പണമില്ല, ഭാര്യയുടെ മൃതദേഹവുമായി മധ്യവയസ്‌കന്‍ ഉന്തുവണ്ടിയില്‍ സഞ്ചരിച്ചത് 60 കിലോമീറ്റര്‍
ഹൈദരാബാദ്: ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതിന്റെ പേരില്‍ യാചകനായ മധ്യവയസ്‌കന്‍ ഭാര്യയുടെ മൃതദേഹവുമായി ഉന്തുവണ്ടിയില്‍ സഞ്ചരിച്ചത് 60 കിലോമീറ്റര്‍. ആന്ധ്രാപ്രദേശിലെ ഹൈദരാബാദില്‍ നിന്നാണ് ഇത്തവണത്തെ ദയനീയ വാര്‍ത്ത പുറത്തുവന്നത്. ഇന്ത്യയ്ക്ക് വീണ്ടും നാണക്കേടുണ്ടാക്കിയ സംഭവം സോഷ്യല്‍ മീഡിയകളിലടക്കം ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്.
ഹൈദരാബാദ് സ്വദേശി രാമുലുവാണ് ഭാര്യ കവിതയുടെ മൃതദേഹം ഉന്തുവണ്ടിയില്‍ വഹിച്ച് 60 കി.മി ദൂരം സഞ്ചരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കവിത കുഷ്ഠരോഗം മൂലം ലിംകപള്ളി റെയില്‍വെസ്റ്റേഷനു സമീപം മരണപ്പെട്ടത്. ഇവിടെ നിന്നും ഹൈദരാബാദിനടുത്തുള്ള സ്വന്തം ഗ്രാമമായ ശങ്കറെഢിയിലേക്ക് മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് വിളിക്കാന്‍ രമുലയുടെ കൈയില്‍ പണമില്ലായിരുന്നു. തുടര്‍ന്നാണ് യാചകനായ ഇദ്ദേഹം സ്വന്തം ഉന്തുവണ്ടിയില്‍ മൃതദേഹവുമായി സഞ്ചാരം തുടങ്ങിയത്. യാത്രയിലുടനീളം കരഞ്ഞുകൊണ്ട് ഏറെ കഷ്ടപ്പെട്ടാണ് രാമുലു ഉന്തുവണ്ടി തള്ളിനീക്കിയത്.
വെള്ളിയാഴ്ച രാവിലെ പുറപ്പെട്ട രാമുല ശനിയാഴ്ച ഉച്ചയ്ക്കു ശേഷം 60 കി.മി ദൂരം താണ്ടി വിക്രാബാദിലെത്തി. സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പൊലിസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് പൊലിസ് നാട്ടുകാരുടെ സഹായത്താല്‍ ആംബുലന്‍സ് വിളിച്ച് മേധക് ജില്ലയിലെ ശങ്കര്‍റെഢിയിലേക്ക് മൃതദേഹം കൊണ്ടുപോവുകയുമായിരുന്നു. കുഷ്ഠരോഗം പിടിപെട്ട ഇരുവരും ഭിക്ഷയെടുത്താണ് ജീവിച്ചിരുന്നത്. ഭാര്യയുടെ അന്ത്യകര്‍മ്മങ്ങള്‍ സ്വന്തം ഗ്രാമത്തില്‍ നടത്താന്‍ വേണ്ടി തീരുമാനിച്ച രാമുല വാഹനത്തിനായി ചിലരെ ബന്ധപ്പെട്ടപ്പോള്‍ 5000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഇത്രയും പണമില്ലാത്തതിനാലാണ് അദ്ദേഹം ഉന്തുവണ്ടിയുമായി യാത്ര തിരിച്ചത്. കുഷ്ഠ രോഗം പിടിപെട്ടതിനാല്‍ ഇവരുടെ ബന്ധുക്കളും ഇവരെ കൈയൊഴിയുകയായിരുന്നു. മുന്‍പ് തെലങ്കാനയില്‍ പണമില്ലാത്തതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി കിലോമീറ്ററുകള്‍ നടന്നത് വലിയ വാര്‍ത്തയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."