പുതുയുഗ പിറവിയുടെ നാന്ദി
ദോഹ: എ.എഫ്.സി കപ്പ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ക്ലബ്ബ് എന്ന ബഹുമതി ചുണ്ടിനും കപ്പിനും ഇടയില്‍ നഷ്ടപ്പെട്ടെങ്കിലും ബംഗളൂരു എഫ്.സി അഭിമാനത്തോടെ തലയുയര്‍ത്തി തന്നെയാണ് ദോഹയിലെ മൈതാനത്തു നിന്നു മടങ്ങുന്നത്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്ര താളുകളില്‍ തങ്ക ലിപികളിലാണ് ആ പേര് ഇനി തിളങ്ങുക. മൂന്നു വര്‍ഷം കൊണ്ട് രണ്ട് ഐ ലീഗ് കിരീടങ്ങളും ഒരു ഫെഡറേഷന്‍ കപ്പും സ്വന്തമാക്കിയ ടീം ഇതാ ഏഷ്യയിലെ രണ്ടാമത്തെ വലിയ ടൂര്‍ണമെന്റായ എ.എഫ്.സി കപ്പിന്റെ ഫൈനലിലും എത്തിയിരിക്കുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഇന്ത്യന്‍ ക്ലബാണ് ബംഗളൂരു.
പരാജയപ്പെട്ടെങ്കിലും ബംഗളൂരു ടീം ഇന്ത്യന്‍ ഫുട്‌ബോളില്‍ സൃഷ്ടിക്കുന്ന മാറ്റം ചെറുതായിരിക്കില്ല. മത്സര ശേഷം ബംഗളൂരു പരിശീലകന്‍ ആല്‍ബര്‍ട്ട് റോക്ക അക്കാര്യം പറയുകയും ചെയ്തു. തന്റെ ടീം മികച്ച പ്രകടനം തന്നെ പുറത്തെടുത്തതായും കഴിവിന്റെ പരമാവധി മൈതാനത്തു ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു. ഫൈനല്‍ പ്രവേശം ഇന്ത്യന്‍ ഫുട്‌ബോളിന്റെ പുതിയ യുഗത്തിന്റെ ആരംഭമാണ്. വലിയ എതിരാളികള്‍ക്കെതിരേ മത്സരിച്ചു പരിചയമില്ലാത്ത ടീമാണ് ബംഗളൂരു. ഈ മത്സരത്തില്‍ നിന്നു പഠിച്ച പാഠങ്ങള്‍ ഭാവിയെ കരുപിടിപ്പിക്കാന്‍ ഉപകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അടുത്ത സീസണില്‍ കൂടുതല്‍ കരുത്തോടെ തിരിച്ചെത്തുമെന്നും റോക്ക ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എ.എഫ്.സി കപ്പ് ഫൈനലില്‍ ചരിത്ര വിജയം പ്രതീക്ഷിച്ച ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികളെ നിരശരാക്കിയാണ് ബംഗളൂരു എതിരില്ലാത്ത ഒരു ഗോളിനു ഇറാഖ് എയര്‍ഫോഴ്‌സ് ടീം അല്‍ ഖ്വവ അല്‍ ജാവിയക്ക് മുന്നില്‍ മുട്ടുമടക്കിയത്. ഇറാഖ് ടീമിന്റെ ഹമദി അഹമ്മദാണ് വിജയ ഗോള്‍ നേടിയത്. ആദ്യമായി എ.എഫ്.സി കപ്പ് നേടുന്ന ഇറാഖി ക്ലബ് എന്ന ബഹുമതി അല്‍ ഖ്വവ അല്‍ ജാവിയ ടീം സ്വന്തമാക്കി. എ.എഫ്.സി ഫൈനലില്‍ എത്തുന്ന രണ്ടാമത്തെ ഇറാഖി ക്ലബാണ് എയര്‍ ഫോഴ്‌സ് ടീം. തുടക്കം മുതല്‍ ഒടുക്കം വരെ തികഞ്ഞ ആധിപത്യം പുലര്‍ത്തിയ ഇറാഖ് ക്ലബ് അര്‍ഹിച്ച വിജയം തന്നെയാണ് നേടിയത്. സുനില്‍ ഛേത്രി നടത്തിയ ചില മുന്നേറ്റങ്ങളൊഴിച്ചാല്‍ കളിയുടെ ഭൂരിഭാഗം സമയവും പന്ത് എതിരാളിയുടെ കാലിലായിരുന്നു. ഗാലറിയുടെ നിറഞ്ഞ പിന്തുണയുണ്ടായിട്ടും ബംഗളൂരു ടീമിനു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ഇരു ടീമുകളുടെയും മധ്യ നിര തികഞ്ഞ പരാജയമായിരുന്നു.
പരാജയം അവസാനമല്ല എന്ന വാചകം ഓര്‍ത്തു തന്നെ പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം. ഐ.എസ്.എല്ലും വടക്കു- കിഴക്കന്‍ മേഖലകളിലെ ഫുട്‌ബോള്‍ വിപ്ലവവും അതിന്റെ ചുവടുപിടിച്ചുള്ള ബംഗളൂരു ടീമിന്റെ വരവും ഇപ്പോള്‍ അവര്‍ നേടിയ ഫൈനല്‍ പ്രവേശവും എല്ലാം രാജ്യത്തെ ഫുട്‌ബോളിനാണ് നേട്ടം സമ്മാനിക്കുന്നതു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. റോക്ക സൂചിപ്പിച്ചതു പോലെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ പുതുയുഗ പിറവിയുടെ നാന്ദിയായി ഈ തോല്‍വി മാറിയാല്‍ പോലും ഒട്ടും അത്ഭുതപ്പെടേണ്ടതില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."