ഇത് മൃഗശാലയല്ല, മൃഗങ്ങളുടെ ശവപ്പറമ്പ് !
തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ അഭിമാനമായാണ് മൃഗശാലയെ കാണുന്നത്. എന്നാല്‍, അധികൃതരുടെ കടുത്ത അനാസ്ഥ ഈ സ്ഥാപനത്തെ മൃഗങ്ങളുടെ ശവപ്പറമ്പാക്കി മാറ്റിയിരിക്കുകയാണ്.
കഴിഞ്ഞ നാലു മാസത്തിനുള്ളില്‍ മാത്രം ഇരുപതോളം മൃഗങ്ങളാണ് ഇവിടെ ചത്തത്. മതിയായ ചികിത്സയും പരിചരണവും ലഭിക്കാത്തതായിരുന്നു കാരണം. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ മന്ത്രിയോ, വകുപ്പധികൃതരോ ഇതുവരെയും നടപടിയൊന്നുമെടുത്തിട്ടില്ല.
കൃത്യമായ ചികിത്സ നല്‍കാത്തതിനെ തുടര്‍ന്ന് മൃഗശാലയിലെ കൃഷ്ണ മൃഗവും, കാട്ടുപോത്തും മരണാസന്ന നിലയിലായിട്ടുണ്ട്. രണ്ടാഴ്ച്ചയോളമായി കൃഷ്ണമൃഗം അവശതയിലായിട്ട്. മറ്റൊരു കൃഷ്ണ മൃഗം കാലൊടിഞ്ഞു കിടപ്പാണ്. ഇതിനും ചികിത്സ ലഭിച്ചിട്ടില്ലെന്ന് കീപ്പര്‍മാര്‍ പറയുന്നു.
കാട്ടുപോത്തിനു പിടിപെട്ട രോഗം എന്താണെന്നു പോലും മൃഗശാലാ ഡോക്ടര്‍ക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ മാസം ഡോക്ടറുടെ മയക്കു വെടിയേറ്റ് മൃഗശാലയിലെ പെണ്‍ കൃഷ്ണമൃഗം ചത്തിരുന്നു. മയക്കാന്‍ ഉപയോഗിച്ച മരുന്നിന്റെ അളവു കൂടിയതാണ് ചാകാന്‍ കാരണമെന്ന് കീപ്പര്‍മാര്‍ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ടു നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
ഡോക്ടര്‍ക്കെതിരേ അന്വേഷണം നടക്കുന്നുണ്ടെന്നാണ് ഡയറക്ടര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷവും ഡോക്ടറുടെ മയക്കുവെടിയില്‍ ഒരു കൃഷ്ണ മൃഗം ചത്തിരുന്നു. രഹസ്യമാക്കി വെച്ചിരുന്ന സംഭവം സുപ്രഭാതം അന്ന് റിപ്പോര്‍ട്ടു ചെയ്തിരുന്നു. തൃശൂര്‍ മൃഗശാലയിലേക്കു കൊണ്ടുപോകുന്നതിനായാണ് അന്ന് വെടിവെച്ചത്.
വനം-വന്യജീവി വകുപ്പിന്റെ വംശനാശ ഭീഷണി ഗുരുതരമായി നേരിടുന്ന മൃഗങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് കൃഷ്ണമൃഗങ്ങള്‍(ബ്ലാക്ക് ബക്ക്). ഇവയെ കൊല്ലുന്നവര്‍ക്ക് അഞ്ചുവര്‍ഷം തടവും, പിഴയുമാണ് ശിക്ഷ.
രണ്ടു കൃഷ്ണമൃഗങ്ങളെ മയക്കുവെടിവെച്ചു കൊന്ന ഡോക്ടര്‍ക്കെതിരേ ശക്തമായ നടപടി എടുക്കണമെന്നാണ് കീപ്പര്‍മാരുടെ ആവശ്യം. ഒരു മാസത്തിനു മുന്‍പ് ചികിത്സ കിട്ടാതെ ഹിമാലയന്‍ കരടി ചത്തിരുന്നു. ഗര്‍ഭിണിപുള്ളിമാനടക്കം മൂന്നു മാനുകളും ചത്തു. ലക്ഷങ്ങള്‍ വിലവരുന്ന വര്‍ണ്ണ കൊക്കുകളും കൂട്ടത്തോടെ ചത്തു. വയനാട് നിന്നും പിടിച്ച കടുവ ചികിത്സ കിട്ടാതെ നരകിച്ചു. രോഗാവസ്ഥയിലായ പെണ്‍ സിംഹത്തിനും ചികിത്സ ലഭിച്ചില്ല. വെള്ളക്കടുവയുടെ മുറിഞ്ഞവാല്‍ തുന്നിച്ചേര്‍ത്തുവെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടി.എന്നാല്‍ വാല്‍ ഇപ്പോഴും പഴയപടി തന്നെ..!
ഇതിനിടെ കഴിഞ്ഞ ദിവസം മൃഗശാലയിലെ കൂട്ടില്‍ കിടന്ന ഒരു കുരങ്ങ് പുറത്തുചാടി രക്ഷപ്പെട്ടു. ഇതിനെ കുറിച്ച് അന്വേഷണം നടത്താനും അധികൃതര്‍ തയ്യാറായിട്ടില്ല.
ഡയറക്ടറും, സൂപ്രണ്ടും ചേര്‍ന്നാണ് മൃഗശാലയില്‍ നടക്കുന്ന അന്വേഷണങ്ങളെ അട്ടിമറിക്കുന്നതെന്നും ആരോപണമുണ്ട്. വകുപ്പു മന്ത്രിക്കും, സെക്രട്ടറിക്കും മൃഗശാലയെന്നു കേള്‍ക്കുന്നതേ പുച്ഛമാണ്. പുതിയ കൂടുകളുടെയോ, പുതിയ മൃഗങ്ങളെ എത്തിക്കുമ്പോഴോ ഉദ്ഘാടനത്തിനു മാത്രമാണ് മന്ത്രി മൃഗശാലയില്‍ എത്തിനോക്കുന്നതെന്ന് ജീവനക്കാര്‍ക്കു തന്നെ പരാതിയുണ്ട്. മിണ്ടാപ്രാണികളായതിനാല്‍ ഇവിടെ കാര്യങ്ങള്‍ ഇങ്ങനെയൊക്കെ നടന്നാല്‍ മതിയെന്ന ചിലരുടെ വാശിയാണ് തിരുവനന്തപുരം മൃഗശാലയെ നശിപ്പിക്കുന്നതെന്നും ജീവനക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."