ചെമ്പ്ര എസ്റ്റേറ്റ് ലോക്കൗട്ട്; ചര്‍ച്ച പരാജയം
മേപ്പാടി: ചെമ്പ്ര ഫാത്തിമ ഫാം എസ്റ്റേറ്റ് ലോക്കൗട്ട് ചെയ്ത സംഭവം ചര്‍ച്ച ചെയ്യാന്‍ കോഴിക്കോട് ചേര്‍ന്ന യോഗം തീരുമാനമാവാതെ പിരിഞ്ഞു. മാനേജ്മെന്റ് പ്രതിനിധികള്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്നാണ് സൂചന.
നിരന്തരമായ സമരങ്ങളും കമ്പനി പ്രതിനിധികളെ ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പടെ തുടര്‍ന്നതാണ് തോട്ടം പൂട്ടിയിടാന്‍ കാരണം. സാമ്പത്തിക പ്രതിസന്ധിയില്‍ പ്രയാസപ്പെടുന്ന കമ്പനിക്ക് തൊഴിലാളികളുടെ ഈ നിലപാടിനോട് പൊരുത്തപ്പെട്ട് പോവാന്‍ ആവില്ലെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ നിലപാടെടുത്തു.
കമ്പനി മുന്നോട്ട് വച്ച പാക്കേജ് അംഗീകരിക്കാന്‍ തൊഴിലാളികള്‍ തയാറാവണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഒരു മോണിറ്ററിങ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ തോട്ടം നടത്തി കൊണ്ട് പോകാന്‍ കഴിയുമോ എന്ന് ജില്ലാ അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ ചോദിച്ചെങ്കിലും സാധ്യമല്ലന്നായിരുന്നു മാനേജ്മെന്റ് പ്രതിനിധികളായ അന്‍വറിന്റെയും എസ്റ്റേറ്റ് മാനേജര്‍ മാച്ചയ്യയുടെയും നിലപാട്.
യോഗത്തില്‍ വിവിധ ട്രേഡ് യൂനിയനുകള്‍ക്ക് വേണ്ടി പി ഗഗാറില്‍, പി.കെ അനില്‍കുമാര്‍, എന്‍ വേണുഗോപാല്‍, പി.വി കുഞ്ഞിമുഹമ്മദ്, പി.കെ മുരളീധരന്, ബി സുരേഷ് ബാബു, എന്‍.ഒ ദേവസ്യ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."