തനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതം: മുന്‍മന്ത്രി ജയലക്ഷ്മി
കല്‍പ്പറ്റ: തനിക്കെതിരായ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്ന് മുന്‍മന്ത്രി പി.കെ ജയലക്ഷ്മി. കല്‍പ്പറ്റയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അവര്‍ ഇങ്ങനെ പറഞ്ഞത്. വ്യക്തിപരമായി ആക്ഷേപിക്കുന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും അവര്‍ ആരോപിച്ചു.
2011-16 കാലഘട്ടത്തിലെ പട്ടിക വര്‍ഗ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഏതു രീതിയിലുള്ള അന്വേഷണവും സ്വാഗതം ചെയ്യുന്നു. പ്രാഥമിക അന്വേഷണം പോലും ആരംഭിക്കുന്നതിനു മുമ്പെ അഴിമതിക്കാരിയാണെന്ന് പ്രഖ്യാപിക്കുകയും, പ്രചരിപ്പിക്കുകയുമാണ് മാധ്യമങ്ങള്‍. മാനന്തവാടി കേന്ദ്രീകരിച്ചുള്ള ചില സൈബര്‍ ക്വട്ടേഷന്‍സംഘങ്ങള്‍ ഇതിനു പിന്നിലുള്ളതായി സംശയിക്കുന്നു.
ഏഷ്യാനെറ്റ് വാര്‍ത്തയെ തുടര്‍ന്ന് വ്യക്തിപരമായും സാമുദായികപരമായും അധിക്ഷേപിക്കുന്ന വിധത്തില്‍ തുടരെ തുടരെ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സമൂഹമധ്യത്തില്‍ താറടിച്ചു കാണിക്കുന്നതിന് സൈബര്‍ ക്വട്ടേഷന്‍ സംഘത്തിന്റെ പിന്‍ബലത്തോടെ പ്രവര്‍ത്തിക്കുന്നതായാണ് ബോധ്യപ്പെട്ടിട്ടുള്ളത്.
ഇത്തരം ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിച്ച് നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു. പട്ടികവര്‍ഗ കടാശ്വാസ പദ്ധതി പ്രകാരം സംസ്ഥാനത്ത് 12,212 കുടുംബങ്ങള്‍ക്കായി 39 കോടി 52 ലക്ഷം രൂപയാണ് വകുപ്പ് വകയിരുത്തിയത്. ഈ പദ്ധതിയുടെ നിര്‍വഹണ ഏജന്‍സിയായ പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷന് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തു തന്നെ ഈ തുക കൈമാറുകയും ചെയ്തു.
ബാങ്കുകള്‍ ലിസ്റ്റ് നല്‍കുന്നതിനനുസരിച്ചാണ് തുക അതാത് ബാങ്കുകള്‍ക്ക് നല്‍കുന്നത്. വയനാട് ജില്ലയിലെ മാനന്തവാടി ടി.ഡി.ഒക്ക് കീഴില്‍ 418 കുടുംബങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ ഒരുകോടി 65 ലക്ഷം രൂപയുടെ കടാശ്വാസം ലഭിച്ചിരുന്നു.
രണ്ടാം ഘട്ടത്തില്‍ 439 കുടുംബങ്ങള്‍ക്ക് ഒരുകോടി 79 ലക്ഷത്തി 8194 രൂപയും ലഭിച്ചു. ബത്തേരി ടി.ഡി.ഒയ്ക്ക് കീഴില്‍ 288 കുടുംബങ്ങളുടെ 79,89,120 രൂപ എഴുതിതള്ളി. കല്‍പ്പറ്റയില്‍ ആദ്യഘട്ടത്തില്‍ 98 പേരുടെ 41, 85,000 രൂപയും, രണ്ടാംഘട്ടത്തില്‍ 26,91,134 രൂപയും എഴുതി തള്ളിയിട്ടുണ്ട്.
വസ്തുതകള്‍ ഇതായിരിക്കെ വെറും രണ്ടുകോടി രൂപ മാത്രമാണ് കടാശ്വാസം നല്‍കിയതെന്നും അതില്‍ ഭൂരിഭാഗവും മാനന്തവാടിയിലാണെന്നുള്ളതും കള്ളപ്രചാരണമാണ്. എല്ലാ ജില്ലയിലും കടാശ്വാസ പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്.
119 ധനകാര്യ സ്ഥാപനങ്ങള്‍ വഴിയാണ് പണം വിതരണം ചെയ്തതെന്നും ജയലക്ഷ്മി പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് കെ.എല്‍ പൗലോസ്, കെ.പി.സി.സി എക്‌സിക്യൂട്ടിവംഗം എന്‍.ഡി അപ്പച്ചന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."