പുറംകടലില്‍ കണ്ടെത്തിയ കപ്പല്‍ അധികൃതരെ ആശങ്കയിലാക്കി
കോവളം: പുലര്‍വേളയില്‍ വിഴിഞ്ഞം പുറംകടലില്‍ സംശയകരമായ സാഹചര്യത്തില്‍ പ്രത്യക്ഷപ്പെട്ട കപ്പല്‍ ആശങ്ക സൃഷ്ടിച്ചു. കപ്പലുമായി വയര്‍ലെസ് സെറ്റിലൂടെ അധികൃതര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടി ലഭിക്കാതിരുന്നതാണ് അധികൃതരെ ആശങ്കയിലാക്കിയത്. തന്ത്രപ്രധാനമായ വിഴിഞ്ഞത്ത് അജ്ഞാത കപ്പല്‍ ദൂരൂഹ സാഹചര്യത്തില്‍ പ്രത്യക്ഷപ്പെട്ടെന്ന വിവരം തീരദേശവാസികളിലും ആശങ്കയുണ്ടാക്കി.
തുടര്‍ന്ന് വാര്‍ഫ് സൂപ്പര്‍വൈസര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വകാര്യ ബോട്ട് തരപ്പെടുത്തി കടലിലേക്ക് പാഞ്ഞു.നാടകീയമായി കപ്പലിനുള്ളില്‍ കടന്ന സംഘം 'രേഖകള്‍ പിടിച്ച് വാങ്ങി.ഏറെ നേരത്തെ പരിശോധനക്കൊടുവില്‍ അപകടകരമായ സാഹചര്യമോ ദുരൂഹതയോ ഇല്ലെന്ന് കണ്ടതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും തീരവാസികള്‍ക്കും സമാധാനമായത്.
തൂത്തുക്കുടിയില്‍ നിന്ന് ലക്ഷദ്വീപിലെ കവരത്തിയിലേക്ക് ചരക്കുമായി പോവുകയായിരുന്ന എം.എസ്.വി സുമിത്ര എന്ന കൂറ്റന്‍ ഉരുവാണ് വിഴിഞ്ഞത്തെ മണിക്കൂറുകളോളം ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയത്. യാത്ര തുടരുന്നതിനിടയില്‍ രണ്ട് ജനറേറ്ററുകളില്‍ ലൈറ്റ് ഉള്‍പ്പെടെ ആധുനിക സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഒരെണ്ണം തകരാറിലായതോട കടലിലെ കൂരിരുട്ടിനെ ഭേദിച്ച് ഉരുവിന്റെ മുന്നോട്ടുള്ള പ്രയാണം അസാധ്യമായി.ഇതിനൊപ്പം വയര്‍ലെസ് സെറ്റിന്റെ പ്രവര്‍ത്തനവും നിലച്ചു. നടുക്കടലില്‍ എങ്ങോട്ടും പോകാനാകാതെ വലഞ്ഞ ഉരുവിനെ ആറു സഹപ്രവര്‍ത്തകര്‍ക്കൊപ്പം ക്യാപ്റ്റന്‍ സുബ്രമണ്യനാണ് സഹായം പ്രതീക്ഷിച്ച് വിഴിഞ്ഞത്തേക്ക് തിരിച്ചുവിട്ടത്.
പുലര്‍ച്ചെയോടെയാണ് വിഴിഞ്ഞം പുറംകടലില്‍ നങ്കൂരമിട്ടത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉള്‍പ്പെടെയുള്ള സുരക്ഷ മേഖലയില്‍ മുന്നറിയിപ്പില്ലാതെ കടല്‍യാനം പ്രത്യക്ഷപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടതോടെ വാര്‍ഫ് സൂപ്പര്‍വൈസര്‍ അനില്‍ സാബു ഉരുവിലെ ജീവനക്കാരുമായി പല പ്രാവശ്യം ആശയ വിനിമയം നടത്താന്‍ വയര്‍ലെസ് വഴി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്നാണ് പോര്‍ട്ട് ഓഫിസറെ വിവരമറിയിച്ച ശേഷം ബോട്ടില്‍ കടലിലേക്ക് പുറപ്പെട്ട് ഉരുവിലെത്തി പരിശോധന നടത്തിയത്. രേഖകള്‍ എല്ലാം പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അനിത.എ.നായര്‍ക്ക് കൈമാറി.കസ്റ്റംസ് സൂപ്രണ്ട് ശോഭനന്‍, കസ്റ്റംസ് ഹെഡ് ഹവീല്‍ദാര്‍ ഷാജിമോന്‍, തുറമുഖമാസ്റ്റര്‍ ഗ്രേഡ് ശശികുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. സഹായം ചോദിച്ചെത്തിയ ഉരുവിന് ഇനി തീരം വിടണമെങ്കില്‍ ക്ലിയറന്‍സ് ഉള്‍പ്പെടെയുള്ള നിരവധി കടമ്പ കടക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."