പരസ്യ വിസര്‍ജനം നിരോധിക്കുമ്പോള്‍
തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തുന്നതിനെതിരേ വ്യാപകമായ ഒരു ശ്രമം നാട്ടിലൊട്ടുക്കും ആരംഭിച്ചത് ഈ വര്‍ഷത്തെ ഏറ്റവും നല്ല വാര്‍ത്തകളിലൊന്നാണ്. ഒരുപക്ഷേ, ഏറ്റവും തമാശ നിറഞ്ഞതും അതുതന്നെയാവും.
അസമിനും ഹിമാചല്‍ പ്രദേശിനും പിന്നാലെ കേരളവും ഈ വഴിക്കെത്തിയിരിക്കുന്നു. ഗുജറാത്തും ഹരിയാനയും പിന്നാലെ വരുന്നുണ്ട്. ഹിമാചലില്‍ സിര്‍മോര്‍ ജില്ലയിലെ ഒരു ജവാന്‍ ശമ്പളത്തില്‍നിന്ന് 57,000 രൂപ ഇതിലേക്കു നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ 'മന്‍കിബാത്' പ്രഭാഷണ പരിപാടിയില്‍ എടുത്തു പറയുകയുണ്ടായി.
വനത്തിനുള്ളില്‍പോലും ശൗചാലയങ്ങള്‍ നിര്‍മിച്ച് മൂന്നാര്‍ ഗവ. എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥികള്‍ ദുഷ്‌കരമായ ഒരു ദൗത്യം പൂര്‍ത്തിയാക്കി. കേരളത്തിലെ ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ എഴുന്നൂറില്‍പരം വീടുകളില്‍ താമസിക്കുന്ന ആദിവാസികള്‍ക്കു വേണ്ടിയാണ് ആ എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ ഈ സാഹസം ഏറ്റെടുത്തത്.
ഒരു ശൗചാലയത്തിനു കേന്ദ്ര- സംസ്ഥാന ഗവണ്‍മെന്റുകള്‍ ചേര്‍ന്ന് 15,000 രൂപയോളം നല്‍കുന്ന പദ്ധതിയില്‍ നഗരസഭകളും പഞ്ചായത്തുകളും ചേരുന്നതോടെ സ്വഛ് ഭാരത് പ്രസ്ഥാനം വിപ്ലവാത്മകമായേക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരു യൂനിറ്റിനു മൊത്തം 65,000 രൂപയാണ് ചെലവ്.
75 വാര്‍ഡുകളുള്ള നൂറ്റാണ്ട് പിന്നിട്ട കോഴിക്കോട് നഗരസഭ തന്നെ പരസ്യവിസര്‍ജന രഹിത നഗരമായി പ്രഖ്യാപിച്ചിരിക്കുന്നു.
സ്വഛ് ഭാരത് അഭിയാന്‍ എന്ന പദ്ധതി അനുസരിച്ചുള്ള ഈ നീക്കം 1500 ശൗചാലയങ്ങള്‍ നിര്‍മിച്ചുകൊണ്ടാണ് കോഴിക്കോട്ട് പൂര്‍ത്തിയാക്കിയത്. ഇതിനായി രണ്ടേകാല്‍ കോടിയിലേറെ രൂപ ചെലവഴിക്കുകയും ചെയ്തു. ഇനിയും ഒന്‍പത് കമ്മ്യൂണിറ്റി ടോയ്‌ലറ്റുകളും പതിനാറിടങ്ങളില്‍ പദ്ധതിക്ക് ടോയ്‌ലറ്റുകളും തുടങ്ങാന്‍ പരിപാടിയുമുണ്ട്.
എന്നാല്‍, ശൗചാലയങ്ങള്‍ നിര്‍മിക്കുന്നതില്‍ അധികൃതര്‍ കാണിക്കുന്ന താല്‍പര്യം അവ ശുചിയായി കൊണ്ടുനടക്കുന്നതില്‍ പൊതുജനം കാണിക്കാത്തിടത്തോളം ഈ പദ്ധതി എത്രമാത്രം വിജയിക്കുമെന്ന് കണ്ടറിയുകതന്നെ വേണം. റെയില്‍വേ സ്റ്റേഷനുകളിലും, ബസ് സ്റ്റാന്റുകളിലും സര്‍ക്കാര്‍ ഓഫിസുകളിലും ഒക്കെയുള്ള ടോയ്‌ലറ്റുകള്‍ക്ക് പറയാനുള്ളത് നാറ്റക്കേസുകള്‍ മാത്രമാണല്ലോ. കോഴിക്കോട് തന്നെ പ്രമുഖ പ്രവാസി വ്യവസായിയായ ഡോ. സിദ്ദീഖ് അഹമദിന്റെ നേതൃത്വത്തില്‍ സഊദി അറേബ്യയില്‍ ഇറോം ഗ്രൂപ്പ് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മിച്ച ഇ- ടോയ്‌ലറ്റുകള്‍ നോക്കുകുത്തികളായി മാറിയിരിക്കുന്നതും നാം കാണുന്നു.
പരസ്യവിസര്‍ജനത്തില്‍നിന്ന് നഗരം മുക്തിനേടിയതായി എം.എല്‍.എ പ്രഖ്യാപിക്കുമ്പോഴും എം.പിയുടെ പരാതി, മലബാറില്‍ എന്‍.എ.ഇ.എച്ച് അംഗീകാരം നേടിയ കോഴിക്കോട്ടെ കോട്ടപ്പറമ്പ് ആശുപത്രിയുടെ കാര്യത്തിലാണ്. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്ന നിലയില്‍ പതിറ്റാണ്ടുകളുടെ ചരിത്രമുള്ള ഈ ആശുപത്രിയില്‍ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റില്ല. വര്‍ഷങ്ങളുടെ ശ്രമഫലമായി ലഭിച്ച നാഷനല്‍ ബോര്‍ഡ് അക്രഡിറ്റേഷന്‍ എന്ന അംഗീകാരം ഈ കാരണത്താല്‍ നഷ്ടപ്പെട്ടേക്കാമെന്നുമാണ് എം.കെ രാഘവന്‍ എം.പിയുടെ ഭയം.
നാടുനീളെ എടുപ്പു കക്കൂസുകളായിരുന്ന കാലം ഓര്‍മവരുന്നു. എല്ലാ വീടുകളിലും കയറി ഇറങ്ങി മലവിസര്‍ജ്യങ്ങള്‍ തൊട്ടിയിലാക്കി തലച്ചുമടായി കൊണ്ടുപോയിരുന്ന ഹതഭാഗ്യരുടെ കാലം. തോട്ടിയും തോട്ടിയുടെ മകനും ഒക്കെ നോവല്‍ വിഷയങ്ങള്‍ പോലുമായി.
മഹാത്മജിയെപോലുള്ള രാഷ്ട്ര നേതാക്കള്‍ ഇടപെട്ടാണ് പാവപ്പെട്ട ആ മനുഷ്യരെ കരകയറ്റിയത്. എങ്കിലും പല സംസ്ഥാനങ്ങളിലും ആ സമ്പ്രദായം നില്‍ക്കുക തന്നെ ചെയ്തു. ഫ്‌ളാഷ് ഔട്ട് കക്കൂസുകളുടെ കാലം വന്നപ്പോഴും കുലത്തൊഴിലായി തോട്ടിപ്പണി നിലനിര്‍ത്തിയിരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ധാരാളമായിരുന്നു. ഇതിന്റെ ഭീകരമായ ഒരു ചിത്രം ഈയിടെ ടൈംസ് ഓഫ് ഇന്ത്യ പത്രത്തില്‍ വായിക്കുകയുണ്ടായി. നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ തോട്ടിപ്പണിയില്‍ ഏര്‍പ്പെട്ടിരുന്ന 59 പേര്‍ കഴിഞ്ഞ എട്ടുവര്‍ഷത്തില്‍ മരണപ്പെട്ടു എന്നതായിരുന്നു അത്. (ടൈംസ് ഓഫ് ഇന്ത്യ 2016 ഒക്ടോബര്‍ 27). അവിടെ ഓരോ മൂന്ന് മാസവും രണ്ടു തൊഴിലാളികള്‍ വീതം ഇങ്ങനെ മരിക്കുന്നുവത്രെ.
എല്ലാ മാലിന്യങ്ങളും ഓടയില്‍ തള്ളുക എന്നത് ഫ്‌ളാറ്റുകളും അപാര്‍ട്ട്‌മെന്റുകളും ദിവസംതോറും ഉയര്‍ന്നുവരുന്ന കാലത്ത് നമുക്ക് അനുഭവവും ആണല്ലോ.
അങ്ങനെ മാലിന്യക്കുഴിയിലിറങ്ങി ശ്വാസം കിട്ടാതെ പിടയ്ക്കുകയായിരുന്ന രണ്ടു അയല്‍ സംസ്ഥാനത്തൊഴിലാളികളെ രക്ഷിക്കാന്‍ ഓടയിലിറങ്ങിയ ഓട്ടോറിക്ഷക്കാരനായ നൗഷാദ് മരിച്ച സംഭവം നടന്നത് കോഴിക്കോട്ടായിരുന്നല്ലോ.
കഴിഞ്ഞ ഏപ്രിലില്‍ ബംഗളൂരു നഗരം ലോകപ്പ് ക്രിക്കറ്റ് ലഹരിയില്‍ മുഴുകിയിരിക്കെ അല്‍പം അകലെ ദോദബല്ല പൂരില്‍ ആള്‍ നുഴിയിലിറങ്ങിയ രണ്ടുപേരും അവരെ രക്ഷിക്കാനിറങ്ങിയ വേറെ രണ്ടുപേരും ശ്വാസം കിട്ടാതെ മരിക്കുകയുണ്ടായി. അതേസമയം വളര്‍ത്തുമൃഗങ്ങള്‍ക്ക് ഇന്നും കക്കൂസ് പൊതുവഴികളാണ്. ക്ഷീരോല്‍പാദകര്‍ എന്ന നിലയില്‍ ആലകെട്ടി പശുക്കളെ പോറ്റുന്നവര്‍ മുതല്‍ ആഡംബര കൂട്ടില്‍ നായ്ക്കളെ വളര്‍ത്തുന്നവര്‍ വരെ മലമൂത്ര വിസര്‍ജനത്തിനും അവയെ പൊതു നിരത്തുകളിലേക്ക് ഇറക്കിവിടുന്നു.
പാല്‍ കറക്കാനായി സജ്ജമാക്കിയ ആലകള്‍ വൃത്തികേടാവാതിരിക്കാനാണ് കന്നുകാലികളെ രാവിലെയും വൈകുന്നേരവും റോഡുകളില്‍ കയറൂരി വിടുന്നത്. ടൈല്‍സ് പാകിയ മണിമുറ്റങ്ങള്‍ ശുചിയായി ഇരിക്കാന്‍ പോറ്റുനായ്ക്കളെ പ്രഭാത സവാരിക്കും സായാഹ്ന സവാരിക്കും ഒപ്പം കൂട്ടി, റോഡരികുകളില്‍ തന്നെ കാര്യം സാധിപ്പിച്ചു മടക്കിക്കൊണ്ടുവരുന്ന മാന്യന്മാര്‍ എത്രയെത്ര?
പരസ്യ വിസര്‍ജന രഹിത പട്ടണം എന്നൊക്കെ പരസ്യമായി പ്രഖ്യാപിക്കുമെങ്കിലും അത് പാലിക്കപ്പെടുന്നുണ്ടോ എന്നു നോക്കേണ്ടത് നാട്ടുകാരുടെ എന്നപോലെ അധികൃതരുടെയും ചുമതലയാണല്ലോ. തൊഴില്‍ തേടി ദിനംതോറും ഒഴുകിയെത്തുന്ന ഇതരസംസ്ഥാനക്കാരും കൂട്ടമായി താമസിക്കുന്നിടത്ത് ശൗചാലയങ്ങളില്ല, വെള്ളംപോലും ഇല്ല. തെരുവ് തിണ്ണകളില്‍ ഉറങ്ങുന്നവരാകട്ടെ ഈ വഴികളിലെല്ലാം ചെന്നാണ് കാര്യം നിര്‍വഹിക്കുന്നതും. എല്ലാറ്റിനേക്കാളും വലിയ കക്കൂസ് നമ്മുടെ റെയില്‍ പാളങ്ങളിലാണ്. റെയില്‍വേ ലൈനുകളില്‍ നേരമിരുട്ടുമ്പോള്‍ സംഗതി നടത്തുന്നവര്‍ ധാരാളം. അതിനേക്കാളേറെയാണ് ലോകത്തിലെ ഏറ്റവും വലിയ കക്കൂസുകളും വഹിച്ചുകൊണ്ടുള്ള നമ്മുടെ തീവണ്ടികളുടെ ലക്ഷക്കണക്കിനു കിലോമീറ്റര്‍ താണ്ടിയുള്ള ഓട്ടവും.
സമ്പൂര്‍ണ പരസ്യവിസര്‍ജന നിരോധം എന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വച്ചതുകൊണ്ടായില്ലല്ലോ. പ്ലാസ്റ്റിക്ക് നിരോധിത നഗരം എന്ന് പ്രഖ്യാപിച്ച് വിപ്ലവം സൃഷ്ടിച്ച പട്ടണത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ടത് കാണാതെ പത്തടി നടക്കാന്‍ സാധ്യമല്ല. ആ നിലയില്‍ ഈ വിസര്‍ജന നിരോധം എത്രകാലം ഫലപ്രദമാകുമെന്ന് കണ്ടറിയുക തന്നെ വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."