മനുഷ്യാവകാശ കമ്മിഷന്‍ വിശദീകരണം തേടി
കാസര്‍കോട്: ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരില്‍ പലര്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നില്ലെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബുവില്‍ നിന്ന് വിശദീകരണമാവശ്യപ്പെട്ടു.
അഞ്ചോളം പരാതികളാണ് എന്‍ഡോസള്‍ഫാന്‍ വിഷയവുമായി ബന്ധപ്പെട്ട് കമ്മിഷന് മുന്നിലെത്തിയത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങളും പെന്‍ഷനും യഥാവിധം ലഭിക്കുന്നില്ലെന്ന ബാധിതരുടെ പരാതിയിലാണ് കമ്മിഷനംഗം കെ. മോഹന്‍ കുമാറാണ് നോട്ടിസയച്ചത്. ജില്ലയില്‍ ദുരിതബാധിതരുടെ പരാതി ഏറിവരുന്നതില്‍ കമ്മിഷന്‍ ഉല്‍കണ്ഠ പ്രകടിപ്പിച്ചു. ദുരിതബാധിതയായ വീട്ടമ്മ രാജീവ്ജി ആത്മഹത്യ ചെയ്ത സംഭവത്തിലും വിശദീകരണമാവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയില്‍ തെരുവ് നായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് മരുന്ന് ലഭിക്കുന്നില്ലെന്നും സിറ്റിങില്‍ പരാതി ഉയര്‍ന്നു. കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ ഇഞ്ചക്ഷന്‍ ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് ഒരുരോഗിയെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. ഇഞ്ചക്ഷന്റെ തുക ലഭിക്കണമെന്നാവശ്യപ്പെട്ട് രോഗി ഡി.എം.ഒ യെ സമീപിച്ചിരുന്നു. ഡി.എം.ഒ മനുഷ്യാവകാശ കമ്മിഷനു നല്‍കിയ റിപ്പോര്‍ട്ടില്‍ വിലകൂടിയ മരുന്ന് ജില്ലയില്‍ കിട്ടുന്നില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അത് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കമ്മിഷന്‍ ഡി.എം.ഒ യോട് നിര്‍ദേശിച്ചു. വിവിധ സമുദായ സംഘടനകള്‍ കുടുംബങ്ങളെ ഊരുവിലക്കേര്‍പ്പെടുത്തുന്ന പരാതികള്‍ വര്‍ധിച്ചുവരുന്നതായി കമ്മിഷന്‍ നിരീക്ഷിച്ചു. പത്തോളം പരാതികളാണ് ഇത്തരത്തില്‍ കമ്മിഷനുമുമ്പാകെ എത്തിയത്. സംഘടനകള്‍ക്ക് നോട്ടിസയക്കാന്‍ കമ്മിഷന്‍ തീരുമാനിച്ചിട്ടുണ്ട്. എണ്ണപ്പാറ സി.എച്ച്.സിയില്‍ കിടത്തി ചികിത്സിക്കാന്‍ സൗകര്യമൊരുക്കാന്‍ തടസമെന്തെന്ന് കമ്മിഷന്‍ ഡി.എം.ഒയോട് റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ 41 പരാതികള്‍ പരിഗണിച്ചു. അതില്‍ 13 എണ്ണം തീര്‍പാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."