കലക്ടറേറ്റ് ചേംബര്‍ സ്മാര്‍ട് ക്ലാസ് റൂം: അധ്യാപകനായി കലക്ടറും
കണ്ണൂര്‍: ജില്ലാകലക്ടറുടെ ചേംബര്‍ അരമണിക്കൂര്‍ സ്മാര്‍ട് ക്ലാസ് മുറിയായി. ആറളം ഫാം ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളോട് സ്‌കൂള്‍ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പഠിച്ച കാര്യങ്ങള്‍ ആരാഞ്ഞു. രാപ്പകലുകളും ഋതുക്കളും മാറിവരുന്നതിന്റെ കാരണമെന്തെന്ന് ഓണ്‍ലൈന്‍ വീഡിയോയുടെ സഹായത്തോടെ ജില്ലാ കലക്ടര്‍ പഠിപ്പിച്ചപ്പോള്‍ ആറളം ഫാമില്‍ നിന്നെത്തിയ വിദ്യാര്‍ഥികളുടെ കണ്ണുകളില്‍ കൗതുകം നിറഞ്ഞു. ജില്ലാ കലക്ടറോടൊപ്പം 30 ഓളം കുട്ടികളാണ് ഒരു ഏകദിന ടൂറില്‍ പങ്കെടുത്തത്. ഇന്നേവരെ കാണാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത ലൈറ്റ് ഹൗസ്, സിവില്‍ സ്റ്റേഷന്‍, ഷോപ്പിംഗ് മാള്‍, വിസ്മയ പാര്‍ക്ക് എന്നിവിടങ്ങളില്‍ കളിയും ചിരിയും പഠനവുമൊക്കെയായി വിദ്യാര്‍ഥികള്‍ ശരിക്കും ആഘോഷിച്ചു. ആറളം ഫാം സ്‌കൂളിലെ കുട്ടികളിലേറെയും ക്ലാസ്സുകളിലെത്തുന്നില്ലെന്നു മനസ്സിലാക്കിയ ജില്ലാ കലക്ടര്‍ കഴിഞ്ഞ രണ്ടുമാസമായി ഇവിടത്തെ ഹാജര്‍ നില നിരീക്ഷിച്ചുവരികയായിരുന്നു. എല്ലാ പ്രവൃത്തി ദിവസവും പത്തരയോടെ സ്‌കൂളിലെ ഹാജര്‍നില കലക്ടറുടെ വാട്ട്‌സാപ്പിലെത്തും. അങ്ങനെയാണ് 90 ശതമാനത്തിലേറെ ഹാജര്‍നിലയുള്ള കുട്ടികള്‍ക്കായി ഒരു പഠനയാത്ര സംഘടിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ പരിപാടിയിട്ടത്. സ്‌കൂളിലെ നാലു അധ്യാപകര്‍ക്കൊപ്പം കലക്ടറുടെ ചേംബറിലെത്തിയ വിദ്യാര്‍ഥികളുമായി പഠനത്തെക്കുറിച്ചും സഹപാഠികളിലേറെയും സ്‌കൂളിലെത്താതിരിക്കുന്നതിന്റെ കാരണങ്ങളെക്കുറിച്ചും അന്വേഷിച്ചു. പഠനം എളുപ്പമാക്കാന്‍ ആറളം സ്‌കൂളില്‍ സ്മാര്‍ട് ക്ലാസ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി കലക്ടര്‍ വിദ്യാര്‍ഥികളോട് പറഞ്ഞു.
ആഹ്ലാദകരമായ യാത്രാനുഭവം സഹപാഠികള്‍ക്ക് പകര്‍ന്നുനല്‍കുകയും അവരെ സ്‌കൂളിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയും ചെയ്യാമെന്ന് ഉറപ്പുനല്‍കിയാണ് കുട്ടികള്‍ കലക്ടറോട് യാത്രപറഞ്ഞത്. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.വി ലതീഷ്, സ്‌കൂള്‍ അധ്യാപകരായ ടി ശശികല, ടി നൗഷാദ്, ടി.ആര്‍ മഞ്ജു, വിനോയ് തോമസ് തുടങ്ങിയവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."