ഉഴുതുണ്ട് വാഴ്ക, തൊഴുതുണ്ട് പിന്‍ചെല്ലാതെ
മുന്‍പ് കൃഷി മന്ത്രിയായിരുന്ന മുല്ലക്കര രത്‌നാകരന്‍ ഇപ്പോള്‍ ആ പദവിയിലില്ലെങ്കിലും അദ്ദേഹത്തിന്റെ മനസു നിറയെ കൃഷിയാണ്. കൃഷിയുടെ മഹത്വത്തെക്കുറിച്ച് അദ്ദേഹം എവിടെയും പറയും. ഇന്നലെ സഭയില്‍ ധനകാര്യ ബില്ലിന്‍മേലുള്ള ചര്‍ച്ചയിലും മുല്ലക്കരയ്ക്ക് പ്രധാനമായി പറയാനുണ്ടായിരുന്നത് അതുതന്നെ. മണ്ണില്‍ പണിയെടുത്ത് ഭക്ഷിക്കുന്നതിന്റെ മഹത്വം ഏറ്റവും നന്നായി പറഞ്ഞത് തിരുവള്ളുവരാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. 'ഉഴുതുണ്ട് വാഴ്‌വോരേ വാഴൂ, മറ്റുള്ളോര്‍ തൊഴുതുണ്ട് പിന്‍ചെല്ലും' എന്ന് തിരുവള്ളുവര്‍ എഴുതിയിട്ടുണ്ട്. കേരളത്തിലിപ്പോള്‍ ഉഴുതുണ്ട് വാഴുന്നവര്‍ വളരെ കുറവാണ്.
തൊഴുതുണ്ട് പിന്‍ചെല്ലുന്നവരാണ് മഹാഭൂരിപക്ഷവും. ഉഴുതുണ്ണുന്നവരുടെ എണ്ണം കൂട്ടണം. മാത്രമല്ല കൃഷിഭൂമി സംരക്ഷിക്കുകയും വേണം. അതിനൊരു ഗ്രീന്‍ സിസ്റ്റം തന്നെ ഉണ്ടാകേണ്ടതുണ്ട്. കൂട്ടത്തില്‍ ഒക്ടോബര്‍ വിപ്ലവത്തെ അനുസ്മരിക്കാനും അത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചു പറയാനും മുല്ലക്കര മറന്നില്ല.
ഭാഗപത്രത്തിന്റെ സ്റ്റാമ്പ് ഡ്യൂട്ടിയെക്കുറിച്ചും അഞ്ചേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍ പോലും സ്വത്ത് ഭാഗംവയ്ക്കുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടി മൂലം അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ചും എന്‍. ജയരാജ് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അതെന്തിന് ഇവിടെ പറയുന്നെന്നും സ്വന്തം നേതാവിനോടു പറഞ്ഞാല്‍ പോരേ എന്നും പി.സി ജോര്‍ജിന്റെ ചോദ്യം. ജോര്‍ജ് എന്താണ് ഉദ്ദേശിച്ചതെന്ന് ജോര്‍ജിനല്ലാതെ ജയരാജിനും മറ്റുളളവര്‍ക്കും മനസിലായില്ല. എങ്കിലും സ്വന്തം പാര്‍ട്ടിയോ പ്രത്യേകിച്ച് ഒരു നേതാവോ ഇല്ലാത്ത ജോര്‍ജിന് എല്ലാ കാര്യങ്ങളും സ്വയം പറഞ്ഞാല്‍ മതിയല്ലോ എന്ന് ജയരാജ്. അഞ്ചേക്കറിനു താഴെയുള്ള ഭൂമിക്കു മാത്രം ഭാഗപത്രത്തിനുള്ള സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവു നല്‍കിയാല്‍ പോരെന്നും ഭൂമിയുടെ അളവ് എത്രയായാലും ഭാഗപത്രത്തിനു സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കണമെന്നുമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അഭിപ്രായം. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പ്രശ്‌നങ്ങളൈക്കുറിച്ച് സഭയില്‍ പറയുന്നയാള്‍ ആ വിഭാഗത്തിലെ ലോബിക്കു വേണ്ടി വാദിക്കുകയാണെന്നാണ് ചിലരൊക്കെ പറയുകയെന്ന് വി.ഡി സതീശന്‍. ആ ധാരണ മാറ്റണം.
നികുതിഘടനയിലെ പ്രശ്‌നങ്ങള്‍ മൂലം ഫ്‌ളാറ്റ് നിര്‍മിച്ചു വില്‍ക്കുന്നവരും സ്വര്‍ണക്കച്ചവടക്കാരുമൊക്കെ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ച് സതീശനു പറയാനുണ്ട്. എന്നാല്‍ സതീശന്‍ അത്തരം ലോബികളുടെയൊന്നും ആളല്ല. നീതിതേടി കോടതികളിലെത്തുന്നവരില്‍ നിന്നു കോര്‍ട്ട് ഫീ ഈടാക്കുന്നത് ജനാധിപത്യ വ്യവസ്ഥയില്‍ വലിയ അന്യായമാണെന്നാണ് വക്കീലായ എന്‍. ശംസുദ്ദീന്റെ അഭിപ്രായം. വാഹനാപകടത്തില്‍ പരുക്കേറ്റ് നഷ്ടപരിഹാരത്തിന് മോട്ടോര്‍ ക്ലെയിം ട്രൈബ്യൂണലില്‍ എത്തുന്നവരെയെങ്കിലും കോര്‍ട്ട്ഫീയില്‍ നിന്ന് ഒഴിവാക്കണമെന്ന് ശംസുദ്ദീന്‍.
പഴയ സ്വര്‍ണത്തിന്റെ പര്‍ച്ചേഴ്‌സ് ടാക്‌സിനെതിരേ പ്രതിപക്ഷം സംസാരിച്ചപ്പോള്‍, അത് ഏര്‍പെടുത്തിയത് താനല്ലെന്നും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ ബജറ്റില്‍ കെ.എം മാണി ഏര്‍പെടുത്തിയത് തുടരുകയാണ് ചെയ്യുന്നതെന്നും മന്ത്രി തോമസ് ഐസക്.
ഈ വിഷയത്തില്‍ പൊസിറ്റീവായി സംസാരിച്ചത് പി.കെ കുഞ്ഞാലിക്കുട്ടി മാത്രമാണെന്നും ഐസക് പറഞ്ഞപ്പോള്‍, മാണിസാറിനു തെറ്റുപറ്റിയെങ്കില്‍ അതു തിരുത്തുന്നതില്‍ എന്താണു പ്രശ്‌നമെന്ന് കുഞ്ഞാലിക്കുട്ടി. മാണിസാറിനു തന്നെ വേണമെങ്കില്‍ അതു പറയാമല്ലോ എന്നും കുഞ്ഞാലിക്കുട്ടി. തന്നെ അങ്ങനെ പ്രേരിപ്പിച്ചു പറയിപ്പിക്കേണ്ടതില്ലെന്നും തെറ്റുണ്ടെങ്കില്‍ ഐസക്കിനു തന്നെ അതു തിരുത്താമല്ലോ എന്നും മാണി.
വികസനത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് ഇതുവരെ നല്ലൊരു തുടക്കമുണ്ടായിട്ടില്ലെന്നും യു.ഡി.എഫ് ഭരണത്തെ കുറ്റംപറഞ്ഞുകൊണ്ട് എത്രകാലം ഇങ്ങനെ മുന്നോട്ടുപോകുമെന്നും ഐസക്കിനോട് കുഞ്ഞാലിക്കുട്ടിയുടെ ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."