ഐ.എസ്.എല്‍: കേരള ബ്ലാസ്റ്റേഴ്‌സ് നിര്‍ണായക ഹോം മത്സരത്തിന് ഇന്നിറങ്ങും
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തോറ്റും ജയിച്ചും സമനില പിടിച്ചും ആടിയുലയുന്ന കേരള ബ്ലാസ്റ്റേഴ്‌സിനു ഇന്നത്തെ പോരാട്ടം നിര്‍ണായകം. ഐ.എസ്.എല്‍ മൂന്നാം പതിപ്പില്‍ തുടക്കം മുതലേ അടിപതറിയ എഫ്.സി ഗോവയ്ക്കും ജീവന്‍ മരണ പോരാട്ടം തന്നെ. ഐ.എസ്.എല്‍ പോയിന്റ് ടേബിളിലെ അവസാന സ്ഥാനക്കാര്‍ വീണ്ടും നേര്‍ക്കുനേര്‍ എത്തുകയാണ്. എട്ടു മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ ഒന്‍പത് പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്താണ്. എട്ടു മത്സരത്തില്‍ നിന്നു രണ്ടു ജയവും മൂന്നു സമനിലയും മൂന്നു തോല്‍വിയുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ കൈമുതല്‍.
എട്ടു മത്സരങ്ങളില്‍ നിന്നു രണ്ടു ജയവും ഒരു സമനിലയും അഞ്ചു തോല്‍വിയുമായി ഏഴു പോയിന്റാണ് ഗോവയുടെ സമ്പാദ്യം. ആദ്യ പാദത്തിലെ എവേ പോരില്‍ ഗോവയെ 2-1 നു അട്ടിമറിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തം തട്ടകത്തില്‍ വീണ്ടും ഇറങ്ങുന്നത്. ഡല്‍ഹിക്കെതിരായ പോരാട്ടത്തില്‍ 2-0 നു തോല്‍ക്കേണ്ടി വന്നതിന്റെ നിരാശയും ബ്ലാസ്റ്റേഴ്‌സിനുണ്ട്.
തുടര്‍ച്ചയായി തോല്‍വി അറിയാതെ പൊരുതിയ ബ്ലാസ്റ്റേഴ്‌സ് ഒടുവില്‍ ഡല്‍ഹിയോട് പരാജയം സമ്മതിക്കുകയായിരുന്നു. പ്രതിരോധത്തിലെ വിള്ളലും മധ്യനിരയുടെ മോശം പ്രകടനവും ആക്രമണ നിരയുടെ ലക്ഷ്യം പിഴച്ചതുമാണ് ഡല്‍ഹിക്ക് മുന്നില്‍ പതറാന്‍ കാരണം. പരുക്കിനെ തുടര്‍ന്ന് മാര്‍ക്വീ താരവും നായകനുമായ ആരോണ്‍ ഹ്യൂസ് സൈഡ് ബെഞ്ചിലിരുന്നത് ബ്ലാസ്റ്റേഴ്‌സ് പ്രതിരോത്തില്‍ വിള്ളല്‍ വീഴുന്നതിന് കാരണമായി.
സെഡ്രിക് ഹെങ്ബര്‍ട്ടും ഹോസു കുരിയാസും സന്തോഷ് ജിങ്കാനും നന്നായി അധ്വാനിച്ചെങ്കിലും ഹ്യൂസിന്റെ അഭാവം മുതലെടുത്താണ് ഡല്‍ഹി ജയിച്ചു കയറിയത്. തന്റെ ജന്മ ദിനത്തിലും ബ്ലാസ്റ്റേഴ്‌സ് പ്രേമികളെ ആവേശത്തിലാക്കാന്‍ ഹ്യൂസിനു ഇന്നും കഴിയില്ല. വടക്കന്‍ അയര്‍ലന്‍ഡ് ദേശീയ ടീമിന്റെ പ്രതിരോധം കാക്കാന്‍ ഹ്യൂസ് പറന്നു കഴിഞ്ഞു.
ആക്രമണ നിരയില്‍ തിളങ്ങിയിരുന്ന ഡക്കന്‍ നാസനും ഹെയ്തി ദേശീയ ടീമിന്റെ ജേഴ്‌സി അണിയാന്‍ പോയി. മലയാളി താരങ്ങളായ സി.കെ വിനീതും റിനോ ആന്റോയും താമസിയാതെ ടീമിനൊപ്പം ചേരുമെന്ന്് അധികൃതര് വ്യക്തമാക്കി.താരങ്ങള്‍ ടീമിനൊപ്പം ചേരാത്തത് പരിശീലകന്‍ സ്റ്റീവ് കോപ്പലിനെ വല്ലാതെ പ്രകോപിതനാക്കിയിരുന്നു. ചെന്നൈയിനെതിരായുള്ള അടുത്ത മത്സരത്തിലേ ഇരുവരുടെയും സേവനം ലഭ്യമാകൂ എന്നാണ് ആദ്യം അറിയിച്ചിരുന്നത്. ബംഗളൂരു എഫ്.സിയുടെ താരങ്ങളായ വിനീതും റിനോയും തിരിച്ചെത്തിയിട്ടും ടീമിനൊപ്പം വരാത്തതിലുള്ള അതൃപ്തി കോപ്പല്‍ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഹ്യൂസിന്റെ പകരക്കാരനായി ഇങ്ങുന്ന താരത്തിന് ഏറെ അധ്വാനിക്കേണ്ടി വരും. മുഹമ്മദ് റാഫി തന്നെ ആക്രമണ നിരയിലെ കുന്തമുനയാകുമെന്ന് കോപ്പല്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്നേറ്റ നിരയില്‍ മികച്ച ഷോട്ടുകള്‍ ഉതിര്‍ക്കുന്ന താരം റാഫി തന്നെയെന്ന് കോപ്പല്‍ സാക്ഷ്യപ്പെടുത്തുന്നു. ഡല്‍ഹിക്കെതിരേ കളിച്ച ടീമില്‍ കാര്യമായ മാറ്റത്തിനു സാധ്യതയില്ല. പകരക്കാരുടെ ബഞ്ചില്‍ ആളില്ലാത്തതു തന്നെ പ്രശ്‌നം.
തുടര്‍ച്ചയായ തോല്‍വികള്‍ക്കിടയിലും പൂനെ എഫ്.സിയെ 1-0നു അട്ടിമറിച്ച് വിജയ വഴിയിലേക്ക് തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് എഫ്.സി ഗോവ.
ആദ്യ നാലില്‍ എത്തണമെങ്കില്‍ തുടര്‍ച്ചയായ വിജയം അനിവാര്യം. ബ്ലാസ്റ്റേഴ്‌സിനെ കൊച്ചിയില്‍ നേരിടാന്‍ ഇറങ്ങുമ്പോള്‍ ഗോവയുടെ മുന്‍നിര താരങ്ങള്‍ ഉണ്ടാവില്ലെന്നത് സീക്കോയെ ആശങ്കപ്പെടുത്തുന്നുണ്ട്. മാര്‍ക്വീ താരം ലൂസിയോ, ജൂലിയസ് സെസാര്‍, റെയ്‌നാള്‍ഡോ, ജോഫ്രെ എന്നിവര്‍ പരുക്കിന്റെ പിടിയിലാണ്.
നാലു പേരും ഇന്നു കളിക്കളത്തില്‍ ഉണ്ടാവില്ലെന്ന് സീക്കോ തന്നെ വ്യക്തമാക്കി കഴിഞ്ഞു. ഇന്നത്തെ പോരാട്ടം ജയിച്ചാല്‍ ബ്ലാ്‌റ്റേഴ്‌സിനു നാലാമതെത്താം.
വിജയിച്ചാല്‍ ഗോവയ്ക്ക് ആറാമത്തെത്താം. രാത്രി ഏഴിനു കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് കിക്കോഫ്.
ഹ്യൂസിന്റെ മടക്കം കനത്ത നഷ്ടം: സ്റ്റീവ് കോപ്പല്‍
കൊച്ചി: സമനിലയ്ക്കായല്ല ഓരോ മത്സരത്തിലും പോരാടുന്നത് വിജയിക്കാനാണെന്നും തോല്‍വികള്‍ സംഭവിച്ചതിനെ കുറിച്ചു ചിന്തിക്കാറില്ലെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ സ്റ്റീവ് കോപ്പല്‍. മുന്‍പിന്‍ നോക്കാറില്ല. ഇന്നത്തെ മത്സരം മാത്രമാണ് ലക്ഷ്യം. അതെങ്ങനെ വിജയിക്കാം എന്നാണ് നോക്കുന്നത്. വടക്കന്‍ അയര്‍ലന്‍ഡ് ദേശീയ ടീമിനായി കളിക്കാന്‍ ആരോണ്‍ ഹ്യൂസ് മടങ്ങിയത് ബ്ലാസ്റ്റേഴ്‌സിനു കനത്ത നഷ്ടം തന്നെയാണ്. പകരം വരുന്നവര്‍ക്ക് ഏറെ ചെയ്യാനുണ്ട്.
വിജയം മാത്രം ലക്ഷ്യം: സീക്കോ
കൊച്ചി: വിജയിക്കുക എന്ന തത്വശാസ്ത്രം മുന്‍നിര്‍ത്തിയാണ് തന്റെ ടീം കളിക്കളത്തിലിറങ്ങുന്നതെന്നു എഫ്.സി ഗോവ പരിശീലകന്‍ സീക്കോ. അവസാന നിമിഷങ്ങളില്‍ ഗോള്‍ വഴങ്ങി തോല്‍വിയിലേക്ക് പോകുന്നതാണു ഗോവയ്ക്ക് തിരിച്ചടിയാകുന്നത്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഇതു സംഭവിച്ചിരുന്നു. ഇതിനു മാറ്റം വരുത്തും. ഇന്ത്യന്‍ താരങ്ങളെല്ലാം മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്. ഐ.എസ്.എല്ലിനു ശേഷവും ഇന്ത്യന്‍ താരങ്ങള്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കണമെന്നും സീക്കോ പറഞ്ഞു.
പരിശീലന സൗകര്യത്തില്‍ കടുത്ത അതൃപ്തി
കൊച്ചി: കൊച്ചിയിലെ പരിശീലന സൗകര്യത്തിന്റെ അഭാവത്തില്‍ എഫ്.സി ഗോവ പരിശീലകന്‍ സീക്കോയും ബ്ലാസ്റ്റേഴ്‌സ് കോച്ച് സ്റ്റീവ് കോപ്പലും കടുത്ത അതൃപ്തിയിലാണ്. അണ്ടര്‍ 17 ലോകകപ്പിനായി ഒരുങ്ങുന്നതിനാല്‍ കൊച്ചി സ്റ്റേഡിയം പരിശീലനത്തിനു വിട്ടുനല്‍കുന്നില്ല.
പകരം തൃപ്പൂണിത്തുറയിലെ ചോയ്‌സ് സ്‌കൂള്‍ മൈതാനമാണ് അനുവദിച്ചിട്ടുള്ളത്. ഈ മൈതാനത്തിന്റെ വ്യത്യാസം കോപ്പലിന്റെ അതൃപ്തിക്ക് കാരണമായി. സീക്കോയാവട്ടെ പരിശീലനത്തിനു മതിയായ സൗകര്യം ലഭിക്കാത്തതിനാല്‍ കടുത്ത നിരാശയിലാണ്.
ഇരു പരിശീലകരും തങ്ങളുടെ അതൃപ്തി വാര്‍ത്താ സമ്മേളനത്തില്‍ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. കൊച്ചിയില്‍ മാത്രമല്ല എവേ മത്സരങ്ങള്‍ക്കായി പോയ സ്ഥലത്തെല്ലാം പരിശീലന സൗകര്യം വളരെ മോശമാണെന്ന അഭിപ്രായമാണു കോപ്പലിന്. ഇതു ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ട്. കൊച്ചിയില്‍ പരിശീലനത്തിനു സൗകര്യം ലഭിക്കാത്തതില്‍ സീക്കോയും കടുത്ത അതൃപ്തി രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."