തിമിംഗലം ഛര്‍ദിച്ചു; മൂന്നു മത്സ്യത്തൊഴിലാളികള്‍ കോടീശ്വരന്‍മാരായി!
മസ്‌കത്ത്: തിമിംഗലത്തിന്റെ ഛര്‍ദി ചെറിയൊരു സംഭവമല്ല, പുറത്തുവരുന്ന കൂട്ടത്തില്‍ ആമ്പര്‍ഗ്രിസ് കൂടി ഉണ്ടെങ്കില്‍ വലിയ സംഭവമാണ്. കാരണം, അതു വിറ്റാല്‍ കോടികള്‍ കിട്ടും. ഇത്തവണ ഈ ബംബറടിച്ചത് ഒമാനിലെ മൂന്നു മത്സ്യത്തൊഴിലാളികള്‍ക്കാണ്.
ഒമാന്‍ സ്വദേശികളായ ഖാലിദ് അല്‍ സിനാനിക്കും കൂട്ടുകാര്‍ക്കുമാണ് ഭാഗ്യം വന്നുചേര്‍ന്നത്. മത്സ്യബന്ധനത്തിനിടെ ഇവര്‍ക്ക് ആമ്പര്‍ഗ്രിസ് കിട്ടി. സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. തിമിംഗലങ്ങള്‍ ഛര്‍ദിച്ചുകളയുന്ന ഈ വസ്തു ജലനിരപ്പിലൂടെ ഒഴുകിനടക്കുകയാണ് ചെയ്യുക. ഇതിനു വിപണിയില്‍ സ്വര്‍ണത്തോളം വിലമതിക്കും. തിമിംഗലങ്ങള്‍ ഇടയ്ക്കു ഛര്‍ദിച്ചുകളയുന്ന ആമ്പര്‍ഗ്രിസ് തീരത്തടിയും. വിലയേറിയ പെര്‍ഫ്യൂമുകളുടെ ഒരു ഘടകവസ്തുവാണിത്.
പ്രധാനമായും സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കുന്നതിനായാണ് ആമ്പര്‍ഗ്രിസ് ഉപയോഗിക്കുക. ഇത്തരം 80 കിലോയോളം ആമ്പര്‍ഗ്രിസാണ് മൂവര്‍സംഘത്തിനു ലഭിച്ചത്. ഇതു വിറ്റാല്‍ 25 ലക്ഷം അമേരിക്കന്‍ ഡോളര്‍ (16.5 കോടിയില്‍പരം രൂപ) ലഭിക്കും. 20 വര്‍ഷമായി മത്സ്യബന്ധന ജോലി ചെയ്യുന്ന ഖാലിദിനെയും കൂട്ടൂകാരെയുംതേടി ഭാഗ്യമെത്തിയത് ഒക്ടോബര്‍ 30നാണ്.
ഒമാനിലെ ഖുറിയത്ത് കടല്‍മേഖലയിലാണ് സംഘത്തിന്റെ താമസം. രാവിലെ കടലില്‍ മീന്‍പിടിക്കുന്നതിനിടെയാണ് ഖാലിദ് ആമ്പര്‍ഗ്രിസ് കണ്ടെത്തിയത്. ആദ്യം ഇതിന് അസഹനീയമായ ദുര്‍ഗന്ധമാണെന്നും പിന്നീട്‌സുഗന്ധമായി മാറുകയായിരുന്നെന്നും ഇവര്‍ പറഞ്ഞു. ലഭിച്ച വസ്തു ഇപ്പോള്‍ ഒരു പെട്ടിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിദഗ്ധരെ വരുത്തി ആമ്പര്‍ഗ്രിസ് തന്നെയാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ആമ്പിഗ്രിസ് വിറ്റു പണം ലഭിച്ചാല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്കിറങ്ങാനാണ് ഇവരുടെ ഉദ്ദേശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."