ഹോംഗാര്‍ഡിനെ കൈയേറ്റം ചെയ്ത മജിസ്‌ട്രേറ്റ് ആശുപത്രിയില്‍
കാസര്‍കോട്: ഹോംഗാര്‍ഡിനെ കൈയേറ്റം ചെയ്ത കേസിലുള്‍പ്പെട്ട കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരു കൈകള്‍ക്കും കാലിനും പരുക്കേറ്റ തൃശൂര്‍ മുല്ലച്ചേരി സ്വദേശി വി.കെ ഉണ്ണികൃഷ്ണനാണ് (45) കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. സുള്ള്യ പൊലിസ് തന്നെ ക്രൂരമായി മര്‍ദിച്ചുവെന്നും മൂന്നാം മുറയ്ക്ക് വിധേയമാക്കിയെന്നുമാരോപിച്ച് മജിസ്‌ട്രേറ്റ് കാസര്‍കോട് സി.ഐ അബ്ദുര്‍ റഹീമിന് പരാതി നല്‍കി. കര്‍ണാടകയില്‍ ക്ഷേത്രദര്‍ശനത്തിന് പോയി തിരിച്ചു വരുന്നതിനിടെ സുള്ള്യ പൊലിസ് തന്നെ മര്‍ദിക്കുകയായിരുന്നുവെന്നാണു പരാതിയില്‍ പറയുന്നത്. സുള്ള്യ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഷൂകൊണ്ട് ചവിട്ടുകയും സ്‌റ്റേഷനില്‍വച്ച് വെള്ളം ചോദിച്ചപ്പോള്‍ ശീതളപാനിയത്തില്‍ മദ്യം കലര്‍ത്തി ബലമായി കുടിപ്പിച്ചെന്നും മജിസ്‌ട്രേറ്റ് പരാതിപ്പെട്ടു.
ശനിയാഴ്ച ഉച്ചയ്ക്ക് ഓട്ടോയില്‍ സുള്ള്യ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലെത്തിയ മജിസ്‌ട്രേറ്റ് അമിത വാടക ഈടാക്കിയതിനെ ചൊല്ലി ഓട്ടോ ഡ്രൈവറുമായി വാക്കുതര്‍ക്കമുണ്ടാക്കിയിരുന്നു. ഇതിനിടെ അവിടെയെത്തിയ ഹോംഗാര്‍ഡും പ്രശ്‌നത്തില്‍ ഇടപെട്ടു. പിന്നീട് ഹോംഗാര്‍ഡും മജിസ്‌ട്രേറ്റുമായി വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. താന്‍ മജിസ്‌ട്രേറ്റാണെന്ന് അറിയിച്ച് തിരിച്ചറിയല്‍ കാര്‍ഡ് കാട്ടിയപ്പോള്‍ പൊലിസ് വലിച്ചെറിഞ്ഞതായും മജിസ്‌ട്രേറ്റ് പറഞ്ഞു. സ്ഥലത്തെത്തിയ എസ്.ഐയും മൂന്നു പൊലിസുകാരും ചേര്‍ന്ന്് ബലമായി തന്നെ ജീപ്പില്‍ കയറ്റിപ്പോയെന്നും ജീപ്പിനകത്ത് വച്ചും സ്‌റ്റേഷനില്‍ വച്ചും ക്രൂരമായി മര്‍ദിച്ചെന്നും മൂന്നാംമുറക്ക് വിധേയമാക്കിയെന്നും പരാതിയില്‍ പറയുന്നു. പിന്നീട് മജിസ്‌ട്രേറ്റാണെന്ന് മനസിലാക്കിയ സി.ഐ ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ നടത്തിയെന്നും സ്റ്റേഷനില്‍ വച്ച്് പണവും ആഭരണവും നഷ്ടപ്പെട്ടതായും മജിസ്‌ട്രേറ്റ് പരാതിയില്‍ പറയുന്നു.
അതേസമയം മദ്യപിച്ച് ബഹളമുണ്ടാക്കുകയും ഓട്ടോഡ്രൈവറെ ആക്രമിച്ച സംഭവത്തിലും പൊലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും മജിസ്‌ട്രേറ്റിനെതിരേ രണ്ടു കേസെടുത്തിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്കെതിരേ കേസെടുത്തില്ല.
അതിനിടെ സംഭവത്തെക്കുറിച്ച് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പൊലിസ് കേസെടുക്കാനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് മജിസ്‌ട്രേറ്റ് കെ. ഉണ്ണികൃഷ്ണനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."