ദേശീയപാതയോരത്തെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കി
ആറ്റിങ്ങല്‍: ദേശീയ പാതയില്‍ മാമത്തിനു സമീപത്ത് അനധികൃതമായി നിര്‍മിച്ചിരുന്ന അനധികൃത നിര്‍മാണങ്ങള്‍ കലക്ടറുടെ ഉത്തരവനുസരിച്ച് വന്‍ പൊലിസ് സഹായത്തോടെ തഹസില്‍ദാറുടെ നേതൃത്വത്തില്‍ പൊളിച്ചുനീക്കി.
തിങ്കളാഴ്ച രാത്രി 11 .30 മണിയോടെയായിരുന്നു പൊളിച്ചു നീക്കല്‍. മില്‍ക്കോയുടെ താല്‍കാലിക വിപണന കേന്ദ്രം, കലാഭവന്‍ മണി സേവന സമിതി ഓഫിസ്, കലാഭവന്‍ മണിയുടെ ഓര്‍മയ്ക്കായി സ്ഥാപിച്ചിരുന്ന കെടാവിളക്ക്, നാളികേര കോംപ്ലക്‌സിലെ ട്രേഡ് യൂനിയനുകളുടെ വിശ്രമ കേന്ദ്രം എന്നിവയാണ് പൊളിച്ചു മാറ്റിയത്.
ദേശീയപാതയോരം കൈയേറി വര്‍ഷങ്ങളായി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി കലക്ടര്‍ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കലക്ടര്‍ തഹസില്‍ദാര്‍ക്ക് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി. ദേശീയ പാതയുടെ വസ്തു കൈയേറിയാണ് കലാഭവന്‍ മണി സേവന സമിതിയും മില്‍ക്കോയും സ്ഥാപനം നടത്തുന്നതെന്ന് തഹസില്‍ദാര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ടു നല്‍കി. കലക്ടറുടെ നിര്‍ദേശപ്രകാരം സ്ഥാപനങ്ങള്‍ രണ്ടു ദിവസത്തിനുള്ളില്‍ പൊളിച്ചു മാറ്റണമെന്ന് കാട്ടി നോട്ടീസ് നല്‍കിയിട്ടും ഇവര്‍ അതിനു തയാറായില്ലെന്ന് തഹസില്‍ദാര്‍ സോമ സുന്ദരന്‍ പിള്ള പറഞ്ഞു.
സ്ഥാപന ഉടമകള്‍ കലക്ടറെ നേരിട്ട് കണ്ട് സമയം ആവശ്യപ്പെട്ടതനുസരിച്ച് മേയ് 15 ന് വൈകുന്നേരം 5 മണിക്കകം സ്ഥാപനങ്ങള്‍ പൊളിച്ചുമാറ്റി ഒഴിഞ്ഞു പോകണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ഈ തീയതി കഴിഞ്ഞ് ഒരു ദിവസം കൂടി കഴിഞ്ഞിട്ടും ഒഴിയാത്തതിനാല്‍ കലക്ടറുടെ ഉത്തരവ്
പാലിച്ച് പൊളിച്ചു മാറ്റുകയായിരുന്നു എന്നും തഹസില്‍ദാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."