കൊച്ചിയിലെ കോളജ് വിദ്യാര്ഥികള്ക്കിഷ്ടം ഹിലരി അമേരിക്കന്‍ പ്രസിഡന്റാകുന്നത്
സ്വന്തം ലേഖിക
കൊച്ചി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹിലരി ക്ലിന്റന് വിജയിക്കുമെന്ന് കൊച്ചിയില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വേ. സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് നടത്തിയ അഭിപ്രായസര്‍വേയില്‍ പങ്കെടുത്ത 70 ശതമാനം പേരും ഹിലരി അമേരിക്കന്‍ പ്രസിഡന്റാകുമെന്ന് പ്രവചിച്ചു.
സര്‍വേയില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപിന് 24 ശതമാനം വോട്ടുകളാണ് ലഭിച്ചത്. സേക്രട്ട് ഹാര്‍ട്ട് കോളജ്, മഹാരാജാസ് കോളജ്, സെന്റ് ആല്‍ബര്‍ട്ട് കോളജ്, ഭാരത് മാതാ കോളജ് എന്നിവിടങ്ങളിലെ ഡിഗ്രി, പി.ജി വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് സര്‍വേ നടത്തിയത്. ആറു ചോദ്യങ്ങളാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ആരായിരിക്കണം എന്നതിനുപുറമെ സ്ഥാനാര്‍ഥികളുടെ നിലവാരം രേഖപ്പെടുത്താനും ആവശ്യപ്പെട്ടിരുന്നു. 39 ശതമാനം വിദ്യാര്‍ഥികളും ഭേദപ്പെട്ടവരാണ് സ്ഥാനാര്‍ഥികളെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ മികച്ചവരെന്ന് 23 ശതമാനം പേര് അഭിപ്രായപ്പെട്ടു. പത്ത് ശതമാനം പേര് സ്ഥാനാര്‍ഥികള്‍ വളരെ മോശപ്പെട്ടവരാണെന്നും അഭിപ്രായപ്പെട്ടു.
ഭീകര വിധ്വംസന പ്രവര്‍ത്തനങ്ങള്‍, ദേശീയ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട നയങ്ങളായിരിക്കും തെരഞ്ഞെടുപ്പിനെ ബാധിക്കുകയെന്ന് 37 ശതമാനം പേര് രേഖപ്പെടുത്തിയപ്പോള്‍ വിദേശ നയങ്ങളായിരിക്കും ബാധിക്കുകയെന്ന് 28 ശതമാനം പേര് അഭിപ്രായപ്പെട്ടു. ഒബാമയെപ്പറ്റിയും അഭിപ്രായം ആരാഞ്ഞിരുന്നു. ഒബാമയുടെ ഭരണം മികച്ചതാണെന്ന് 65 ശതമാനം വിലയിരുത്തുമ്പോള്‍ രണ്ട് ശതമാനം മാത്രമാണ് മോശമെന്ന് അഭിപ്രായപ്പെട്ടത്. ഇന്ത്യക്ക് ഗുണകരമാകുന്നത് ആര് പ്രസിഡന്റായി വരുന്നതാണെന്ന ചോദ്യത്തിന് 58 ശതമാനവും മറുപടി നല്‍കിയത് ഹിലരി ക്ലിന്റന് എന്നായിരുന്നു. ട്രംപ് വരുന്നതാണ് നല്ലതെന്ന് 22 ശതമാനം പേര് വിലയിരുത്തി. നവംബര്‍ ഒന്ന്, രണ്ട് തിയതികളിലാണ് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് സര്‍വേ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."