ഉഷയുടെ ശിഷ്യര്‍ കേരളം വിടില്ല; ദേശീയ ജൂനിയര്‍ മീറ്റില്‍ നിന്നു പിന്‍മാറി
ആലപ്പുഴ: പി.ടി ഉഷയും അത്‌ലറ്റിക്ക് അസോസിയേഷനും തമ്മിലുള്ള ശീത സമരത്തിനൊടുവില്‍ ഉഷ സ്‌കൂളിലെ മൂന്നു രാജ്യാന്തര താരങ്ങളും ദേശീയ ജൂനിയര്‍ മീറ്റില്‍ പങ്കെടുക്കേണ്ടതില്ലെന്നു തീരുമാനിച്ചു. യോഗ്യത നേടാനാകാതെ പോയ ജിസ്‌ന മാത്യുവിനും, അബിത മേരി മാനുവലിനും പുറമേ കേരളാ ടീമില്‍ ഇടം നേടിയ ഷഹര്‍ബാന സിദ്ദീഖുമാണ് ഇത്തവണ ജൂനിയര്‍ മീറ്റിന്റെ ട്രാക്ക് വേണ്ടെന്നു വച്ചത്. കേരളം എന്‍ട്രി നല്‍കാതെ വന്നതോടെ ദേശീയ അത്‌ലറ്റിക്ക് ഫെഡറേഷന്റെയോ ഗുജറാത്തിന്റെയോ ബാനറില്‍ മത്സരത്തിനു ഇറങ്ങുമെന്ന് ഒരുഘട്ടത്തില്‍ പി.ടി ഉഷ സൂചന നല്‍കിയിരുന്നു. എന്നാല്‍, ഈ സീസണില്‍ ഇനി ഏഷ്യന്‍, ലോക മീറ്റുകളൊന്നും ഇല്ലെന്ന് വന്നതോടെയാണ് ജൂനിയര്‍ മീറ്റില്‍ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്തിയത്. എറണാകുളത്തു നടന്ന സംസ്ഥാന മീറ്റില്‍ പങ്കെടുത്ത് യോഗ്യത നേടാന്‍ മൂവരും പങ്കെടുത്തിരുന്നില്ല. ദേശീയ താരങ്ങളായ മൂവരെയും നേരിട്ടു ടീമില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ഉഷയുടെ ആവശ്യം. എന്നാല്‍ ഉഷയുടെ അപേക്ഷ തള്ളിയ സംസ്ഥാന അത്‌ലറ്റിക്ക് അസോസിയേഷന്‍ അണ്ടര്‍ 20 ജൂനിയര്‍ വനിതകളുടെ 400 മീറ്ററില്‍ മത്സരിക്കാന്‍ ഷഹര്‍ബാനയെ മാത്രം ടീമില്‍ ഉള്‍പ്പെടുത്തി മറ്റുള്ളവരെ ഒഴിവാക്കി. രാജ്യാന്തര താരങ്ങളായ രണ്ടു പേരെ ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ഷഹര്‍ബാനയെ കൂടി പി.ടി ഉഷ പിന്‍വലിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം അത്‌ലറ്റിക്ക് അസോസിയേഷനു ഉഷ സ്‌കൂള്‍ അധികൃതര്‍ കത്തയച്ചിരുന്നു. ഷഹര്‍ബാന പിന്‍മാറിയെങ്കിലും പകരം ആരെയും ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് അത്‌ലറ്റിക്ക് അസോസിയേഷനും തീരുമാനിച്ചു.
ഷഹര്‍ബാന പിന്‍മാറിയെങ്കിലും ദേശീയ ജൂനിയര്‍ മീറ്റിനു യോഗ്യത നേടിയ ഉഷ സ്‌കൂളിലെ മറ്റു താരങ്ങളായ എല്‍ഗ തോമസ് (അണ്ടര്‍ 14 - 100 മീറ്റര്‍), സൂര്യമോള്‍ ടി (അണ്ടര്‍ 16 - 200,400 മീറ്റര്‍), ആദിത്യ കെ.ടി (അണ്ടര്‍ 16- 400 മീറ്റര്‍), അതുല്യ ഉദയന്‍ (അണ്ടര്‍ 16- 800 മീറ്റര്‍) എന്നിവര്‍ കേരളത്തിനായി ട്രാക്കിലിറങ്ങും. പി.ടി ഉഷയും അത്‌ലറ്റിക്ക് അസോസിയേഷനും തമ്മിലുണ്ടായ ഭിന്നത കേരളത്തിന്റെ മികച്ച മൂന്ന് താരങ്ങളെയാണ് ജൂനിയര്‍ മീറ്റിന്റെ ട്രാക്കില്‍ നിന്നു പുറത്തു നിര്‍ത്തുന്നത്. ദേശീയ ജൂനിയര്‍ മീറ്റില്‍ നിന്നു പിന്‍മാറിയ മൂന്നു താരങ്ങളും റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മേളയില്‍ ഇറങ്ങുമോയെന്നതാണ് ഇനി അറിയാനുള്ളത്. റവന്യൂ ജില്ല കായിക മേളയും സംസ്ഥാന സ്‌കൂള്‍ മീറ്റും ലക്ഷ്യമിട്ട് നിരവധി മികച്ച താരങ്ങളെ പരിശീലകര്‍ ജൂനിയര്‍ മീറ്റില്‍ പങ്കെടുപ്പിച്ചിരുന്നില്ല.
ദേശീയ ജൂനിയര്‍ മീറ്റിനുള്ള കേരള ടീമിന്റെ പരിശീലന ക്യാംപ് ഇന്നലെ പാലക്കാട് റെയില്‍വേ മൈതാനത്ത് ആരംഭിച്ചു. റവന്യൂ ജില്ലാ സ്‌കൂള്‍ മീറ്റുകള്‍ ആരംഭിച്ചതോടെ നിരവധി താരങ്ങള്‍ ക്യാംപില്‍ എത്തിയിട്ടില്ല. എട്ടിനു മാത്രമേ താരങ്ങള്‍ പൂര്‍ണമായും ക്യാംപിലെത്തൂ. പരിശീലനം പൂര്‍ത്തിയാക്കി ഒന്‍പതിന് കേരള ടീം കോയമ്പത്തൂരിലേക്ക് പോകും. 10 മുതല്‍ 14 വരെയാണ് ദേശീയ ജൂനിയര്‍ അത്‌ലറ്റിക്ക് മീറ്റ് കോയമ്പത്തൂരില്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."