സഊദി ഓജര്‍ കമ്പനിയില്‍ നിന്നും 21 പേര്‍ കൂടി നാട്ടിലേക്ക് മടങ്ങി
ജിദ്ദ: ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലായ സഊദി ഓജര്‍ കമ്പനിയിലെ ഇന്ത്യക്കാരായ 21 പേരു കൂടി ഫൈനല്‍ എക്‌സിറ്റില്‍ നാട്ടിലേക്ക് മടങ്ങി. സഊദി ഗവണ്‍മെന്റ് അനുവദിച്ച ടിക്കറ്റിലാണ് ഇവര്‍ യാത്ര തിരിച്ചത്. ഇവരുടെ യാത്ര രേഖകള്‍ എല്ലാം ശരിയാക്കി കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മടങ്ങിയത്.
നിര്‍മ്മാണ മേഖലയിലെ തൊഴില്‍ പ്രതിസന്ധിയില്‍ ജോലിയും ശമ്പളവും ഇല്ലാതെ ഒരു വര്‍ഷമായി ദുരിതത്തിലായവരാണ് നാട്ടിലേക്ക് മടങ്ങിയത്. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ നിന്ന് മുവായിരത്തോളം തൊഴിലാളികളാണ് രണ്ട് മാസത്തിനിടെ ഇന്ത്യയിലേക്ക് മടങ്ങിയത്. ഇതില്‍ നൂറിലധികം പേര്‍ മലയാളികളാണ്.
തൊഴില്‍ നഷ്ടപ്പെട്ടവര്‍ ഈ മാസം പുതിയ തൊഴിലുടമയെ കണ്ടെത്തുകയോ രാജ്യം വിടുകയോ ചെയ്യണമെന്ന് സഊദി തൊഴില്‍ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പലര്‍ക്കും സഊദിയിലെ ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ അതിനു സാധിച്ചിരുന്നില്ല.
മടങ്ങിയവരുടെ ശമ്പള കുടിശികയും സേവനാനന്തര ആനുകൂല്യങ്ങളും എംബസി മുഖേന തൊഴിലാളികള്‍ക്ക് കൈമാറുന്നതിന് വേണ്ട നടപടി സ്വീകരിക്കുമെന്നും ഇന്ത്യന്‍ കോണ്‍സല്‍് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇവര്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ സംബന്ധിച്ച് വ്യക്തമായ തീരുമാനമായിട്ടില്ല. ഇവരെ യാത്രയാക്കാനും മറ്റു നടപടിക്രമങ്ങള്‍ക്കും വേണ്ടി കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് വിമാനത്താവളത്തിലെത്തിയിരുന്നു. നാട്ടിലേക്ക് മടങ്ങാനുള്ള വഴി തെളിഞ്ഞതോടെ ഏറെ നാളായി ദുരിതത്തിലായിരുന്ന തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസമായാണ് നല്‍കിയത്.
മലയാളികള്‍ക്ക് പുറമെ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ തൊഴിലാളികളാണ് ജോലി നഷ്ടമായ ഇന്ത്യക്കാര്‍. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ 7,500 ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടമായിട്ടുണ്ടെന്നാണ് നിലവില്‍ കണക്കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."