പത്തുവര്‍ഷം ഈട് നില്‍ക്കുന്ന റോഡുകള്‍ നിര്‍മിക്കും: മന്ത്രി ജി സുധാകരന്‍
ആലപ്പുഴ: എട്ടുമുതല്‍ 10 വര്‍ഷം വരെ ഈടുനില്‍ക്കുന്ന വിധത്തിലുള്ള റോഡുകളാണ് സര്‍ക്കാര്‍ ഇനി നിര്‍മ്മിക്കുകയെന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായ വിതരണവും പ്രകൃതിക്ഷോഭത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള സഹായ വിതരണവും പുന്നപ്ര വടക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കയറ്റുപാ, റബ്ബര്‍, പ്ലാസ്റ്റിക്ക് എന്നിവ ഉപയോഗിച്ച് പുതിയ സാങ്കേതിക വിദ്യയിലായിരിക്കും നിര്‍മാണം നടത്തുക. അമ്പലപ്പുഴതിരുവല്ല റോഡ് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച മികച്ച രീതിയില്‍ നിര്‍മ്മിക്കും. 22 കിലോമീറ്റര്‍ റോഡിനായി 68 കോടി രൂപയാണ് ചെലവഴിക്കുകയെന്ന് മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ചികിത്സാ ധനസഹായമായി 68 പേര്‍ക്ക് 12,78,000 രൂപയും പ്രകൃതി ക്ഷോഭത്തില്‍ നാശനഷ്ടം സംഭവിച്ച 98 പേര്‍ക്ക് 13,81,823 രൂപയും സര്‍ക്കാര്‍ അനുവദിച്ചു. ഇന്നലെ നടന്ന ചടങ്ങില്‍ 166 പേര്‍ക്ക് 26,59,823 രൂപയാണ് വിതരണം ചെയ്തത്. ഇതില്‍ ആറ് പേര്‍ക്ക് ഒരുലക്ഷം രൂപവീതം കടല്‍ക്ഷോഭത്തില്‍ വള്ളവും വലയും നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് നല്‍കുന്ന തുകയാണ്. വാഹനാപകടത്തില്‍ മരിച്ചവരുടെ ആശ്രിതരായ രണ്ടു കുടുംബങ്ങള്‍ക്ക് ഇതോടൊപ്പം ഓരോ ലക്ഷം രൂപ നല്‍കി. പ്രകൃതി ക്ഷോഭത്തില്‍ നാശനഷ്ടം സംഭവിച്ച നാലുപേര്‍ക്ക് 50,000 രൂപയ്ക്ക് മുകളില്‍ ധനസഹായം നല്‍കി.കഞ്ഞിപ്പാടം വിഷ്ണുനിവാസില്‍ റ്റി.എസ്.സുധ, വണ്ടാനം കോച്ചാപ്പിശ്ശേരില്‍ ലീലമ്മ, പനേടംതറ ദേവദാസ്, സതീഷ് പുതുവല്‍, സന്തോഷ് പുതുവല്‍, ആഞ്ഞിലിപ്പറമ്പ പ്രസാദ്, ജോഷി പുളിംപറമ്പ്, ആന്റണി ഈലിപ്പറമ്പ് എന്നിവര്‍ക്കാണ് ഓരോ ലക്ഷം രൂപ മന്ത്രി കൈമാറിയത്. പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുവര്‍ണ പി.ആധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിയ്ക്കല്‍, പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത്, വി.കെ. വിശ്വനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."