കടലില്‍ കൃത്രിമ പാരുകള്‍ നിര്‍മിച്ച് മത്സ്യം പിടിക്കുന്നത് വ്യാപകം
പൊന്നാനി: നിയമങ്ങള്‍ കാറ്റില്‍പറത്തി കടലില്‍ കൃത്രിമ പാരുകള്‍ നിര്‍മിച്ചു മീന്‍പിടിക്കുന്നതു വ്യാപകമാകുന്നതായി ആക്ഷേപം. ഇതിനെതിരേ നിരവധി ബോട്ടുടമകള്‍ പരാതി നല്‍കിയിട്ടും ഫിഷറീസ് വകുപ്പ് നടപടിയെടുത്തില്ലെന്നും പരാതിയുണ്ട്.
തെങ്ങിന്റെ കുളച്ചിലും മരക്കഷണവും മണല്‍ നിറച്ച ചാക്കുകളും ഉപയോഗിച്ചാണ് കൃത്രിമ പാരുകള്‍ കടലില്‍ നിര്‍മിക്കുന്നത്. ഇത്തരം പാരുകള്‍ കടലിന്റെ അടിത്തട്ടില്‍ സ്ഥാപിക്കുകയാണ് ചെയ്യുക. വലിയ കൂന്തള്‍ അടക്കം നിരവധി മത്സ്യങ്ങള്‍ ഇത്തരം പാരുകളില്‍ കൂട്ടത്തോടെ കുടുങ്ങും. ജി.പി.ആര്‍.എസ് ഉപയോഗിച്ചു കടലില്‍ അടയാളപ്പെടുത്തിയതിനു ശേഷം പിന്നീട് മത്സ്യങ്ങളെ പിടിക്കുകയാണ് ചെയ്യുക. ഇത്തരത്തില്‍ മീന്‍ പിടിക്കുന്നത് 25,000 രൂപ പിഴയീടാക്കാവുന്ന കുറ്റമാണ്.
പൊന്നാനി, പരപ്പനങ്ങാടി, ബേപ്പൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ചാവക്കാട്, കൊല്ലം ഭാഗങ്ങളിലെ കടലുകളില്‍ ഇത്തരത്തില്‍ മീന്‍ പിടിക്കുന്നതു വ്യാപകമാണ്. പാരുകള്‍ കടലില്‍ സ്ഥാപിക്കുന്നതിനാല്‍ ബോട്ടുകളുടെ വലകള്‍ കീറുന്നതും പതിവാണ്. കഴിഞ്ഞ ട്രോളിങ് നിരോധനത്തിനു ശേഷം പൊന്നാനിയില്‍നിന്നു പത്തോളം ബോട്ടുകളുടെ വലകളാണ് ഇത്തരത്തില്‍ നശിച്ചത്. അര ലക്ഷത്തോളം രൂപയാണ് ഓരോ വലയുടെയും സാധാരണ വില.
വിഷയത്തില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിനും ഫിഷറീസ് വകുപ്പിനും പരാതി നല്‍കിയിട്ടും ഫലമില്ലെന്നു ബോട്ടുടമകള്‍ പറയുന്നു.
മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള മത്സ്യക്കരാറുകാരാണ് കൃത്രിമ പാരുകള്‍ ഉപയോഗിച്ചു മീന്‍ പിടിക്കുന്നത് വ്യാപകമാക്കിയത്. 2002ല്‍ ഇത്തരത്തില്‍ വലകള്‍ നശിച്ചതിനെ തുടര്‍ന്നു പൊന്നാനി പടിഞ്ഞാറേക്കരയിലെ മത്സ്യത്തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്കാണ് അന്നത്തെ സംഘര്‍ഷത്തില്‍ പരുക്കേറ്റിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."