നിതാഖാത് നിയമഭേദഗതിയ്ക്ക് അംഗീകാരം; ആറ് ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ ഇനി നിതാഖാത് പരിധിയില്‍
ജിദ്ദ: നിതാഖാത് വ്യവസ്ഥയില്‍ ഏറ്റവും ചെറിയ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ സഊദി തൊഴില്‍ മന്ത്രാലയം മാറ്റം വരുത്തി. ആറ് ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ ഇനി നിതാഖാത് പരിധിയില്‍ വരും. ഡിസംബര്‍11 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഭേദഗതി വരുത്തിയ പുതിയ നിതാഖാത്ത് നിര്‍ദ്ദേശങ്ങള്‍ സഊദി തൊഴില്‍ മന്ത്രി ഡോക്ടര്‍ മുഫരിജ് അല്‍ ഹഖ്ബാനിയാണ് അംഗീകാരം നല്‍കിയത്.
ഒമ്പതില്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളെയാണ് നിതാഖാതില്‍ ഏറ്റവും ചെറിയ സ്ഥാപനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളെ രണ്ടാക്കി തിരിച്ചുകൊണ്ടു നിതാഖത്തില്‍ മാറ്റം വരുത്തും.
ഒന്നു മുതല്‍ അഞ്ച് വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളെ ഏറ്റവും ചെറിയ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ എ വിഭാഗത്തിലും ആറു മുതല്‍ 49 വരെ ജീവനക്കാരുള്ള സ്ഥാപനത്തെ ബി വിഭാഗമായും പരിഗണിക്കും. നേരത്തെ 10 മുതല്‍ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളെയാണ് ചെറുകിട സ്ഥാപനങ്ങളായി പരിഗണിച്ചിരുന്നത്. എന്നാല്‍ ഇനി ആറു മുതല്‍ 49 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളെയാണ് ചെറുകിട സ്ഥാപനങ്ങളായി പരിഗണിക്കുക.
ഈ സ്ഥാപനത്തില്‍ നിശ്ചിത ശതമാനം സ്വദേശി വല്കരണം നടപ്പിലാക്കുകയും വേണം. ഒരു സ്ഥാപനത്തില്‍ ആറില്‍ കൂടുതല്‍ തൊഴിലാളികളുണ്ടായാല്‍ സ്വദേശിയെ നിയമിക്കാന്‍ നിര്‍ബന്ധിതരാവും. വരുന്ന ഡിസംബര്‍ 11 മുതല്‍ ഈ ഭേദഗതി നടപ്പിലാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ആറും അതില്‍ കൂടുതലും ആളുകള്‍ ജോലി ചെയ്യുന്ന രാജ്യത്തെ നൂറുകണക്കിനു ചെറുകിട സ്ഥാപനങ്ങളെ പുതിയ നിയമം ബാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."