റെയില്‍വേ ട്രാക്കുകളിലെ വിള്ളല്‍ രണ്ട് ആഴ്ചയ്ക്കകം അടക്കുമെന്ന് കെ.സി വേണുഗോപാല്‍
ആലപ്പുഴ : റെയില്‍വേ ട്രാക്കുകളിലെ വിള്ളല്‍ അടക്കമുള്ള അറ്റകുറ്റപണികള്‍ 2 ആഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ഉറപ്പു നല്‍കിയതായി കെ സി വേണുഗോപാല്‍ എം പി. അറിയിച്ചു. ഇന്നലെ ചെന്നൈയില്‍ നടന്ന സോണല്‍ റെയില്‍വേ യൂസേഴ്‌സ് കണ്‍സള്‍ട്ടേറ്റീവ് കമ്മറ്റിയിലാണ് ഉറപ്പ് ലഭിച്ചത്.
ട്രാക്കുകളില്‍ നിരന്തരം വിള്ളല്‍ ഉണ്ടാകുന്ന സാഹചര്യം യാത്രക്കാരെ ആശങ്കയില്‍ ആഴ്ത്തിയിട്ടുണ്ടെന്നും ഭീതിയോടെയാണ് ട്രെയിനില്‍ സഞ്ചരിക്കുന്നതെന്നും എം പി യോഗത്തില്‍ ചൂണ്ടിക്കാട്ടി.കണ്ണൂര്‍ - ആലപ്പുഴ എക്‌സ്പ്രസ്സ് ഇനി മുതല്‍ എല്ലാ ദിവസവും ആലപ്പുഴ വരെ സര്‍വ്വീസ്സ് നടത്തും. കായംകുളം, ആലപ്പുഴ സ്റ്റേഷനുകളില്‍ പുതുതായി സ്ഥാപിക്കുന്ന എസ്‌കലേറ്ററുകള്‍ മാര്‍ച്ചോടെ കമ്മീഷന്‍ ചെയ്യാനും തീരുമാനിച്ചു.
ആലപ്പുഴ സ്റ്റേഷനില്‍ ജനുവരി മുതല്‍ നോണ്‍ വെജിറ്റേറിയന്‍ റെസ്റ്റോറന്റ് പ്രവര്‍ത്തനം ആരംഭിക്കും. സ്റ്റേഷനില്‍ ഫസ്റ്റ് ക്ലാസ് വെയിറ്റിങ്ങ് റൂം നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ഇവിടെ ശാരീരിക ബുദ്ധിമുട്ടുള്ള യാത്രക്കാര്‍ക്ക് സഹായമെന്നോണം ബാറ്ററി കാര്‍ ഏര്‍പ്പെടുത്തുന്നതിന് സ്‌പോണ്‍സര്‍ഷിപ്പ് തേടാനും തീരുമാനിച്ചിട്ടുണ്ട്. ആലപ്പുഴയിലെ പിറ്റ് ലൈന്‍ നവീകരണവും സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഹരിപ്പാട്, മാരാരിക്കുളം, തുമ്പോളി, തുറവൂര്‍ എന്നീ സ്റ്റേഷനുകളില്‍ പ്ലാറ്റ് ഫോം നവീകരണം പൂര്‍ത്തിയാക്കി.
തുറവൂരിലും മാരാരിക്കുളത്തും 2-)0 നമ്പര്‍ പ്ലാറ്റ് ഫോമിന്റെ നവീകരണം പാതയിരട്ടിപ്പിക്കല്‍ പദ്ധതിയോടനുബന്ധമായി പൂര്‍ത്തീകരിക്കും. തുറവൂരില്‍ ഇതിനോടകം മേല്‍ നടപ്പാലം പൂര്‍ത്തിയാക്കി. കായംകുളത്ത് 50 ലക്ഷം രൂപ ചെലവില്‍ പുതിയ പാര്‍ക്കിങ്ങ് ഗ്രൗണ്ടും, 2 കോടി രൂപ ചെലവില്‍ മേല്‍ നടപ്പാലവും നിര്‍മ്മിക്കുന്നതിനുള്ള സാദ്ധ്യതകള്‍ പരിഗണിച്ചു വരികയാണ്. കായംകുളത്തെ അപ്രോച്ച് റോഡ് പുനര്‍നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്.
കരുനാഗപ്പള്ളി സ്റ്റേഷന്റെ ഗ്രേഡ് ഉയര്‍ത്തുന്നതിന് നടപടികള്‍ സ്വീകരിക്കുവാനും ഓച്ചിറയിലെ മുടങ്ങിക്കിടക്കുന്ന അടിപ്പാത നിര്‍മ്മാണം ജനുവരിയില്‍ ആരംഭിക്കുവാനും തീരുമാനമായി.എറണാകുളത്തു നിന്നും കൂടുതല്‍ ദീര്‍ഘദൂര വണ്ടികളും പാസഞ്ചര്‍ ട്രെയിനുകളും തീരദേശ പാതവഴി നീട്ടുന്നത് പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകുന്നതുവരെ പ്രായോഗികമല്ലെന്നും യോഗത്തെ റെയില്‍വേ അധികൃതര്‍ അറിയിച്ചതായും എം പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."