ഭാര്യയുടെ മൃതദേഹവുമായി രാമുലു നടന്നു തീര്‍ത്തത് 60 കി.മീറ്റര്‍
ഹൈദരാബാദ്: ഭാര്യയുടെ മൃതദേഹവും ചുമന്ന് ഒരഛനും മകളും കിലോമീറ്ററോളം നടന്നു നീങ്ങിയത് രാജ്യം മറക്കും മുന്‍പേ സമാനമായ മറ്റൊരു ദയനീയ ചിത്രം തെലങ്കാനയില്‍ നിന്നും. വാഹനം ലഭിക്കാതെ ഒഡീഷയിലെ ദാന മാജിയും മകളും അയാളുടെ ഭാര്യയുടെ മൃതദേഹവും ചുമന്ന് 12 കി.മീറ്ററോളമാണ് നടന്നതെങ്കില്‍ രാമുലുവെന്ന കുഷ്ഠരോഗിയായ ഒരു യാചകന് ഭാര്യയുടെ മൃതദേഹവും കൈവണ്ടിയിലെടുത്തുവെച്ച് നടന്നു തീര്‍ത്ത വഴി 60 കി.മീറ്ററാണ്.
ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതുകാരണം രാമുലു കൈവണ്ടിയില്‍ മൃതദേഹവുമായി കരഞ്ഞുകൊണ്ടു പോകുന്നതു കണ്ട നാട്ടുകാര്‍ വിവരം പൊലിസിനെ അറിയിച്ചപ്പോഴാണ് ആംബുലന്‍സ് വിളിക്കണമെങ്കില്‍ 5,000 രൂപവേണമെന്നും ഇതില്ലാത്തതുകാരണം കൈവണ്ടിയില്‍ വച്ച് തള്ളികൊണ്ടുപോകുന്നതെന്നും വെളിപ്പെടുത്തിയത്.
രാമുലുവും ഭാര്യ കവിതയും കുഷ്ഠരോഗികളാണ്. ഹൈദരാബാദ് റെയില്‍വേ സ്റ്റേഷനടുത്ത് ഭീക്ഷ യാചിച്ച് ജീവിച്ചുവരികയായിരുന്നു. അസുഖം ബാധിച്ച് കവിത മരിച്ചതോടെ തന്റെ സ്വദേശമായ വികാരബാദിലേക്ക് മൃതദേഹം കൊണ്ടുപോകുകയായിരുന്നു.പിന്നീട് പൊലിസ് ഇടപെട്ട് ശേഷിക്കുന്ന ദൂരം ആംബുലന്‍സിലാണ് മൃതദേഹം വികാരാബാദിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."