പൊലിസ് സ്റ്റേഷനുകളില്‍ പി.ആര്‍.ഒമാരെ നിയമിക്കുന്നു
തിരുവനന്തപുരം: പൊലിസ് സ്റ്റേഷനുകള്‍ കൂടുതല്‍ ജനസൗഹൃദപരമാക്കുന്നതിന്റെ ഭാഗമായി എല്ലാ സ്റ്റേഷനുകളിലും പബ്ലിക് റിലേഷന്‍സ് ഓഫിസര്‍മാരെ നിയമിക്കാന്‍ തീരുമാനം. പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ അന്വേഷിക്കുന്നതിനും പൊലിസ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും പി.ആര്‍.ഒമാരെ സമീപിക്കാം. സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍, എ.എസ്.ഐ റാങ്കിലുളള ആകര്‍ഷകമായ വ്യക്തിത്വമുളളവരെ ജില്ലാ പൊലിസ് മേധാവിമാര്‍ കണ്ടെത്തി സോഫ്റ്റ് സ്‌കില്‍ പരിശീലനം നല്‍കിയാണ് പി.ആര്‍.ഒമാരായി നിയമിക്കുന്നത്.
എല്ലാ ദിവസവും രാവിലെ എട്ടു മണിമുതല്‍ രാത്രി എട്ടു മണിവരെ ഇവര്‍ ഡ്യൂട്ടിയിലുണ്ടാകും. എല്ലാ സന്ദര്‍ശകരെയും സ്വീകരിച്ച് പരാതികള്‍ സ്വീകരിച്ച് രസീത് നല്‍കുന്നതും ഇവരുടെ ചുമതലയാണ്. കേസെടുക്കാവുന്ന കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ പി.ആര്‍.ഒ, എസ്.എച്ച്.ഒ ജി.ഡി ചാര്‍ജ് എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തണം.
സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും ആവശ്യമായ സഹായം നല്‍കേണ്ടതും ഇവരുടെ ചുമതലയാണ്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞയുടനെ കോപ്പി നല്‍കുക, വിവരാവകാശപ്രകാരവും സേവനാവകാശപ്രകാരവുമുള്ള സേവനങ്ങള്‍ കൃത്യസമയത്ത് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുക, സി.ആര്‍.പി.സി 55എ പ്രകാരം അറസ്റ്റുചെയ്ത വ്യക്തിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംബന്ധിച്ച ചുമതല നിര്‍വഹിക്കുക, ഇക്കാര്യത്തില്‍ വീഴ്ചകളുണ്ടെങ്കില്‍ എസ്.എച്ച്.ഒയുടെ ശ്രദ്ധയില്‍പ്പെടുത്തുക, പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ രജിസ്റ്റര്‍ തയാറാക്കുക, ശുചിത്വ മേല്‍നോട്ടം തുടങ്ങിയവയും ഇവരുടെ ചുമതലയാണ്.
മറ്റു ഡിപ്പാര്‍ട്ടുമെന്റുകളുമായുള്ള ബന്ധം സുദൃഢമാക്കുന്നതിനും സഹായിക്കുന്നതരത്തിലും പ്രവര്‍ത്തിക്കണം. സന്ദര്‍ശകര്‍ക്കും സ്റ്റേഷനിലെ മറ്റു ജീവനക്കാര്‍ക്കുമിടയിലുളള ഒരു പാലമായി പ്രവര്‍ത്തിക്കണമെന്നും സംസ്ഥാന പൊലിസ് മേധാവിയുടെ നിര്‍ദേശത്തില്‍ പറയുന്നു. എന്നാല്‍ പി.ആര്‍.ഒമാര്‍ അന്വേഷണത്തിലിടപെടുകയോ പരാതികള്‍ തീര്‍പ്പാക്കുകയോ ചെയ്യാന്‍ പാടില്ല. ജനമൈത്രി പൊലിസ്, സ്റ്റുഡന്റ് പൊലിസ് കേഡറ്റ് തുടങ്ങിയ പദ്ധതികള്‍ വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്നതിനുളള സഹായങ്ങള്‍ പി.ആര്‍.ഒമാര്‍ നല്‍കണം.
പൗരന്‍മാര്‍ക്ക് പൊലിസ് സ്റ്റേഷനില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി ലഭ്യമാക്കുക എന്നതാണ് പി.ആര്‍.ഒ സംവിധാനം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."