വെള്ളത്തില്‍ താമസിക്കുന്ന മനുഷ്യര്‍
ബ്രൂണെയിലെ മുപ്പതു ശതമാനം ജനങ്ങളും വെള്ളത്തിലാണ് താമസിക്കുന്നത്. ഇവരുടെ എണ്ണം ഒന്നേകാല്‍ ലക്ഷത്തോളം വരും. ഇതുകേട്ടാല്‍ ആരും അത്ഭുതപ്പെടും. കരയില്‍ സ്ഥലമില്ലാത്തതുകൊണ്ടല്ല. നൂറ്റാണ്ടുകളായി ഇവരുടെ പൂര്‍വികര്‍ ഇങ്ങനെയാണ് താമസിച്ചിരുന്നത്. മത്സ്യബന്ധനമായിരുന്നു അവരുടെ ഉപജീവനം. പിന്‍മുറക്കാരും ആ ജീവിതം ഇഷ്ടപ്പെടുന്നു
ബ്രൂണെയില്‍ മലയാളികളുടെ എണ്ണം കുറവാണ്. 250-300 വരുമെന്നാണ് ചിലരുടെ നിഗമനം. അവര്‍ക്കു സംഗമിക്കാനോ ബന്ധപ്പെടാനോ കഴിയുന്നില്ല എന്നതാണവസ്ഥ. ഒരു പ്ലാറ്റ്‌ഫോമില്‍ ഒത്തുകൂടാനുള്ള സംവിധാനങ്ങളും അപര്യാപ്തമാണ്. മലയാളി മുസ്‌ലിംകളുടെ എണ്ണവും തിട്ടപ്പെടുത്താനായിട്ടില്ല. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചിലര്‍ കെ.എം.സി.സിക്കു രൂപം നല്‍കിയിട്ടുണ്ട്. അതിന്റെ പ്രവര്‍ത്തനവും കാര്യക്ഷമമായി വരേണ്ടിയിരിക്കുന്നു. അവരുടെ വകയായി ഡിന്നര്‍ സംഗമമുണ്ടായിരുന്നു. ഇരുപതോളം പേരായിരുന്നു സാമാജികര്‍. ഇവിടെവച്ചാണ് ഏറ്റവും പഴക്കമുള്ള മലയാളി മുസ്‌ലിമായ തുവ്വക്കാട് ബാവ ഹാജിയെ പരിചയപ്പെട്ടത്.
പരപ്പനങ്ങാടി അശ്‌റഫ് രണ്ടു പതിറ്റാണ്ടോളമായി ബ്രൂണെയിലാണ്. രാഷ്ട്ര തലസ്ഥാനം ചുറ്റിക്കറങ്ങാനായി അദ്ദേഹം സ്‌നേഹപൂര്‍വം ക്ഷണിച്ച് വാഹനവുമായി ഞാന്‍ താമസിക്കുന്നിടത്തു വന്നു. പാര്‍ലമെന്റ് ഹൗസ്, പ്രധാനമന്ത്രിയുടെ ഓഫിസ്, ഗെയിംസ് വില്ലേജ്, സുപ്രിംകോടതി, ചൈനീസ് ആരാധനാമന്ദിരം (ബുദ്ധ ദേവാലയം) തുടങ്ങി സുപ്രധാന സ്ഥലങ്ങളൊക്കെ അദ്ദേഹം കാണിച്ചുതന്നു. ഇവയിലേറ്റവും ശ്രദ്ധേയാനുഭവമായിരുന്നു കമ്പോങ് അയര്‍ ഏരിയാ സന്ദര്‍ശനവും ബോട്ടുയാത്രയും. കമ്പോങ് എന്നാല്‍ ഗ്രാമം; അയര്‍ വെള്ളമാണ്. ജലഗ്രാമം അഥവാ വാട്ടര്‍ വില്ലേജ് എന്നു വിവക്ഷ.
ബ്രൂണെയിലെ മുപ്പതു ശതമാനം ജനങ്ങളും വെള്ളത്തിലാണ് താമസിക്കുന്നത്. ഇവരുടെ എണ്ണം ഒന്നേകാല്‍ ലക്ഷത്തോളം വരും. ഇതുകേട്ടാല്‍ ആരും അത്ഭുതപ്പെടും. കരയില്‍ സ്ഥലമില്ലാത്തതുകൊണ്ടല്ല. നൂറ്റാണ്ടുകളായി ഇവരുടെ പൂര്‍വികര്‍ ഇങ്ങനെയാണ് താമസിച്ചിരുന്നത്. മത്സ്യബന്ധനമായിരുന്നു അവരുടെ ഉപജീവനം. പിന്‍മുറക്കാരും ആ ജീവിതം ഇഷ്ടപ്പെടുന്നു.
ഇതു കേള്‍ക്കുകയും കാണുകയും ചെയ്തപ്പോള്‍ യു.എ.ഇയുടെ കാര്യം ഓര്‍മവന്നു. മരുപ്പച്ചകളില്‍ കഴിഞ്ഞുകൂടിയിരുന്ന നിരക്ഷരരും നാഗരികരഹിതരുമായ ബദവികള്‍ക്കു പരേതനായ പ്രസിഡന്റ് ശൈഖ് സാഇദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹയാന്‍ അത്യാധുനിക സൗകര്യങ്ങളുള്ള വീടുകള്‍ നിര്‍മിച്ചുനല്‍കി. മില്യന്‍ കണക്കിനു ദിര്‍ഹമിന്റെ പടുകൂറ്റന്‍ പ്രൊജക്ട് ആയിരുന്നു ഇത്. പക്ഷേ, വീടുകള്‍ വിതരണം നടത്തുകയും ബന്ധപ്പെട്ടവര്‍ കൈപറ്റുകയും ചെയ്‌തെങ്കിലും ഇവ വാടകക്കു കൊടുത്തു അവര്‍ മരുപ്പച്ചകളിലേക്കു തന്നെ തിരിച്ചുപോയി. ആ സുഖം ഈ ആധുനിക സദനങ്ങളില്‍ അവര്‍ക്കു അനുഭവിക്കാനായില്ല എന്നതായിരുന്നു കാരണം.
പണ്ടുകാലത്ത് പുഴകളിലും കായലുകളിലും റീഫുകളിലും ലഗൂണുകളിലുമായി മരക്കാലുകളില്‍ തയാര്‍ ചെയ്ത പ്ലാറ്റ്‌ഫോമുകളിലാണ് ഇവര്‍ വീടുകള്‍ നിര്‍മിച്ചിരുന്നത്; ഇന്നത് കോണ്‍ക്രീറ്റ് പില്ലറുകളായി. തലസ്ഥാന നഗരമായ ബന്ദറിലുള്ള വാട്ടര്‍ വില്ലേജാണ് ഞങ്ങള്‍ സന്ദര്‍ശിച്ചത്. ഇതുപോലെ വിവിധ സ്ഥലങ്ങളില്‍ ജലഗ്രാമങ്ങളുണ്ട്. ഒരു ലക്ഷത്തിലേറെ ജനങ്ങള്‍ ഇങ്ങനെ താമസിക്കുന്നവരാണെങ്കില്‍ അതിന്റെ വ്യാപ്തി ഏറെക്കുറെ ഊഹിക്കാനാകുമല്ലോ.
ഒറ്റക്കായോ അംഗുലീപരിമിതമോ അല്ല ഈ വീടുകള്‍. വില്ലേജ് പോലെത്തന്നെ ഒട്ടേറെ വീടുകളും അനുബന്ധ സൗകര്യങ്ങളുമുള്ള സമുച്ചയങ്ങളാണ് ഇവ. സ്‌കൂള്‍, പോസ്റ്റ് ഓഫിസ്, പലതരം ഷോപ്പുകള്‍, കടകള്‍, മസ്ജിദ് തുടങ്ങിയവയല്ലാം ഇവിടെ സംവിധാനിച്ചിരിക്കുന്നു. പരസ്പരം സഞ്ചരിക്കാവുന്ന വഴികളും ഇവക്കിടയിലുണ്ട്. സന്ദര്‍ശകര്‍ക്കു ബോട്ട് യാത്രയിലൂടെ ഇവയുടെ സമീപത്തുകൂടി സഞ്ചരിക്കാനും ഈ വീടുകള്‍ കണ്ട് ആസ്വദിക്കാനും സാധിക്കും. ബന്ദറിലെ പ്രവിശാലമായ ബ്രൂണെ നദിയിലുള്ള വാട്ടര്‍ വില്ലേജില്‍ മത്രം 35000 ആളുകള്‍ നിവസിക്കുന്നുണ്ടത്രെ. ഈ നദിയിലൂടെ സ്പീഡ് ബോട്ടുവഴി ടമ്പുറോങ് ജില്ല വരെ യാത്ര ചെയ്യാനാകും.
രാജ്യത്തെ പ്രധാന പട്ടണങ്ങള്‍ കാണാനായി തിരൂരിലെ ഇഖ്ബാലിന്റെ കാറില്‍ ഞങ്ങള്‍ പുറപ്പെട്ടു. ഏകദേശം കിഴക്കു പടിഞ്ഞാറായാണ് ബ്രൂണെയുടെ വടക്കന്‍ സമുദ്രതീരം സ്ഥിതിചെയ്യുന്നത്. ഇതിന്റെ കിഴക്കേ അറ്റത്താണ് തുറമുഖനഗരമായ മുവാറ. പടിഞ്ഞാറോട്ടു പോകുമ്പോള്‍ അടുത്ത പ്രധാനപട്ടണം ജുഡോങ് ആണ്. തുടര്‍ന്ന് പെനഞ്ചോങ്, ടൂടോങ് തുറമുഖം, ടെലിസായ്, ലുമൂത്ത്, സെറിയ തുറമുഖം, ക്വാലബെലൈറ്റ് തുറമുഖം- കെ.ബി എന്നു ചരുക്കപ്പേര്- മുതലായവ വരുന്നു. ജലന്‍മോറ, സെങ്‌ഗ്രോങ്, ഗാഡോങ്, ബുനൂത്ത്, കോറോങ് തുടങ്ങിയവയും പ്രധാന ടൗണ്‍ഷിപ്പുകളാണ്.
എണ്ണപ്പാടങ്ങളുടെ കേളികേട്ട മേഖലയാണ് സെറിയ. പെട്രോളിയം കിനിഞ്ഞൊഴുകുകയാണ് ഇവിടെ എന്നുതന്നെ പറയാം. പ്രകൃതിവാതകങ്ങള്‍ കൊണ്ട് അതീവ സുഭിക്ഷമാണ് ഇവിടെ. ഇക്കാരണത്താല്‍ ആദ്യദശകങ്ങളിലൊക്കെ തീര്‍ത്തും സൗജന്യമായി ഗ്യാസ് കണക്ഷന്‍ നല്‍കുകയായിരുന്നു. കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്കു പ്രോത്സാഹനങ്ങളും ലഭിച്ചു. ബ്രൂണെയും ഹോളണ്ടിലെ ഷെല്‍ഗ്രൂപ്പ് കമ്പനിയും സംയുക്തമായാണ് എണ്ണ ഉല്‍പ്പാദനവും അനുബന്ധ പ്രവര്‍ത്തനങ്ങളും കയറ്റിയയക്കലുമൊക്കെ നിര്‍വഹിക്കുന്നത്.
ക്രൂഡോയില്‍ നിരന്തരമായി പമ്പുചെയ്ത് പുറത്തെടുക്കുന്ന ഒരു പ്രത്യേക യന്ത്രം നാട്ടില്‍ പലയിടങ്ങളിലും വിശിഷ്യാ സെറിയന്‍ എണ്ണപ്പാടങ്ങളില്‍ സാര്‍വത്രികമായി സ്ഥാപിച്ചിട്ടുണ്ട്. റോട്ടറി ഓയില്‍ പമ്പിന്റെ പ്രവര്‍ത്തനരീതിയാണ് ഇതിലുള്ളത്. മനുഷ്യസാന്നിധ്യമോ സഹായമോ ഇല്ലാതെ ഇരുപത്തിനാലു മണിക്കൂറും ഇവ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. നോഡിങ് ഡോങ്കി (തലയാട്ടുന്ന കഴുത) എന്നാണ് ഇതിന്റെ പേര്. ക്രൂഡോയില്‍ പുറത്തേക്കു വലിച്ചെടുത്ത് കൊണ്ടുവന്ന് അതില്‍തന്നെ ഫിറ്റ് ചെയ്തിരിക്കുന്ന പൈപ്പുകളിലൂടെ നിശ്ചിത ടാങ്കുകളിലെത്തിക്കുകയാണ് ഡോങ്കി ചെയ്തുകൊണ്ടിരിക്കുന്നത്.
കോടിക്കണക്കിനു ഡോളര്‍ ചെലവഴിച്ചു അതീവ രമണീയമായി പണിതുയര്‍ത്തപ്പെട്ട പള്ളികള്‍ ബ്രൂണെയുടെ ഒരു വ്യതിരിക്തതയാണ്. ഈ ഗണത്തില്‍ ഏറ്റവും പ്രൗഢവും വശ്യവും നാടിന്റെ അഭിമാനമെന്ന നിലയില്‍ ശ്രദ്ധേയവുമാണ് സുല്‍ത്താന്റെ പള്ളി. 'ജാമിഉ അസ്വ്‌രി ഹസനില്‍ ബുല്‍ഖിയ' എന്നാണ് ഇതിന്റെ ഔദ്യോഗിക പേര്. ഇപ്പോഴത്തെ ഭരണാധികാരിയുടെ കാലത്തു നിര്‍മിക്കപ്പെട്ടത് എന്നര്‍ഥം. ആദ്യനിര്‍മിതി നടന്നത് 1988ലാണ്. വിപുലീകരണാനന്തരം തന്റെ 48-ാം ജന്മദിനത്തോടനുബന്ധിച്ച് 1994 ജൂലൈ 14നു മഗ്‌രിബ് നിസ്‌കാരത്തോടെ സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തു.
ബ്രൂണെയുടെ അഭിമാന സ്തംഭവും സന്ദര്‍ശകരെ കോള്‍മയിര്‍ കൊള്ളിക്കുന്നതുമായ ഈ മസ്ജിദ് പൂന്തോട്ടവും പാര്‍ക്കുമൊക്കെയായ പ്രവിശാലമായൊരു സ്ഥലത്താണ് പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്. മാര്‍ബിളിന്റെയും ഗ്രാനൈറ്റിന്റെയും ക്രിസ്റ്റലിന്റെയും സ്വര്‍ണത്തിന്റെയും അതിപ്രസരമാണിവിടെ. അഞ്ചു ജലധാര യന്ത്രങ്ങള്‍ മസ്ജിദിന്റെ പാര്‍ക്കിലുണ്ട്. ഇസ്‌ലാം കാര്യങ്ങളുടെയും ഫര്‍ള് നിസ്‌കാരങ്ങളുടെയും എണ്ണമായാണ് ഇതു രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രാജ്യചരിത്രത്തിലെ 29-ാം സുല്‍ത്താനാണ് ഹസനുല്‍ ബുല്‍ഖിയ. ഇതിന്റെ പ്രതീകമായി വലുതും ചെറുതുമായി 29 ഖുബ്ബകളാണ് മസ്ജിദിന്. ഇവയത്രയും ശുദ്ധസ്വര്‍ണം കൊണ്ട് ആവരണം ചെയ്തതാണ്. താഴെനിന്നു ഒന്നാം നിലയിലേക്കുള്ള മാര്‍ബിള്‍ ഗോവണിയുടെ ചവിട്ടുപടികളും 29 തന്നെ.
ഔദ്യോഗിക ജമാഅത്ത് നിസ്‌കാരങ്ങളും ജുമുഅയുമെല്ലാം ഒന്നാം നിലയിലാണ് നടക്കുക. മറ്റു വിവിധ സൗകര്യങ്ങള്‍ ഗ്രൗണ്ട് ഫ്‌ളോറിലാണ് സംവിധാനിച്ചിരിക്കുന്നത്. അഡ്മിനിസ്‌ട്രേഷന്‍ സെക്ഷന്‍, മള്‍ട്ടി പര്‍പസ് ഹാള്‍, വി.ഐ.പീസ് കോണ്‍ഫറന്‍സ് റൂം എന്നിവയും സംവിധാനിക്കപ്പെട്ടിട്ടുണ്ട്. ഞങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടെ കോണ്‍ഫറന്‍സ് നടക്കുകയായിരുന്നു. മുന്‍ ഗ്രാന്റ് മുഫ്തി ഹാജി ഇസ്മാഈല്‍ ബിന്‍ ഉമര്‍ അബ്ദുല്‍ അസീസിന്റെ സ്മാരകമായുള്ള വിപുലമായ ലൈബ്രറി, രാജാവ് പള്ളിയില്‍ വരുമ്പോള്‍ ഇരിക്കാനും വിശ്രമിക്കാനുമുള്ള റോയല്‍ സ്യൂട്ട്, വി.ഐ.പീസ് ലോഞ്ച് ആന്‍ഡ് ഡൈനിങ് ഏരിയ എന്നിവയും ഇവിടെയുണ്ട്.
സുല്‍ത്താന്‍ ജുമുഅക്കു പങ്കെടുക്കുന്നത് നിശ്ചിത പള്ളിയിലൊന്നുമല്ല. കൊട്ടാരത്തില്‍ നിന്നു ജുമുഅക്കു പുറപ്പെടുംവരെ മറ്റൊരാള്‍ അതറിയുകയുമില്ല. വാഹനത്തില്‍ കയറുമ്പോള്‍ അദ്ദേഹം പറയുന്ന പള്ളിയിലേക്കു ഡ്രൈവര്‍ കാറോടിക്കും. കുതിരസവാരി നടത്തുകയും വ്യായാമമുറകള്‍ കൃത്യമായനുഷ്ഠിക്കുകയും ചെയ്യുന്ന സുല്‍ത്താന്‍ പ്രജകളുടെ ആരോഗ്യകാര്യങ്ങളിലും അതീവ ശ്രദ്ധാലുവാണ്.
വിദ്യാഭ്യാസവും ചികിത്സയുമൊക്കെ പൂര്‍ണസൗജന്യം. ലക്ഷങ്ങള്‍ ചെലവു വരുന്ന ഹൃദയശസ്ത്രക്രിയ മുതലായവക്കുപോലും പൗരന്‍ ഒരുരൂപ പോലും നല്‍കേണ്ടതില്ല. കാറും ബോട്ടും ഓട്ടുക മാത്രമല്ല, വിമാനം പറത്തുകവരെ ചെയ്യുന്ന ഈ രാഷ്ട്രസാരഥി തികച്ചും വ്യതിരിക്തന്‍ തന്നെ. സപ്തതി പിന്നിട്ടുവെങ്കിലും ഒരു അന്‍പതുകാരനാണെന്നേ ആര്‍ക്കും തോന്നൂ. ഭരണകാര്യങ്ങളിലൊക്കെ അതീവശ്രദ്ധാലുവാണ്. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും ഓഫിസുകളും മറ്റു ഭരണകേന്ദ്രങ്ങളുമൊക്കെ ഇടക്കിടെ സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യും.
ഹസനുല്‍ ബല്‍ഖിയയുടെ പിതാവിന്റെ പേരില്‍ - സുല്‍ത്താന്‍ ഉമര്‍ അലി സൈഫുദ്ദീന്‍- പണിതുയര്‍ത്തപ്പെട്ട പള്ളിയും പ്രൗഢഗംഭീരം തന്നെ. സ്വര്‍ണാവൃതമായ ഖുബ്ബകളും മറ്റു രാജകീയ നിര്‍മാണ ചാതുരിയും ഇതിനെ ശ്രദ്ധേയമാക്കുന്നു. ഇതിന്റെ ഇടതുഭാഗത്തുള്ള ജലാശയത്തില്‍ വലിയൊരു തോണിയുടെ ശില്‍പ്പം കാണാം. ഒരൊറ്റ മാര്‍ബിള്‍ കല്ലില്‍ കൊത്തിയുണ്ടാക്കിയതാണത്രേ ഇത്. ഇവ്വിധം വിവിധ പള്ളികളും ഇസ്‌ലാമിക കോളജുകളും ഹിഫ്‌ളുല്‍ ഖുര്‍ആന്‍ സെന്ററുകളും ഈ അനുഗ്രഹീത രാജ്യത്തുണ്ട്.
നാലുദിവസം ഈ പ്രശാന്തഭൂമികയില്‍ താമസിക്കുകയും നാടിന്റെ വിവിധ ഭാഗങ്ങളും ദൃശ്യങ്ങളും വ്യത്യസ്ത സാഹചര്യങ്ങളും നേരിട്ടാസ്വദിക്കുകയും മലയാളികളും അല്ലാത്തവരുമായ സഹോദരങ്ങളുടെ സ്‌നേഹോഷ്മള വിരുന്നുകളില്‍ പങ്കെടുക്കുകയും ചെയ്തായിരുന്നു എന്റെ മടക്കയാത്ര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."