റേഷന്‍ കാര്‍ഡ്: പരാതി നല്‍കാനാവാതെ ഉടമകള്‍ വലയുന്നു
കാഞ്ഞങ്ങാട്: റേഷന്‍ കാര്‍ഡിലെ എ.പി.എല്‍, ബി.പി.എല്‍ തെറ്റ് തിരുത്തലിന് അപേക്ഷ നല്‍കാനാവാതെ ഒട്ടനവധി കാര്‍ഡ് ഉടമകള്‍ വലയുന്നു. ഇതുമായി ബന്ധപ്പെട്ട് ഈ മാസം അഞ്ചുവരേയാണ് അധികൃതര്‍ സമയം അനുവദിച്ചിരുന്നത്.
എന്നാല്‍ ഈ സമയത്ത് അസൗകര്യങ്ങളുണ്ടായിരുന്ന നൂറുകണക്കിന് കാര്‍ഡ് ഉടമകളാണ് ഇപ്പോള്‍ ജില്ലയിലെ വിവിധ സപ്ലൈ ഓഫിസുകളില്‍ കയറിയിറങ്ങുന്നത്. ഹൊസ്ദുര്‍ഗ് സപ്ലൈ ഓഫിസില്‍ മാത്രം കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള അപേക്ഷയുമായി വന്നത് 300 ലധികം കാര്‍ഡ് ഉടമകളാണ്. ഈ മാസം അഞ്ചിന് ശേഷം വിവിധ ദിവസങ്ങളിലായി ഹൊസ്ദുര്‍ഗ് സപ്ലൈ ഓഫിസില്‍ പരാതിയുമായി എത്തിയ കാര്‍ഡുടമകളുടെ എണ്ണം ആയിരം കവിയുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ തങ്ങള്‍ക്ക് ഇത് സ്വീകരിക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ ഇവരെ മടക്കി അയച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്നലെയും തെറ്റ് തിരുത്തലിന് വേണ്ടി പരാതി നല്‍കാന്‍ കാര്‍ഡ് ഉടമകള്‍ വന്നെങ്കിലും ഉദ്യോഗസ്ഥര്‍ ഇവരേയും മടക്കി അയച്ചു. സര്‍ക്കാര്‍ ഭാഗത്ത് നിന്നും പരാതികള്‍ സ്വീകരിക്കാനുള്ള സമയം നീട്ടിയുള്ള അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ ഇനി പരാതികള്‍ സ്വീകരിക്കാന്‍ സാധിക്കുകയുള്ളുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേ സമയം സര്‍ക്കാര്‍ നിശ്ചയിച്ച സമയത്തിനകം പലവിധ കാരണങ്ങളാല്‍ പരാതി സമര്‍പ്പിക്കാന്‍ കഴിയാതെ വന്നവരില്‍ അംഗവൈകല്യങ്ങള്‍ സംഭവിച്ച കാര്‍ഡ് ഉടമകള്‍ ഉള്‍പ്പെടെയുണ്ടെന്നാണ് സൂചന. ഹൊസ്ദുര്‍ഗ് സപ്ലൈ ഓഫിസില്‍ പരാതിയുമായി വന്നവരില്‍ അംഗവൈകല്യങ്ങള്‍ സംഭവിച്ച കാര്‍ഡ് ഉടമകളും ഉണ്ട്.
ജില്ലയില്‍ ഏകദേശം 5000 ത്തോളം കാര്‍ഡ് ഉടമകള്‍ ഇപ്പോഴും ബി.പി.എല്‍ പട്ടികക്ക് പുറത്താണെന്നാണ് സൂചന. ഇത് സംബന്ധിച്ച് പരാതികള്‍ സമര്‍പ്പിക്കാന്‍ ഇനിയും സമയം അനുവദിക്കണമെന്ന ആവശ്യമാണ് ബി.പി.എല്‍ പട്ടികയില്‍ നിന്നും ഒഴിവായിട്ടുള്ള റേഷന്‍ കാര്‍ഡ് ഉടമകളുടെ ആവശ്യം. ആദിവാസി മേഖലയിലുള്ളവരുടെ പരാതികള്‍ ഇപ്പോള്‍ സ്വീകരിച്ചു വരുകയാണെന്നും മറ്റുള്ളവ ഇപ്പോള്‍ സ്വീകരിക്കാന്‍ മാര്‍ഗ്ഗമില്ലെന്നാണ് ജില്ലാ സപ്ലൈ ഓഫിസര്‍ പറഞ്ഞത്. അതേ സമയം ജില്ലാ കലക്ടറാണ് പരാതി സെല്ലിന്റെ ചെയര്‍മാന്‍. ഇക്കാര്യത്തില്‍ കലക്ടര്‍ എന്തെങ്കിലും പരിഹാരമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് കാര്‍ഡ് ഉടമകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."