പൊലിസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം അന്വേഷണം പ്രഹസനം, നിസ്സഹായാവസ്ഥയില്‍ മാതാവ്
കൊല്ലം: പൊലിസ് കസ്റ്റഡിയിലെടുത്ത ദലിത് യുവാവ് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ മരിച്ചകേസിലെ അന്വേഷണം പ്രഹസനമെന്ന് ആക്ഷേപം. മകന്‍ നഷ്ടപ്പെട്ട നടുക്കത്തിലും നീതി നിഷേധിക്കപ്പെടുന്നതിന്റെ വേദനയിലും അലമുറയിടാനല്ലാതെ മറ്റൊന്നിനും കഴിയാത്ത സ്ഥിതിയിലാണ് മരിച്ച കുഞ്ഞുമോന്റെ മാതാവ് ചെല്ലമ്മ. 'എന്റെ മോനോട് ചെയ്ത്ത് വേറാരോടും ചെയ്യരുതേ'യെന്നു യാചിക്കാനല്ലാതെ വേറൊന്നിനും കഴിയുന്നില്ല. നീതി സ്ഥാപിച്ചു കിട്ടാന്‍ ഇനി എവിടെ ആരെ കാണണമെന്നും ഇവര്‍ക്കറിയില്ല.
കുഞ്ഞുമോനും മാതാവും മാത്രമായിരുന്നു വീട്ടില്‍.അച്ചന്‍ നേരത്തേ മരിച്ചു. കുഞ്ഞുമോന്‍ മേസ്തരിപ്പണി ചെയ്ത് കിട്ടുന്നതായിരുന്നു വീട്ടിലെ വരുമാനം.സി.പി.ഐ അനുഭാവിയും സ്ഥലത്തെ ബ്രദേഴ്‌സ് ക്ലബിലെ അംഗവുമായിരുന്നു. അമ്മ ഒറ്റയ്ക്കായതിനാല്‍ എന്നും വൈകാതെ വീട്ടിലെത്താറുണ്ടായിരുന്നു. അമ്മ പൊതിഞ്ഞു കൊടുക്കുന്ന ചോറും കൊണ്ട് ആക്ടിവ സ്‌കൂട്ടറിലായിരുന്നു പണിക്കു പോയിരുന്നത്. ഇക്കഴിഞ്ഞ 21ന് രാത്രിയില്‍ , പിറ്റേന്നു രാവിലെ പണിക്കു പോകാന്‍ എല്ലാം തയ്യാറാക്കി ഉറങ്ങാന്‍ കിടന്നതായിരുന്നു. പുലര്‍ച്ചെ ഒരുമണിയോടെ പൊലീസ് കതകില്‍ മുട്ടി. കതകുതുറന്ന ചെല്ലമ്മയോട് കുഞ്ഞുമോനു വാറന്റുണ്ടെന്നും സ്‌റ്റേഷനിലേക്കു കൊണ്ടുപോകുകയാണെന്നും പറഞ്ഞു. സുഖമില്ലാത്ത അമ്മ ഒറ്റയ്ക്കാണെന്നും വേറേ ആരുമില്ലെന്നും രാവിലെ എത്താമെന്നും കുഞ്ഞുമോന്‍ പറഞ്ഞെങ്കിലും പൊലിസുകാര്‍ ചെവിക്കൊണ്ടില്ല. കോടതിയിലടയ്‌ക്കേണ്ട മൂവായിരം രൂപ കൊണ്ടുവന്നാല്‍ രാവിലെ എട്ടുമണിക്കുവിടാമെന്നു ചെല്ലമ്മയോടു പറഞ്ഞാണ് കുഞ്ഞുമോനെ കൊണ്ടുപോയത്. മദ്യപിച്ച് സ്‌കൂട്ടര്‍ ഓടിച്ചെന്നതായിരുന്നു കേസ്.
രാവിലെ അയല്‍പക്കത്തു നിന്നും കടംവങ്ങിയ പണവുമായി സ്‌റ്റേഷനിലെത്തിയ ചെല്ലമ്മയോടു പണം കൊല്ലത്താണ് അടക്കേണ്ടതെന്നും പറഞ്ഞു പൊലിസ് അവരെ മടക്കി അയക്കുകയായിരുന്നു. എന്നാല്‍ തിരിച്ചു വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞുമോനു സുഖമില്ലെന്നുള്ള പൊലിസിന്റെ അറിയിപ്പ് ലഭിച്ചത് . ബാത്ത്‌റൂമില്‍ കൊണ്ടു പോയിട്ട് വന്നപ്പോള്‍ കുഞ്ഞുമോന്‍ മറിഞ്ഞുവീണെന്നായിരുന്നു പൊലിസ് ഭാഷ്യം. ജില്ലാ ആശുപത്രിയിലെത്തിയ ചെല്ലമ്മ കണ്ടത് അത്യാഹിത വിഭാഗത്തില്‍ അവശനായി കിടക്കുന്ന മകനെയായിരുന്നു. മലര്‍ന്ന് കിടന്ന കുഞ്ഞുമോന്‍ ഇടത്തേക്കാലു നീക്കുകയും വലിക്കുകയും കൈ രണ്ടും നെഞ്ചത്തു പിടിക്കുകയും ചെയ്യുകയായിരുന്നു. തലച്ചോറിന് ചതവ് പറ്റിയതിനാല്‍ മെഡിക്കല്‍കോളജില്‍ കൊണ്ടുപോകണമെന്നുപറഞ്ഞു പൊലിസ് ആംബുലന്‍സ് ഏര്‍പ്പാടാക്കിയശേഷം സ്ഥലം കാലിയാക്കി.
ചെല്ലമ്മയും കുടെയുള്ള സ്ത്രീയുമായിരുന്നു കുഞ്ഞുമോനുമായി മെഡിക്കല്‍ കോളജിലെത്തിയത്. മൂന്ന് ദിവസം മെഡിക്കല്‍ കോളജിലെ ചികില്‍സയിലായിരുന്ന കുഞ്ഞുമോന്‍ 26ന് വൈകിട്ടാണ് മരിച്ചത്. കസ്റ്റഡിയിലെടുത്ത പ്രതിയെ രോഗബാധിതനായപ്പോള്‍,മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിക്കാതെ കയ്യൊഴിഞ്ഞ പൊലിസ് നടപടി വിമര്‍ശനത്തിനുകാരണമായിട്ടുണ്ട്. അതുകൂടാതെ ഒരു പൊലിസുകാരന്‍ അറിയിച്ചാല്‍ സ്‌റ്റേഷനിലെത്താവുന്ന കേസില്‍,ക്രിമിനല്‍കേസിലെ പ്രതിയെപ്പോലെ പാതിരാത്രിയില്‍ വീടുവളഞ്ഞു യുവാവിനെ കസ്റ്റഡിയിലെടുത്ത നടപടിയും വിവാദമായിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയും ഉയര്‍ന്നിട്ടുണ്ട്. കൊല്ലം ഡി.സി.സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുണ്ടറ പൊലിസ് സ്‌റ്റേഷനില്‍ കുത്തിയിരുപ്പുസമരം നടത്തിയതിനെ തുടര്‍ന്നാണ് കേസന്വേഷണം ഡി.വൈ.എസ്.പിക്കു കൈമാറിയത്. എന്നാല്‍ അന്വേഷണം പ്രഹസനമാണെന്ന് ആക്ഷേപം ഉയര്‍ന്നതോടെ, ചെല്ലമ്മയുടെ വിലാപത്തിന് എന്നു നീതി കിട്ടുമെന്ന ചോദ്യത്തിന് ഉത്തരമില്ലാതായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."