കിരീടം സ്വന്തമാക്കി വനിതകളും
സിംഗപ്പൂര്‍: പുരുഷ ടീമിനു പിന്നാലെ ഇന്ത്യയുടെ വനിതാ ടീമും ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി കിരീടം സ്വന്തമാക്കി. ഫൈനലില്‍ ചൈനയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തിയാണ് വനിതകള്‍ ഇന്ത്യക്ക് അഭിമാന വിജയം സമ്മാനിച്ചത്. ഒരു ഗോളിനു മുന്നില്‍ നിന്ന ഇന്ത്യയെ സമനിലയില്‍ പിടിക്കാന്‍ ചൈനയ്ക്കു സാധിച്ചു. എന്നാല്‍ കളി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രമുള്ളപ്പോള്‍ വിജയ ഗോള്‍ നേടി ഇന്ത്യ ചൈനയെ നിലംപരിശാക്കുകയായിരുന്നു. ദീപികയാണ് ഇന്ത്യക്ക് വിജയ ഗോള്‍ സമ്മാനിച്ചത്. നേരത്തെ ദീപ് ഗ്രെയ്സ് എക്കയുടെ ഗോളിലാണ് ഇന്ത്യ ആദ്യം ലീഡെടുത്തത്. സോങ് മെംഗലിങ് ചൈനയുടെ ആശ്വസ ഗോളിനുടമയായി.
അവസാന വിസില്‍ വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഇരു ടീമുകളും ആക്രമണ പ്രത്യാക്രമണങ്ങളിലൂടെ കളി സജീവമാക്കി നിര്‍ത്തി. ഇന്ത്യയാണ് ആദ്യം ഗോള്‍ നേടിയത്. 13ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ദീപ് ഗ്രേസ് ഗോളാക്കി മാറ്റുകയായിരുന്നു. ആദ്യ പകുതിയുടെ അവസാന മിനുട്ടുകളില്‍ സമനില പിടിച്ച് ചൈന ഒപ്പമെത്തി. 44ാം മിനുട്ടില്‍ സോങ് മെംഗ്ലിങാണ് സമനില ഗോള്‍ നേടിയത്.
കളി തീരാന്‍ വെറും 20 സെക്കന്‍ഡുകള്‍ മാത്രമുള്ളപ്പോള്‍ പെനാല്‍റ്റി കോര്‍ണറില്‍ നിന്നുള്ള ഷോട്ട് റീബൗണ്ട് ചെയ്ത് വന്നപ്പോള്‍ ദീപിക വീണ്ടും പന്ത് ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു.
ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കുന്ന നടാടെയുള്ള ചാംപ്യന്‍സ് ട്രോഫി കിരീടം കൂടിയാണിത്. 2010ല്‍ നടന്ന ആദ്യ ചാംപ്യന്‍സ് ട്രോഫിയില്‍ മൂന്നാം സ്ഥാനത്തെത്തിയ ഇന്ത്യ 2013ല്‍ നടന്ന ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അന്നു ജപ്പാനോടു ഫൈനലില്‍ തോല്‍ക്കുകയായിരുന്നു. കഴിഞ്ഞ ഞയറാഴ്ച ഇന്ത്യന്‍ പുരുഷന്മാര് ഏഷ്യന്‍ ചാംപ്യന്മാരായതിന്റെ കൃത്യം ഏഴാം ദിവസം വനിതകളും നേട്ടം ആവര്‍ത്തിച്ചത് ഇന്ത്യന്‍ ഹോക്കിക്ക് അഭിമാന നിമിഷമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."