മുലപ്പാലില് ബദലായയുള്ള പാനീയങ്ങളുടെ പരസ്യങ്ങള്‍ ഖത്തര്‍ നിരോധിക്കും
റിയാദ്: മുലപ്പാലിന് ബദലായി നല്‍കുന്ന പാനീയങ്ങളുടെ(ഫോര്‍മുല മില്‍ക്ക്) പരസ്യങ്ങള്‍ രാജ്യത്ത് നിരോധിക്കാന്‍ ഖത്തര്‍ തയാറെടുക്കുന്നതായി വാര്‍ത്ത.
ഖത്തറിലെ താഴ്ന്ന മുലയൂട്ടല്‍ നിരക്കില്‍ മാറ്റം വരുത്തുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയമാണ് നിയമം കൊണ്ടുവരുന്നത്. നവജാത ശിശുക്കള്‍ക്കുള്ള കൃത്രിമ പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കോണ്‍ഫറന്‍സുകളില്‍ ഡോക്ടര്‍മാര്‍ പങ്കെടുക്കുന്നതും ഇത്തരം പാലിന്റെ ഫ്രീ സാംപിളുകള്‍ അമ്മമാര്‍ക്ക് നല്‍കുന്നതും നിരോധിക്കുമെന്നും പ്രാദേശിക അറബി പത്രം റിപോര്‍ട്ട് ചെയ്തു.
ഇതുസംബന്ധിച്ച നിര്‍ദേശം കരട് നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണറിയുന്നത്. ഒഴിവാക്കാനാവാത്ത അടിയന്തിര സാഹചര്യങ്ങളില്‍ മാത്രമേ മുലപ്പാലില് പകരമായുള്ള ഫോര്‍മുല മില്‍ക്ക് കുഞ്ഞുങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യാവു എന്ന് ഡോക്ടര്‍മാരോട് നിര്‍ദേശിക്കും.
നിയമം അധികം വൈകാതെ മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥ ഡോ. അല്‍അനൂദ് ബിന്ത് മുഹമ്മദ് അല്‍താനി ഈയിടെ നടന്ന ആരോഗ്യ ക്ഷേമ ശില്‍പ്പശാലയില്‍ വ്യക്തമാക്കി.
കുഞ്ഞ് ജനിച്ച് ആദ്യത്തെ ആറു മാസം മുലപ്പാല്‍ മാത്രം നല്‍കുന്ന അമ്മമാരുടെ എണ്ണം ഖത്തറില്‍ 29 ശതമാനം മാത്രമാമെന്ന് 2012ല്‍ നടത്തിയ സര്‍ക്കാര്‍ സര്‍വേയില്‍ വ്യക്തമായിരുന്നു. ആഗോള ശരാശരി 37 ശതമാനമാണ്.
മുലയൂട്ടല്‍ നിരക്ക് ചുരുങ്ങിയത് 50 ശമാനമാക്കി വര്‍ധിപ്പിക്കുകയാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡോ. അല്‍അനൂദ് വ്യക്തമാക്കി.
ഖത്തരി സ്ത്രീകള്‍ മുലയൂട്ടുന്നതിന് മടികാട്ടുന്നവരാണെന്ന് 2013ല്‍ സിദ്‌റ നടത്തിയ പഠനത്തില്‍ വെളിപ്പെട്ടിരുന്നു.
നവജാത ശിശുക്കള്‍ക്ക് ഔഷധ ചായ നല്‍കുന്ന പരമ്പരാഗത രീതിയും മുലയൂട്ടുന്നത് സ്ത്രീയുടെ ശരീരത്തെ ബാധിക്കുമെന്ന വിശ്വാസവുമാണ് ഇതിന് കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.
ഖത്തറിലെ പ്രസവ അവധി രണ്ടു മാസം മാത്രമാണെന്നതിനാല്‍ കൂടുതല്‍ കാലം മുലയൂട്ടുന്നതിന് പ്രയാസം നേരിടുന്നതായി പല സ്ത്രീകളും പരാതിപ്പെടുന്നു. പ്രസവ അവധി ചുരുങ്ങിയത് നാല് മാസമെങ്കിലും ആക്കുന്നതിന് തൊഴില്‍ മന്ത്രാലയവുമായി ചര്‍ച്ചകള്‍ നടത്തുന്നതായി ഡോ. അല്‍അനൂദ് പറഞ്ഞു. ജോലി സമയത്ത് കുഞ്ഞുങ്ങളെ മൂലയൂട്ടുന്നത് എളുപ്പമാക്കാനുള്ള നടപടികളും വേണമെന്ന് അവര്‍ പറഞ്ഞു.
ഖത്തര്‍ തൊഴില്‍ നിയമപ്രകാരം കുഞ്ഞ് ജനിച്ച് ആദ്യത്തെ ഒരു വര്‍ഷം അമ്മമാര്‍ക്ക് ഒരു ദിവസം ഒരു മണിക്കൂര്‍ ജോലി ഒഴിവ് നല്‍കുന്നുണ്ട്. രാജ്യത്തെ ജോലി സ്ഥലങ്ങളില്‍ മുലയൂട്ടുന്നതിന് വേണ്ടി സ്വകാര്യത നല്‍കുന്ന പ്രത്യേക സ്ഥലം ഒരുക്കണമെന്ന് ഡോ. അല്‍അനൂദ് നിര്‍ദേശിച്ചു.
കഴിഞ്ഞയാഴ്ച്ച നടന്ന ശില്‍പ്പശാലയില്‍ രാജ്യത്തെ പ്രധാന സ്വകാര്യ, സര്‍ക്കാര്‍ സ്ഥാപന പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. മുലയൂട്ടല്‍ പ്രോല്‍സാഹിപ്പിക്കുന്നതിനും അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും യുനിസെഫ് മുന്നോട്ട് വച്ചിട്ടുള്ള പത്തിന നിര്‍ദേശങ്ങളും യോഗം ചര്‍ച്ച ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."