി.
പ്രതികരണങ്ങള്‍ ഇവിടെ അപ്രസക്തവും നിഷ്ഫലവുമാകുന്നു... നാവടക്കൂ എന്നാണല്ലോ ഏതു ഭരണാധികാരിയുടെയും ശാസനം...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."