വിധി നാളെ; കൂട്ടിക്കിഴിച്ച് മുന്നണികള്‍
ആലപ്പുഴ: ചൂണ്ടു വിരലില്‍ മഷിപ്പുരട്ടി ജനങ്ങള്‍ നടത്തിയ വിധിയെഴുത്ത് എന്തെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. പോളിങ് ബൂത്തിലേക്ക് മാര്‍ച്ച് ചെയ്ത് വോട്ടര്‍മാര്‍ നടത്തിയ വിധിയെഴുത്തിന്റെ കൂട്ടിക്കിഴിക്കലുകളിലായിരുന്നു ഇന്നലെ മുന്നണി നേതാക്കളും സ്ഥാനാര്‍ഥികളും. ജില്ലയിലെ ഒന്‍പത് മണ്ഡലങ്ങളില്‍ ഹരിപ്പാടൊഴികെ വിജയം ഉറപ്പെന്ന വിശ്വാസത്തിലാണ് ഇടതു ക്യാംപ്. യു.ഡി.എഫാകട്ടെ അഞ്ചിടത്തെങ്കിലും വിജയം പ്രതീക്ഷിക്കുന്നുണ്ട്. അരൂര്‍, ആലപ്പുഴ, അമ്പലപ്പുഴ, മാവേലിക്കര ഈസി വാക്കോവറാണ് എല്‍.ഡി.എഫ് പ്രതീക്ഷിക്കുന്നത്. ചേര്‍ത്തല, കായംകുളം എന്നിവിടങ്ങളില്‍ കടുത്ത മത്സരം നടന്നിരുന്നു. ഇവിടെയും വിജയം ഉറപ്പെന്ന് എല്‍.ഡി.എഫ് അവാശപ്പെടുന്നു. ത്രികോണ ചതുഷ്‌കോണ മത്സരങ്ങള്‍ നടന്ന കുട്ടനാട്, ചെങ്ങന്നൂര്‍ മണ്ഡലങ്ങളില്‍ അട്ടിമറി സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ഹരിപ്പാട് മാത്രമാണ് യു.ഡി.എഫ് ഈസി വാക്കോവര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഹരിപ്പാടും ശക്തമായ പോരാട്ടം കാഴ്ചവെയ്ക്കാനായെന്നും അട്ടിമറി ഉറപ്പാണെന്നും എല്‍.ഡി.എഫ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. ഹരിപ്പാടിന് പുറമേ ചേര്‍ത്തല, ചെങ്ങന്നൂര്‍, കായംകുളം, അമ്പലപ്പുഴ മണ്ഡലങ്ങളില്‍ വിജയ പ്രതീക്ഷയിലാണ് യു.ഡി.എഫ്. അരൂരും യു.ഡി.എഫ് അട്ടിമറി പ്രതീക്ഷിക്കുന്നുണ്ട്. ചെങ്ങന്നൂരും കുട്ടനാടും അട്ടിമറി പ്രതീക്ഷയിലാണ് എന്‍.ഡി.എ. അരൂരില്‍ സിറ്റിങ് എം.എല്‍.എ എ.എം ആരിഫ്, ചേര്‍ത്തലയില്‍ പി തിലോത്തമന്‍, ആലപ്പുഴയില്‍ ഡോ. തോമസ് ഐസക്ക്, അമ്പലപ്പുഴയില്‍ ജി സുധാകരന്‍, കുട്ടനാട്ടില്‍ തോമസ് ചാണ്ടി, ചെങ്ങന്നൂരില്‍ കെ.കെ രാമചന്ദ്രന്‍ നായര്‍, മാവേലിക്കരയില്‍ ആര്‍ രാജേഷ്, കായംകുളത്ത് എം ലിജു, ഹരിപ്പാട് രമേശ് ചെന്നിത്തല എന്നിവര്‍ വിജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചങ്ങള്‍. എന്നാല്‍, വോട്ടര്‍മാരുടെ എണ്ണം കൂടിയിട്ടും ജില്ലയില്‍ നേരിയ വര്‍ധനവ് മാത്രമാണ് പോളിങ് ശതമാനത്തില്‍ ഉണ്ടായത്. 79.88 ശതമാനം.
ചേര്‍ത്തലയിലാണ് കൂടുതല്‍ പോളിങ്. 86.03 ശതമാനം പേര്‍ ഇവിടെ വോട്ടു ചെയ്തു. 74.36 പോളിങ് രേഖപ്പെടുത്തിയ ചെങ്ങന്നൂരിലാണ് ഇത്തവണയും കുറവ് പോളിങ് രേഖപ്പെടുത്തിയത്. ആലപ്പുഴ മണ്ഡലത്തില്‍ മാത്രമാണ് കഴിഞ്ഞ തവണയെ അപേക്ഷിച്ച് നേരിയ കുറവ് പോളിങ് ശതമാനത്തില്‍ ജില്ലയില്‍ ഉണ്ടായത്. ത്രികോണ മത്സരം നടന്ന കുട്ടനാടും നേരിയ വര്‍ധനവേ പോളിങ് ശതമാനത്തില്‍ ദൃശ്യമായുള്ളു. ബി.ഡി.ജെ.എസിന്റെ കടന്നു വരവിലും കാര്യമായ വര്‍ധന പോളിങ് ശതമാനത്തില്‍ ഉണ്ടാവാത്തത് മുന്നണികളെ ആശങ്കപ്പെടുത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."