സംഘര്‍ഷം നടക്കുന്ന യമന്‍-സഊദി അതിര്‍ത്തിയില്‍ 45 ഇന്ത്യക്കാര്‍ കുടുങ്ങികിടക്കുന്നതായി വെളിപ്പെടുത്തല്‍
റിയാദ്: സംഘര്‍ഷം നടക്കുന്ന സഊദി-യമന്‍ അതിര്‍ത്തി പ്രദേശത്ത് മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ കുടുങ്ങി കിടക്കുന്നതായി ഇവിടെ നിന്നും രക്ഷപ്പെട്ടെത്തിയ മലയാളികള്‍ വ്യക്തമാക്കി. 14 മാസമായി ശമ്പളമില്ലാതെ 45 ഇന്ത്യക്കാരാണ് ഇവിടെ ദുരിത ജീവിതം നയിക്കുന്നത്. ഒരു ഭാഗത്ത് ഹൂതികളുടെ ഷെല്‍ ആക്രമണ ഭീഷണിയും മറുഭാഗത്ത് തങ്ങളുടെ പലരുടെയും താമസ രേഖ കാലാവധി കഴിഞ്ഞതും സ്ഥിതി ഗതികള്‍ രൂക്ഷമാക്കിയെന്ന് ഇവിടെ നിന്നും രക്ഷപ്പെട്ട് റിയാദിലെത്തിയ കൊല്ലം പാരിപ്പളളി സുനില്‍ നിവാസില്‍ സനോജ് മോഹനന്‍ (31), തിരുവനന്തപുരം മുതുവിള പരപ്പില്‍ ബിജു ഭവനില്‍ റിജു രാജന്‍ ബാബു (43) എന്നിവര്‍ വ്യക്തമാക്കി.
നജ്‌റാനില്‍ നിന്ന് 850 കിലോമീറ്റര്‍ ഉള്‍പ്രദേശത്ത് അല്‍ഖര്‍ഹീറിലാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നത്
മരുഭൂമിയിലൂടെ പുതുതായി തുറന്ന റോഡ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടവരാണിവര്‍. ബിന്‍ലാദന്‍ കമ്പനിയുടെ തൊഴില്‍ വിസയിലെത്തിയ തൊഴിലാളികളെ പിന്നീട് ദുബൈ ആസ്ഥാനമായ സബ് കോണ്‍ട്രാക്ടിങ് കമ്പനിയുടെ കീഴിലേക്ക് സ്‌പോണ്‍സര്‍ഷിപ് മാറ്റുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. തൊഴിലാളികളുടെ അനുമതിയില്ലാതെയാണ് സ്‌പോണ്‍സര്‍ഷിപ് മാറ്റിയതെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്.
തൊഴിലാളികളുടെ ഇഖാമ കാലാവധി കഴിഞ്ഞതിനാല്‍ ഇന്‍ഷൂറന്‍സ് കാര്‍ഡ് പരിരക്ഷ ഇല്ലാത്തതിനാല്‍ ചികിത്സയും ലഭ്യമല്ല. ഇതിനിടെ നെഞ്ചുവേദനയെ തുടര്‍ന്ന് പലതവണ ആസ്പത്രിയില്‍ പോകണമെന്ന് ആവശ്യപ്പെട്ട പഞ്ചാബ് സ്വദേശി രജ്ഞിത് സിംഗ് ചികിത്സ ലഭിക്കാതെ മരണത്തിനും വിധേയമായി. രണ്ടുമാസമായി മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സര്‍വേയറായി ജോലി ചെയ്തിരുന്ന എറണാകുളം വൈപ്പിന്‍ അഞ്ചരശേരി മണി ശരത് (31) ടൈഫോയിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. കമ്പനി എക്‌സിറ്റ് അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് നാട്ടില്‍ നിന്ന് പണം വരുത്തി ഇഖാമ പുതുക്കി എക്‌സിറ്റ് നേടിയാണ് ചികിത്സക്കായി കേരളത്തിലേക്ക് പോയത്. ഇയാള്‍ക്ക് 85,000 റിയാല്‍ ശമ്പളം കുടിശ്ശികയുണ്ട്.
ഇതിനിടെ, ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കുകയും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ട്വിറ്റര്‍ സന്ദേശവും അയച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയും കൈകൊണ്ടിട്ടില്ലെന്നും തൊഴിലാളികള്‍ ആരോപിച്ചു. സുരക്ഷിതമായ താമസ സൗകര്യവും ഭക്ഷണവും ടെലിഫോണ്‍ സൗകര്യവുമില്ലാത്ത സ്ഥലത്താണ് തൊഴിലാളികള്‍ കുടുങ്ങിയിരിക്കുന്നത്.
ഹൂതികളുടെ ഷെല്‍ ആക്രമണം നേരിട്ട സംഭവങ്ങള്‍ ഭീതിയോടെയാണ് ഇവര്‍ ഓര്‍ക്കുന്നത്. ജോലി സ്ഥലത്തേക്കുളള യാത്രാ വേളയില്‍ പലതവണ സൈന്യം സുരക്ഷ മുന്‍നിര്‍ത്തി മടക്കി അയച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ആഭ്യന്തര മന്ത്രാലയം ഇഖാമക്ക് പുറമെ പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇഖാമയും പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡും കാലാവധി കഴിഞ്ഞതിനാല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണിവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."