ഓപ്പറേഷന്‍ അനന്തക്കും ഫലമില്ല; നഗരത്തിലെ റോഡുകള്‍ വെള്ളത്തില്‍
തിരുവനന്തപുരം: ഓപ്പറേഷന്‍ അനന്തയുടെ പേരില്‍ കോടികള്‍ ചിലവിട്ടിട്ടും കനത്ത മഴയില്‍ നഗരത്തിലെ പ്രധാന റോഡുകള്‍ വെള്ളം കൊണ്ട് നിറഞ്ഞു. ചാല കമ്പോളം റോഡ്, തമ്പാനൂര്‍, ആര്യശാല റോഡ് എന്നിവിടങ്ങളിലാണ് ഇന്നലത്തെ കനത്ത മഴയില്‍ വെള്ളം കയറി ജനം ബുദ്ധിമുട്ടിലായത്.
നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം തേടിയാണ് ഓപ്പറേഷന്‍ അനന്തക്ക് അധികൃതര്‍ തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി കൈയേറിയിരുന്ന നിരവധി കെട്ടിടങ്ങള്‍ പൊളിച്ച് നീക്കിയിരുന്നു. അട്ടക്കുളങ്ങര, ചാല എന്നിവടങ്ങളില്‍ ഓടകള്‍ ശുചീകരിച്ചുവെങ്കിലും പാര്‍വതി പുത്തനാറിലേക്കുള്ള പ്രധാന കനാലുമായി ഇവ ബന്ധിച്ചിരുന്നില്ല. ഇതോടെയാണ്
വെള്ളം സുഗമമായി ഒഴുകി പോകാനാവാത്ത സാഹചര്യമുണ്ടായത്.
ഓപ്പറേഷന്‍ അനന്ത വന്‍ വിജയമായിരുന്നുവെന്ന് അധികൃതര്‍ അവകാശപ്പെടുമ്പോഴാണ് മഴക്കാലത്ത് ജനം ഇത്തരം ദുരിതം അനുഭവിക്കേണ്ടി വരുന്നത്. ചാല കമ്പോളത്തിലെത്തുന്നവരാണ് ഏറെയും ബുദ്ധിമുട്ടുന്നത്. ഒഴുകി പോകാന്‍ പാറ്റാത്ത സ്ഥിതിയുണ്ടാകുന്നതോടെ ദിവസങ്ങളോളം വെള്ളം കെട്ടിനിന്ന് ദുര്‍ഗന്ധം പരക്കുകയാണ്. ഇവയില്‍ ചവിട്ടി വേണം കാല്‍നടയാത്രക്കാര്‍ റോഡിലൂടെ നടക്കേണ്ടത്. വെള്ളപ്പൊക്ക നിര്‍മാര്‍ജനത്തിന്റെ പേരില്‍ പലപ്പോഴും കോടികളാണ് ചിലവിടുന്നത്. എന്നാല്‍ ശാശ്വത പരിഹാരം ഉണ്ടാകുന്നില്ലയെന്നതാണ് യാഥാര്‍ഥ്യം.
തമ്പാനൂര്‍ മഞ്ഞാലിക്കുളം ഗ്രൗണ്ടില്‍ കുളം നിര്‍മിച്ച് വെള്ളം അവിടേക്ക് ഒഴുക്കി വിടാനായിരുന്നു ബന്ധപ്പെട്ടവരുടെ നേരത്തെയുള്ള ആലോചന. എന്നാല്‍ പരിസര മലിനീകരണം കാട്ടി പ്രദേശത്തെ
വിവിധ റസിഡന്‍സ് അസോസിയേഷനുകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ അധികാരികള്‍ ഇതില്‍ നിന്നും പിന്നോക്കം പോകാന്‍ നിര്‍ബന്ധിതമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."