വോട്ട് വിവാദത്തെ കുറിച്ച് വിശദീകരണവുമായി ജി സുധാകരന്‍
ആലപ്പുഴ: വി.എസിന്റെ വോട്ട് വിവാദം ചില മാധ്യമ സുഹൃത്തുക്കളും രാഷ്ട്രീയ ശത്രുക്കളും ചേര്‍ന്നുണ്ടാക്കിയ ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്ന് ജി.സുധാകരന്‍.
ചിലര്‍ സംവിധാനം ചെയ്തു പോലീസ് ആക്ഷന്‍ ഹീറോ ആയും ജില്ലാ കലക്ടര്‍ മാപ്പുസാക്ഷിയായും അഭിനയിച്ച ഈ നാടകത്തെ കുറിച്ചല്‍പ്പം പറയുകയാണ്.സഖാവ് വീയെസ്സും കുടുംബവും വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ ഞാനും ഉണ്ടായിരുന്നു കൂടെ. എന്നാല്‍ സഖാവോ വസുമതി സിസ്റ്ററോ വോട്ട് ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുമില്ല, നോക്കിയിട്ടുമില്ല. കാരണം എനിക്ക് നിയമം അറിയാം ധാര്‍മികത എന്തെന്നും അറിയാം.
സംഭവിച്ചത് ഇതാണ്, സഖാവ് വീയെസ് വോട്ട് ചെയ്യാന്‍ അല്‍പ്പം താമസിച്ചു. അതെന്താണെന്നറിയാന്‍ മുന്നോട്ടു നീങ്ങി ഞാന്‍ നോക്കി. വീയെസ് അപ്പോള്‍ വോട്ട് ചെയ്തിട്ടുണ്ടായിരുന്നില്ല.
തുടര്‍ന്ന് ഞാന്‍ പിന്നോട്ട് നീങ്ങുകയും തുടര്‍ന്ന് വി.എസ് വോട്ട് ചെയ്യുകയുമായിരുന്നു. മകന്‍ മാത്രമേ ആ സമയത്ത് അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നുള്ളൂ. നിയമം അറിയാവുന്നതിനാല്‍ ഞാന്‍ വോട്ടിംഗ് യന്ത്രത്തിലേക്ക് വോട്ടു ചെയ്യുന്ന സമയത്ത് നോക്കിയിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. മാധ്യമങ്ങള്‍ എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളില്‍ പോലും ഇത് വ്യക്തമാണ്.
തുടര്‍ന്ന് ശ്രീമതി വസുമതി സിസ്റ്റര്‍ വോട്ടു ചെയ്യാന്‍ വന്നപ്പോള്‍ പല തവണ യന്ത്രത്തില്‍ അമര്‍ത്തിയെങ്കിലും ബീപ് ശബ്ദം വന്നില്ല. കാരണം തിരക്കി ഞാന്‍ മുന്നോട്ടു നീങ്ങുകയും, യന്ത്രത്തിലേക്കുള്ള കണക്ഷന്‍ കട്ട് ആയതാണെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞതോടെ പിന്നോട്ട് മാറുകയും ചെയ്തു. വസുമതി സിസ്റ്റര്‍ അതിനു ശേഷം അവരുടെ വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.
ഈ സമയത്ത് മുഴുവന്‍ അവിടെ ഉണ്ടായിരുന്ന പ്രിസൈഡിംഗ് ഓഫീസറോ, യു.ഡി.എഫ് ബി.ജെ.പി ഇലക്ഷന്‍ പ്രതിനിധികളോ ഒരുവിധ പരാതിയും ഉന്നയിച്ചിട്ടില്ലെന്നു മാത്രമല്ല ഈ സംഭവങ്ങളുടെ മുഴുവന്‍ ദൃക് സാക്ഷികളും ആണ്. ഇവിടെ സഖാവ് വീയെസ്സിനൊ കുടുംബത്തിനോ യാതൊരു പരാതിയുമില്ല.
ഈ വാര്‍ത്തക്ക് പിന്നില്‍ ഭരണകൂടത്തിന്റെ സഹായത്തോടെ ചില മാധ്യമ സുഹൃത്തുക്കള്‍ വിഷ്വലുകള്‍ എഡിറ്റ് ചെയ്തു സെന്‍സേഷണല്‍ വാര്‍ത്ത സൃഷ്ട്ടിച്ചു എന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടത്തിയതെന്നും ജി. സുധാകരന്‍ ആരോപിച്ചു.
പ്രശ്‌നത്തില്‍', പ്രിസൈഡിംഗ് ഉദ്യോഗസ്ഥന്റെ വിലക്കുകള്‍ മറികടന്നു ബൂത്തിലേക്ക് രണ്ടു ഡസനോളം മാധ്യമ പ്രവര്‍ത്തകരെ കാമറ സഹിതം പ്രവേശിപ്പിക്കുകയും കൂടെ 100ഓളം ആളുകളെയും പോലീസ് കയറ്റിവിടുകയും ചെയ്തു, ഇതില്‍ എന്ത് നടപടിയാണുണ്ടാകാന്‍ പോകുന്നതെന്നും സുധാകരന്‍ ചോദിച്ചു.
താനും ഒരു നിയമ ബിരുദധാരിയാണ്, വോട്ടിന്റെ രഹസ്യ സ്വാഭാവത്തിനു ഭംഗം വരുന്നതായി തോന്നിയാല്‍ പരാതിപ്പെടേണ്ടത് വോട്ടറാണ്. വോട്ടര്‍ക്കു പരാതി ഇല്ലാത്ത ഈ സംഭവത്തില്‍ (കാരണം വോട്ടിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടാത്തതിനാല്‍) എന്ത് നിയമപ്രശ്‌നമാണ് ഉദിക്കുന്നതെന്നറിയാന്‍ കൗതുകമുണ്ട്.
മാധ്യമ സുഹൃത്തുക്കള്‍ ജനാധിപത്യത്തിന്റെ നാലാം തൂണായി നില്‍ക്കണമെന്നും മീഡിയാ എത്തിക്ക്‌സിനെ കുറിച്ച് നന്നായി പഠിക്കണമെന്നും ജി.സുധാകരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."