കാട്ടാന വെടിയേറ്റ് ചരിഞ്ഞ സംഭവം; അന്വേഷണം ഊര്‍ജിതമാക്കി വനംവകുപ്പ്
കേണിച്ചിറ: കാട്ടാന വെടിയേറ്റ് ചരിഞ്ഞ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. പ്രതിയെകുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം ആന വെടിയേറ്റ് ചരിഞ്ഞതില്‍ ദുരൂഹതയുള്ളതായി സൂചനയുണ്ട്.
കാട്ടാന വെടിയേറ്റ് ചരിഞ്ഞതാണെന്നാണ് ആദ്യം കരുതിയിരുന്നത്. പോസ്റ്റ്‌മോട്ടത്തില്‍ ഒരു വെടിയുണ്ട മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞിരുന്നുള്ളൂ. എന്നാല്‍ നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുമുണ്ട്. നെറ്റിയിലെ ആഴത്തിലുള്ള മുറിപ്പാടുകള്‍ എങ്ങിനെ സംഭവിച്ചുവെന്നുള്ളതാണ് സംശയത്തിന് ഇടം നല്‍കുന്നത്. അതേസമയം കാട്ടാനയക്ക് ഷോക്കേറ്റിരുന്നതായും വനം വകുപ്പ് അധികൃതര്‍ സംശയിക്കുന്നുണ്ട്.
സ്വകാര്യ വ്യക്തികളുടെ തോട്ടത്തില്‍ നിര്‍മ്മിച്ച ഇലക്ട്രിക് ഫെന്‍സിങില്‍ നിന്നാണോ ഷോക്കേറ്റതെന്ന കാര്യവും അന്വേഷിക്കുമെന്നാണ് വിവരം. അതേ സമയം പെട്ടെന്നുള്ള അറസ്റ്റ് പ്രദേശവാസികളുടെ പ്രതിഷേധത്തിന് കാരണമാവാനിടയുള്ളതിനാല്‍ തെളിവുകള്‍ പൂര്‍ണമായും ശേഖരിച്ചതിന് ശേഷമേ തുടര്‍ നടപടി ഉണ്ടാകാനിടയുള്ളൂ. വിഷയത്തില്‍ പഴുതടച്ച അന്വേഷണത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍.
പുല്‍പ്പള്ളിയില്‍ കാട്ടാന വെടിയേറ്റ് ചരിഞ്ഞ സംഭവത്തിലും ബത്തേരിയില്‍ നടന്ന സംഭവത്തിലും ശാസ്ത്രീയ രീതിയിലുള്ള അന്വേഷണമാണ് നടത്തിയിരുന്നത്. ഇതേരീതിയില്‍ തന്നെയുള്ള അന്വേഷണമായിരിക്കും ഇവിടെയും നടക്കുക. ഇന്നലെ കൊല്ലപ്പെട്ട കാട്ടാനയുടെ ശരീരത്തില്‍ പലയിടത്തായി വെടിചില്ല് തെറിച്ച പാടുകള്‍ കണ്ടത് ദുരൂഹത ഉയര്‍ത്തുന്നുണ്ട്. ഏതെങ്കിലും മാരകായുധങ്ങള്‍ കൊണ്ട് തലഭാഗത്ത് ആഴത്തില്‍ മുറിവുണ്ടാക്കിയതായിട്ടാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന.
അന്വേഷണം സ്ഥലമുടമയിലേക്കും നീളാനിടയുണ്ട്. അതിനിടെ കാട്ടാനശല്യത്തിനെതിരെ കേണിച്ചിറ, അതിരാറ്റ്കുന്ന് ഭാഗത്തെ ജനങ്ങള്‍ സമരത്തിനിറങ്ങാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ ദിവസമാണ് ചെതലയം ഫോറസ്റ്റ് റെയ്ഞ്ചിലെ നെയ്ക്കുപ്പ സെക്ഷനില്‍പ്പെട്ട കേണിച്ചിറ അതിരാറ്റ്കുന്നില്‍ കാട്ടാന വെടിയേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
അതിരാറ്റ്കുന്ന് കാടാകുളം ഗോപാലകൃഷ്ണന്റെ വയലിനോട് ചേര്‍ന്നാണ് ആനയുടെ ജഡം കിടന്നിരുന്നത്. 20 വയസ്സ് കണക്കാക്കുന്ന മോഴയാനയാണ് ചരിഞ്ഞത്. നെയ്ക്കുപ്പ വനത്തില്‍ നിന്നാണ് ആനയെത്തിയതെന്ന് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."