ദേശീയ മനുഷ്യാവകാശ കമ്മീഷനിലേക്ക് ആദ്യ രാഷ്ട്രീയ നിയമനം: ബിജെപി ഉപാധ്യക്ഷന്‍ സമിതിയംഗമാകുന്നു
ന്യൂഡല്‍ഹി: ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ രാഷ്ട്രിയ നിയമനത്തിന് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ബിജെപി ദേശീയ ഉപാധ്യക്ഷന്‍ അവിനാഷ് റായി ഖന്നയെയാണ് കമ്മീഷന്‍ അംഗമാക്കുന്നത്. ഇതാദ്യമായാണ് മനുഷ്യാവകാശ കമ്മിഷനില്‍ രാഷ്ട്രീയ നിയമനം. കോണ്‍ഗ്രസ് നേതാക്കളായ രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പിജെ കുര്യന്‍ എന്നിവരടങ്ങിയ സമിതിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയോടെയാണ് തീരുമാനം.
സമിതിയുടെ യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെ എതിര്‍ത്തില്ലെന്നാണ് വിവരം. രണ്ട് വര്‍ഷമായി ഒഴിഞ്ഞുകിടക്കുന്ന സ്ഥാനത്തേക്കാണ് ബിജെപി ദേശിയ വൈസ് പ്രസിഡന്റ് അവിനാഷ് റായി ഖന്നയെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഇതിന്റെ നടപടികള്‍ അന്തിമ ഘട്ടത്തിലെത്തിയതായാണ് റിപ്പോര്‍ട്ട്. അടുത്ത ദിവസം തന്നെ പ്രഖ്യാപനം ഉണ്ടാകും. ബിജെപിയുടെ രാജ്യസഭാംഗം കൂടിയായ അവിനാഷ് പാര്‍ട്ടിയില്‍ ജമ്മു കശ്മീരിന്റെ ചുമതലയുള്ള നേതാവാണ്.
പ്രധാനമന്ത്രി ഉള്‍പ്പെട്ട ഉന്നതതല സമിതിയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാനങ്ങളിലേക്കുള്ള നിയമനം നടത്തുക. ലോക്‌സഭാ സ്പീക്കര്‍, കേന്ദ്ര ആഭ്യന്തരമന്ത്രി, ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കള്‍, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ എന്നിവര്‍ ചേര്‍ന്നതാണ് സമിതി. കഴിഞ്ഞ മാസം അവസാനം സമിതി യോഗം ചേര്‍ന്ന് ഒഴിഞ്ഞുകിടക്കുന്ന സ്ഥാനത്തേക്ക് നിയമനത്തിനുള്ള പേരിന് അംഗീകാരം നല്‍കി. മറ്റ് പേരുകളും ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും ഖന്നയുടെ പേര് ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നുവെന്ന് സമിതിയിലെ ഒരംഗം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്.
സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആയിരിക്കണം ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ തലപ്പത്ത് എന്ന് നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്. നാല് ഫള്‍ടൈം അംഗങ്ങളില്‍ ഒരാള്‍ സുപ്രിം കോടതി മുന്‍ ജഡ്ജി, ഒരാള്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എന്നിവരായിരിക്കണം. മറ്റ് രണ്ട് അംഗങ്ങള്‍ ഈ മേഖലയില്‍ നേരത്തേ സജീവമായി ഇടപെടുന്നവരായിരിക്കണം എന്നാണ് വ്യവസ്ഥ.
അതേസമയം രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ ഇവിടെ നിയമിക്കുന്നതില്‍ ഒരു വിലക്കുമില്ലെന്നാണ് തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് സമിതി അംഗത്തിന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."