വയനാട്ടില്‍ വീണ്ടും കാട്ടാന വെടിയേറ്റ് ചരിഞ്ഞു
കേണിച്ചിറ: വയനാട്ടില്‍ വീണ്ടും കാട്ടാന വെടിയേറ്റ് ചരിഞ്ഞു. സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലയം റെയ്ഞ്ചില്‍ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലാണ് 20 വയസ് പ്രായമുള്ള മോഴയാനയെ വെടിയേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ആറു മാസങ്ങള്‍ക്കിടെ വയനാട്ടില്‍ വെടിയേറ്റ് ചരിഞ്ഞ മൂന്നാമത്തെ ആനയാണിത്.
ഇന്നലെ രാവിലെ ഏഴോടെയാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തുമ്പിക്കൈ പകുതി ചുരുട്ടിയ നിലയിലാണ് ആനയുടെ ജഡമുള്ളത്. ഇടതുവശത്തെ കൊമ്പ് പൊട്ടിപ്പോയ നിലയിലാണ്. മസ്തകത്തില്‍ മൂന്ന് വെടിയേറ്റ പാടുണ്ട്. ഇതില്‍ വലതു വശത്ത് ആഴത്തിലേറ്റ വെടിയാണ് മരണകാരണമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.
സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സ്ഥലമുടമ ഗോപാലകൃഷ്ണനാണ് ആന ചരിഞ്ഞത് ആദ്യം കണ്ടത്. ഇദ്ദേഹമാണ് വനംവകുപ്പിനെ വിവരമറിയിച്ചത്. ഇത് രണ്ടാം തവണയാണ് ചെതലയം റെയ്ഞ്ചില്‍ കാട്ടാന വെടിയേറ്റ് ചരിയുന്നത്. മൂന്നു മാസങ്ങള്‍ക്കു മുന്‍പ് പുല്‍പ്പള്ളി കാപ്പിക്കുന്നില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ കൊമ്പനാന വെടിയേറ്റ് ചരിഞ്ഞിരുന്നു. ഈ കേസില്‍ മൂന്നുപേര്‍ അറസ്റ്റിലായിരുന്നു. ആറുമാസം മുന്‍പ് കുപ്പാടിയില്‍ പിടിയാന വെടിയേറ്റ് ചരിഞ്ഞ സംഭവത്തില്‍ പ്രധാന പ്രതിയടക്കം മൂന്നുപേരുടെ അറസ്റ്റ് കഴിഞ്ഞ ദിവസമാണ് രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."