ഉടുമ്പന്‍ചോലയില്‍ ഹര്‍ത്താല്‍ പൂര്‍ണം
നെടുങ്കണ്ടം: എന്‍ഡിഎ ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തില്‍ ആഹ്വാനംചെയ്ത ഹര്‍ത്താല്‍ പൂര്‍ണം.
ഹര്‍ത്താല്‍ അനുകൂലികള്‍ ബൈക്ക് യാത്രികനെ ആക്രമിച്ചതായി പരാതി. തെരഞ്ഞെടുപ്പ് ദിനത്തോടനുബന്ധിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തേര്‍ഡ്ക്യാമ്പില്‍ എന്‍ഡിഎയുടെ ഓഫീസ് തകര്‍ക്കുകയും തേര്‍ഡ്ക്യാമ്പിലും കൂട്ടാറിലും പ്രവര്‍ത്തകരെ ആക്രമിക്കുകയുംചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.
കൂട്ടാറില്‍ ബൈക്കില്‍ സഞ്ചരിച്ച മധ്യവയസ്‌കനെ ഹര്‍ത്താല്‍ അനുകൂലികള്‍ വടികൊണ്ട് അടിച്ചു പരുക്കേല്‍പ്പിച്ചതായാണ് പരാതി. ശാന്തിപുരം അഞ്ചുസെന്റ് കോളനി മുള്ളന്‍കുടി കുട്ടപ്പന്‍ (50) നാണ് പരുക്കേറ്റത്.
ഇയാള്‍ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്‍ഡിഎ പ്രവര്‍ത്തകരായ മൂന്നുപേര്‍ക്കെതിരെ കമ്പംമെട്ട് പൊലിസ് കേസെടുത്തു. വിവിധ മേഖലകളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി. ടൂറിസ്റ്റ് വാഹനങ്ങള്‍ അടക്കമുള്ളവ തടയാന്‍ ശ്രമം നടത്തിയെങ്കിലും പൊലിസ് ഇടപെട്ട് വാഹനങ്ങള്‍ കടത്തിവിട്ടു. സേനാപതിയില്‍ എല്‍.ഡി.എഫ് അനുഭാവി വെല്ലുവിളിയുയര്‍ത്തി വാഹനം ഓടിച്ചതിനെത്തുടര്‍ന്ന് ഇരു വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടണ്ടായി. പൊലിസും നേതാക്കളും ഇടപെട്ട് രംഗം ശാന്തമാക്കി. അപൂര്‍വ്വം ചില സ്വകാര്യ വാഹനങ്ങളും, ടൂറിസ്റ്റ് വാഹനങ്ങളും മാത്രമെ നിരത്തിലിറങ്ങിയുള്ളു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഓഫീസുകള്‍ ഒന്നും തന്നെ പ്രവര്‍ത്തിച്ചില്ല. തമിഴ് തൊഴിലാളികള്‍ ജോലിക്ക് എത്താതിരുന്നതിനാല്‍ തോട്ടം മേഖലയും ഏതാണ്ടണ്ട് നിശ്ചലമായിരുന്നു.
എന്‍.ഡി.എ പ്രവര്‍ത്തകര്‍ രാവിലെ ആറ് മണിക്ക് തന്നെ ടൗണുകള്‍ ഉള്‍പ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളില്‍ എത്തിച്ചേര്‍ന്ന് പ്രകടനങ്ങളും യോഗങ്ങളും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."