ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതിയില്‍ പൊട്ടിത്തെറി; കണ്‍വീനറെ നീക്കം ചെയ്തതായി ഒരു വിഭാഗം
മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതിയില്‍ പൊട്ടിത്തെറി. ഇതോടെ 'ഇന്ത്യന്‍ സ്‌കൂള്‍ പാരന്റ്‌സ് പാനല്‍' (ഐ.എസ്.പി.പി) രണ്ടായി പിളരുകയും ശ്രീധര്‍ തേറമ്പിലിനെ ഐ.എസ്.പി.പിയുടെ കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിയതായും ഒരു വിഭാഗം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്‌കൂളിലെ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം തുടര്‍ന്നുവന്ന സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളും കൂടിയാലോചന ഇല്ലായ്മയും സ്വേഛാധിപത്യ പ്രവണതയും കണക്കിലെടുത്താണ് ഈ നടപടിയെന്നും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ പത്തുദിവസത്തിനകം കോര്‍ കമ്മിറ്റി ചേരുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
സ്‌കൂള്‍ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളെ പിന്താങ്ങുവാന്‍ ധാര്‍മികമായി ബാധ്യതയുള്ള കണ്‍വീനര്‍ പ്രത്യക്ഷമായും പരോക്ഷമായും കമ്മിറ്റിയെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി അപകീര്‍ത്തിപ്പെടുത്തുന്നത് തുടര്‍ന്നതിനാലാണ് സ്ഥാനത്തുനിന്നു നീക്കം ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു.
ഐ.എസ്.പി.പി കണ്‍വീനര്‍ ആയിരിക്കെതന്നെ ശ്രീധര്‍ സ്‌കൂള്‍ പര്‍ച്ചേസിങ് സബ്കമ്മറ്റി കണ്‍വീനര്‍, പി.പി.എ. ലൈസണ്‍ കമ്മറ്റി കണ്‍വീനര്‍ എന്നിങ്ങനെ ഒട്ടനവധി സ്ഥാനങ്ങളും വച്ചിരുന്നു. എന്നിട്ടും അദ്ദേഹം സ്വന്തം ഉത്തരവാദിത്തങ്ങള്‍ അവഗണിച്ചത് നിര്‍ഭാഗ്യകരമാണ്. ഏതു നിര്‍ണായ കമ്മിറ്റി സംഘടിപ്പിച്ചാലും കണ്‍വീനര്‍ സ്ഥാനത്തിനു വേണ്ടി ചരടുവലികള്‍ നടത്തുന്നത് ആശാസ്യമല്ല.
മെഗാ ഫെയര്‍ മുതലായ കാര്യങ്ങളില്‍ എന്ത് സഹകരണമാണ് മുന്‍ കണ്‍വീനര്‍ നടത്തിയത് എന്ന് അദ്ദേഹം സ്വയം വിലയിരുത്തണമെന്നും ഐ.എസ്.പി.പി അംഗങ്ങള്‍ ആവശ്യപ്പെട്ടു.
17 അംഗ എക്‌സിക്യൂട്ടീവില്‍ പത്തു പേരും ഈ തീരുമാനത്തെ പിന്‍തുണച്ചതായും സ്‌കൂള്‍ ഭരണ സമിതി സെക്രട്ടറി ഷെമിലി പി. ജോണ്‍, അംഗം ജെയ്ഫര്‍ മെയ്ദാനി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തതായും അവര്‍ വിശദീകരിച്ചു.
ഈയിടെ സ്‌കൂള്‍ ഭരണസമിതിക്കെതിരെ കണ്‍വീനര്‍ പരസ്യമായി രംഗത്തുവന്നിരുന്നു. കൂടാതെ കമ്മിറ്റിക്കെതിരെ നിരവധി ആരോപണങ്ങളും ഉയര്‍ത്തി. സംഘടനയുടെ വേദികളില്‍ ചര്‍ച്ചചെയ്യാതെയും പ്രവര്‍ത്തകരോട് ആലോചിക്കാതെയുമാണ് നിരുത്തരവാദപരമായ ഈ പ്രസ്താവന നടത്തിയത്. ഐ.എസ്.പി.പിയുടെ യോഗം വിളിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും അത് ചെയ്തില്ല. ഭരണസമിതിയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം നിരന്തരം ഏര്‍പ്പെടുകയും ചെയ്തു.
മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി അഴിമതി രഹിതമായ ഭരണമാണ് ഐ.എസ്.പി.പി പങ്കാളിയായ ഇപ്പോഴത്തെ ഭരണസമിതി നടത്തുന്നത്. സമസ്ത മേഖലയിലും ചെലവ് കുറക്കുന്നതിനും വിദ്യാഭ്യാസ മേഖലയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നതിനും ഭണണസമിതിക്ക് കഴിഞ്ഞിട്ടുണ്ട്. അക്കാദമിക നിലവാരവും മെച്ചപ്പെട്ടു.
തകര്‍ന്ന സാമ്പത്തികനില ഭദ്രമാക്കാന്‍ നടത്തിയ സ്‌കൂള്‍ ഫെയര്‍ സര്‍വകാല റെക്കോര്‍ഡ് നേടി. സുതാര്യമായ ടെന്‍ഡറിങ്, എന്‍ട്രന്‍സ് കോച്ചിങ്, അക്കാദമിക് ഓഡിറ്റ്, അധ്യാപകര്‍ക്ക് പരിശീലനം, മികച്ച അധ്യാപക നിയമനം, നോണ്‍ അക്കാദമിക് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍, ട്രാന്‍സ്‌പോര്‍ട് സംവിധാനം കുറ്റമറ്റതാക്കാനുള്ള നിരന്തര ശ്രമങ്ങള്‍ എന്നിവയും നടന്നതായി അവര്‍ വിശദീകരിച്ചു.
കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗങ്ങളായ പങ്കജ്‌നാഭന്‍,ജെയ്ഫര്‍ മെയ്ദാനി, കെ.സുജിത്, ബി.ഐ.രാജീവ്, ടി.കെ.സുധീഷ്, സി.വി.ഹരിദാസ്, ഇ.അബ്ദുല്‍ സമദ്, സോണി തിയോഡര്‍, അനില്‍കുമാര്‍ ഗ്രീന്‍ കേബിള്‍, സി.പി.മുനീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
എന്നാല്‍ ഐ.എസ്.പിപിയുടെ പേരില്‍ ചിലര്‍ നടത്തിയ വാര്‍ത്താ സമ്മേളനവുമായി സംഘടനക്ക് ഒരു ബന്ധവുമില്ലെന്നും സംഭവത്തിനുത്തരവാദികളായവര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കുമെന്നും എതിര്‍വിഭാഗം സെക്രട്ടറി പത്രക്കുറിപ്പില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."