കൊണ്ടോട്ടി നഗരസഭാ കൗണ്‍സിലില്‍ ഭരണ-പ്രതിപക്ഷ ബഹളം
കൊണ്ടോട്ടി: ചീക്കോട് കുടിവെള്ള പദ്ധതി, ഭവന പദ്ധതി, സി.സി.ടി.വി, ഗുണഭോക്തൃ പട്ടിക തുടങ്ങിയ വിവിധ വിഷയങ്ങളെച്ചൊല്ലി കൊണ്ടോട്ടി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ, പ്രതിപക്ഷ ബഹളവും പോര്‍വിളികളും.
ചീക്കോട് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ഇരുപക്ഷവും ഏറെ നേരം കൊമ്പുകോര്‍ത്തു. ചെയര്‍മാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് ചുക്കാന്‍ ബിച്ചു എം.എല്‍.എയെ എട്ടുകാലി മമ്മൂഞ്ഞ് എന്ന വിളിച്ചതിനെ ചൊല്ലിയായിരുന്നു പ്രതിപക്ഷം ആഞ്ഞടിച്ചത്. വിവിധ പദ്ധതികള്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിനുള്ള ഗുണഭോക്തൃ പട്ടിക വാര്‍ഡ് അടിസ്ഥാനത്തിലാണ് തയ്യാറാക്കേണ്ടതെന്ന് പ്രതിപക്ഷ ആവശ്യപ്പെട്ടു. ഈ വിഷയത്തിലും ഇരുപക്ഷവും പരസ്പരം പോര്‍ വിളിച്ചു. പഞ്ചായത്തുകളില്‍ ഇത്തരത്തിലാണ് പട്ടിക തയാറാക്കുന്നതെന്നും ഇവര്‍ ഉന്നയിച്ചു. എന്നാല്‍, വാര്‍ഡ് തലത്തിലല്ല മൊത്തമായി മാത്രമേ പട്ടിക തയാറാക്കാന്‍ സാധിക്കുകയുള്ളുവെന്ന് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ യോഗത്തില്‍ അറിയിച്ചു.
നഗരസഭയുടെ ഈ വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന സി.സി.ടി.വി പദ്ധതിയുടെ പ്രാഥമികയോഗത്തില്‍ പ്രതിപക്ഷത്തെ വിളിച്ചില്ലെന്നായിരുന്നു ആരോപണം. സി.സി.ടി.വി സ്ഥാപിക്കുന്ന ഭാഗങ്ങളിലെ കൗണ്‍സിലര്‍മാരെയടക്കം യോഗം അറിയിച്ചില്ല. എന്നാല്‍, യോഗം നടക്കുന്നതിന് തലേദിവസം തന്നെ പ്രതിപക്ഷനേതാവിനെ വിവരം അറിയിച്ചതായും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയുമാണ് യോഗത്തിലേക്ക് ക്ഷണിച്ചതെന്നും ചെയര്‍മാന്‍ പറഞ്ഞു.
നഗരസഭാ പരിധിയില്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റും നമ്പറും അനുവദിക്കുന്ന വിഷയത്തില്‍ ഭരണസമിതിയുടെ ഇടപ്പെടല്‍ നടത്തുന്നതിനായി പുതിയ പരിഷ്‌കാരം നടപ്പാക്കുന്നതായി വികസന സ്ഥിരംസമിതി അധ്യക്ഷന്‍ കെ.കെ സമദ് യോഗത്തെ അറിയിച്ചു. നവംബര്‍ ഒന്ന് മുതലാണ് പുതിയ പരിഷ്‌കാരം നടപ്പായത്. ഇത്പ്രകാരം കെട്ടിട നിര്‍മാണത്തിനായുളള അപേക്ഷകള്‍ എല്ലാ ശനിയാഴ്ചയും പൊതുമരാമത്ത് സ്ഥിരംസമിതിക്ക് കൈമാറണം. തുടര്‍ന്ന് ഇവര്‍ കൂടി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കും മറ്റ് നടപടികള്‍.
നമ്പര്‍ അനുവദിക്കുന്നതിന് മുന്നോടിയായി നിലവില്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും രണ്ട് പരിശോധന നടക്കുന്നുണ്ട്. ഡിസംബര്‍ ഒന്ന് മുതല്‍ സംയുക്ത പരിശോധന നടത്താനുമാണ് തീരുമാനം. പുതുതായി 23 ശുചീകരണ തൊഴിലാളികളുടെ തസ്തിക നഗരസഭക്ക് അനുവദിച്ചതായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ യോഗത്തെ അറിയിച്ചു. ആരോഗ്യവിഭാഗത്തിന് വാഹനം ആവശ്യമാണെന്നും ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ലൈസന്‍സിനു പുറത്തുള്ള സാധനങ്ങളുടെ വില്‍പന നിയമവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
നഗരത്തിലെ രാത്രി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ ലഹരി വസ്തുക്കളുടെ അടക്കം വില്‍പന നടക്കുന്നതായി കൗണ്‍സിലര്‍ അബ്ദുല്‍ ഹക്കീം ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നായിരുന്നു മറുപടി.
ദേശീയപാതയിലെ അടക്കം റോഡിന് ഇരുവശങ്ങളിലെയും കാടുകള്‍ മുറിച്ചുമാറ്റുന്നതിനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ചെയര്‍മാന്‍ സി.നാടിക്കുട്ടി അറിയിച്ചു.നഗരത്തിലെ മാലിന്യനിര്‍മാര്‍ജനവുമായ ബന്ധപ്പെട്ട പദ്ധതിയെ സംബന്ധിച്ചും വിവരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."