ഇരുട്ടുതേടി
രാത്രിയില്‍ ചെയ്യുന്ന പാപങ്ങളാണ് പകല്‍ ശാപവാക്കുകളായും ആട്ടും തുപ്പുമായെല്ലാം രൂപം മാറുന്നത്. വഴിയോരത്തിണ്ണയില് കിടന്ന് ലക്ഷ്മി ആത്മഗതം ചെയ്തു. വെളിച്ചം അവള്‍ക്കും ദുഃഖമാണ്, തമസ്സാണ് സുഖപ്രദം. പുളിച്ച വിയര്‍പ്പു ഗന്ധവും മദ്യത്തിന്റെ അമിതാസക്തിയും പുരുഷാരവം പൂണ്ട് വലിഞ്ഞുമുറുക്കുമ്പോള്‍ അവള് മറുത്തൊന്നും പറയാറില്ല. രാത്രി ഉരുകിത്തീര്‍ന്ന് പകല്‍ തെളിയുമ്പോള്‍ വിശപ്പ് അവള്‍ക്കു കൂട്ടിനെത്തും. രാത്രി എതിര്‍ത്തുനിന്നാല്‍ പകല്‍ അന്നം മുടങ്ങുമെന്ന് അവള്‍ക്കു നന്നായറിയാം. അതിനാല്‍ ആരെയും അവള് ആട്ടിയോടിക്കാറില്ല.
നേരം പുലര്‍ന്നാല്‍ പട്ടണത്തിന്റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞു ഒരു മൂലയില്‍ അഭയം തേടും. വെളിച്ചത്തെ പോലും അവള്‍ക്കു ഭയമായിരുന്നു. അവള്‍ക്കു ജീവിതത്തോടുതന്നെ മടുപ്പ് തോന്നിത്തുടങ്ങിയിരുന്നു.
പെട്ടെന്ന്, ഒരു ദിവസം അവള് എഴുന്നേറ്റു നിന്നു. സീബ്രാ ലൈനില്ലാത്ത ഹൈവേയിലേക്കെടുത്തു ചാടി. ജീവിതത്തിലാദ്യമായി അവള് നിനച്ചകാര്യം സംഭവിച്ചു. ആദ്യം വന്ന ട്രക്കുതന്നെ ഇടിച്ചുതെറിപ്പിച്ചു. അന്ന്, ആദ്യമായി അവളെ ആളുകള്‍ ശ്രദ്ധിച്ചു. ചുറ്റും ജനം തടിച്ചുകൂടി. പലരും അവളെ ആദ്യമായി കാണുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."