ദേശീയപാതയോരത്ത് വെള്ളക്കെട്ട് രൂക്ഷം; യാത്രക്കാര്‍ ദുരിതത്തില്‍
അരൂര്‍: വേനല്‍മഴ ശക്തമായതോടെ ദേശീയപാതയോരത്തും തീരപ്രദേശത്തും വെള്ളക്കെട്ട് രൂക്ഷമായി. ദേശീയപാതയില്‍ അരൂര്‍ പുത്തനങ്ങാടിക്ക് സമീപം, അരൂര്‍ ആഞ്ഞിലിക്കാട് റോഡ് തുടങ്ങുന്ന പ്രദേശം, ചന്തിരൂര്‍ മേഴ്‌സി സ്‌കൂളിന് സമീപം, ചന്തിരൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രദേശം എന്നിവിടങ്ങളില്‍ മഴ വെളളം കെട്ടികിടന്നത് കാല്‍നടയാത്രികര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടാകുന്നു. ഈ പ്രദേശങ്ങളില്‍ വെള്ളം ഒഴുകിപോകുന്നതിന് മാര്‍ഗമില്ലാത്തതാണ് വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണം.
മുമ്പ് മഴവെള്ളം ഒഴുകിപോയിരുന്ന തോടുകള്‍ നികത്തുകയും ഓടകള്‍ മാലിന്യം നിറഞ്ഞ് അടഞ്ഞതുമാണ് വെള്ളക്കെട്ട് രൂക്ഷമാകാന്‍ കാരണം. കെട്ടികിടക്കുന്ന വെള്ളം സമീപസ്ഥലത്തേക്ക് ഒഴുക്കിവിടുന്നതിന് സമ്മതിക്കാത്തതും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയാതെ വരുന്നു. ചന്തിരൂര്‍ ഹയര്‍സെക്കണ്ടറി സ്‌കുളിനുസമീപമുണ്ടായ വെള്ളക്കെട്ടില്‍നിന്ന് മാറി നടന്ന കാല്‍നടയാത്രികരായ രണ്ട് പേര്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു.
ദേശീയപാത നാലുവരിയാക്കുന്നതിന് മുന്‍പ് വെള്ളക്കെട്ട് മാറ്റുന്നതിനായി മഴക്കാലത്ത് പ്രത്യേകം ജീവനക്കാരെ നിയോഗിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ സംവിധാനം ഇല്ല. വെള്ളക്കെട്ട് രൂക്ഷമായതോടെ ദേശീയപാതയോരത്ത് കാന വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഈ ആവശ്യം പരിഗണിച്ച് ചന്തിരൂര്‍ പാലം മുതല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വരെ കാന നിര്‍മ്മിച്ചുവെങ്കിലും ശരിയായരീതിയില്‍ ഒഴുക്ക് ഇല്ലാത്തതിനാല്‍
അഴുക്ക് കലര്‍ന്ന വെള്ളം കെട്ടികിടന്ന് മലിനമായികൊണ്ടിരിക്കുകയാണ്. പകര്‍ച്ചവ്യാധി പടരാതിക്കാന്‍ മുന്‍കരുതലെന്ന നിലയില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശാനുസരണം കാന ശുദ്ധീകരിക്കുമെങ്കിലും അത് ഫലപ്രദമല്ല.
കാലവര്‍ഷം ആരംഭിക്കുന്നതോടെ തീരപ്രദേശങ്ങളിലുള്ളവരുടെ ജീവിതം ദുസഹമാകും. ബ്ലോക്ക് പഞ്ചായത്തിന്റെ നിര്‍ദ്ദേശാനുസരണം ഇറിഗേഷന്‍ വകുപ്പ് തീരപ്രദേശങ്ങളില്‍ കരിങ്കല്ല് കെട്ടിയിരുന്നുവെങ്കിലും കുറച്ച് നാളുകളായി കല്ലുകെട്ട് നടക്കുന്നില്ല. അടിക്കടിയുണ്ടാകുന്ന വേലിയേറ്റവും വേലിയിറക്കവും തീരപ്രദേശം ഒഴുകിപോകുന്നതിനുവരെ കാരണമാകുന്നു. കായലില്‍നിന്ന് അടിച്ചുകയറുന്ന വെള്ളം തീരദേശത്തെ കുടിലുകളില്‍ കയറുന്നതുമൂലം ആഹാരം പാകം ചെയ്യാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. തൊഴിലുമായി ബന്ധപ്പെട്ട് ഇവിടെനിന്ന് മാറി താമസിക്കാന്‍ കഴിയാതെ തീരപ്രദേശത്തുതന്നെ താമസിക്കുന്ന ഇവര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."