താനൂര്‍ സി.എച്ച്.സി താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തും
താനൂര്‍: കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ താലൂക്ക് ആശുപത്രിയാക്കാന്‍ നടപടിയാകുന്നു. തിരൂര്‍ താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയ സാഹചര്യത്തിലാണ് താനൂര്‍ സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയാക്കാന്‍ തീരുമാനമായത്. താനൂരിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഉടന്‍ താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തുമെന്നു മന്ത്രി കെ.കെ ശൈലജ നിയമസഭയില്‍ അറിയിച്ചു.
സി.എച്ച്.സിയില്‍ ഒഴിവുള്ള തസ്തികകള്‍ നികത്തും. താനൂരിലെ സി.എച്ച്.സിയില്‍ 52 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണു നിലവിലുള്ളത്. ദിവസേന അഞ്ഞൂറിലേറെ ഒ.പി രോഗികളാണു ഇവിടെയെത്തുന്നത്. ജനറല്‍ മെഡിസിന്‍ വിഭാഗം മാത്രമാണു നിലവിലുള്ളത്. ദിവസവും ഇത്രയും രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രിയായിട്ടും മിതമായ സംവിധാനങ്ങളും ആവശ്യത്തിനു ഡോക്ടര്‍മാരുമില്ലാത്തത് ജനങ്ങളെ വലക്കുകയാണ്. താലൂക്ക് ആശുപത്രിയായി ഉയരുന്നതോടെ എല്ലാ വിഭാഗത്തിലും സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാവും. സി.എച്ച്.സിയില്‍ മതിയായ ചികില്‍സ ലഭ്യമാവാത്തതിനാല്‍ തിരൂര്‍ ജില്ലാ ആശുപത്രിയേയും മറ്റു സ്വകാര്യ ആശുപത്രികളെയുമാണു താനൂരുകാര്‍ ആശ്രയിക്കുന്നത്.
ജനറല്‍ മെഡിസിനു പുറമെ ഓര്‍ത്തോ, ഇ.എന്‍.ടി, ഓപ്പറേഷന്‍ തിയേറ്റര്‍, ബ്ലഡ് ബാങ്ക്, ഗൈനക്കോളജി വിഭാഗം എന്നീ സംവിധാനങ്ങളും ആശുപത്രിയില്‍ ഉറപ്പു വരുത്തും. നാലു കോടി ചെലവില്‍ പുതിയ ഒ.പി ബ്ലോക്ക് നിര്‍മിക്കുന്നതിനു തുക അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ സ്ഥല പരിമിതിക്കും പരിഹാരമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."