പെര്‍ത്തിലെ കുഴിയില്‍ ഓസീസിനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക
പെര്‍ത്ത്: ആസ്‌ത്രേലിയന്‍ കരുത്തിനെ അവരുടെ മണ്ണില്‍ തന്നെ മുട്ടുകുത്തിച്ച് ദക്ഷിണാഫ്രിക്ക. പെര്‍ത്തിലെ വേഗ പിച്ചില്‍ അരങ്ങേറിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആസ്‌ത്രേലിയയെ 177 റണ്‍സിനു നിലംപരിശാക്കി ദക്ഷിണാഫ്രിക്ക ഉജ്ജ്വല വിജയം സ്വന്തമാക്കി. 539 എന്ന പടുകൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 361 റണ്‍സിനു പുറത്തായി. അഞ്ചു വിക്കറ്റുകള്‍ നേടി ഓസീസ് ബാറ്റിങിന്റെ നടുവൊടിച്ച പേസര്‍ കഗിസോ റബാഡയുടെ മാരക ബൗളിങാണ് അവരെ തകര്‍ത്തത്. റബാഡയാണ് കളിയിലെ താരവും.
സ്‌കോര്‍: ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സ് 242, രണ്ടാം ഇന്നിങ്‌സ് എട്ടിനു 540 ഡിക്ല. ആസ്‌ത്രേലിയ ഒന്നാം ഇന്നിങ്‌സ് 244, രണ്ടാം ഇന്നിങ്‌സ് 361.
നാലു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ച ആസ്‌ത്രേലിയക്കായി ഉസ്മാന്‍ ഖവാജ (97), വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പീറ്റന്‍ നെവില്‍ (പുറത്താകാതെ 60) എന്നിവര്‍ മാത്രമാണ് പൊരുതിയത്. ഡേവിഡ് വാര്‍ണര്‍ 35 റണ്‍സിനും ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് 34 റണ്‍സിനും പുറത്തായി. ആദ്യ ഇന്നിങ്‌സില്‍ റബാഡ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി ഒട്ടാകെ ഏഴു വിക്കറ്റുകള്‍ നേടി. ഫിലാന്‍ഡര്‍, ഡുമിനി, കേശവ് മഹാരാജ്, ബവുമ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ എല്‍ഗാര്‍ (127), ഡുമിനി (141) എന്നിവരുടെ സെഞ്ച്വറിയും ഫിലാന്‍ഡര്‍ (73), ക്വിന്റന്‍ ഡി കോക്ക് (64) എന്നിവരുടെ അര്‍ധ ശതകങ്ങളുമാണ് രണ്ടാം ഇന്നിങ്‌സില്‍ കരുത്തുറ്റ സ്‌കോറിലേക്ക് ദക്ഷിണാഫ്രിക്കയെ നയിച്ചത്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ത്തിനു മുന്നില്‍. രണ്ടാം ടെസ്റ്റ് ഈ മാസം 12 മുതല്‍ 16 വരെ ഹൊബാര്‍ടില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."