രാസ ദുരന്തനിവാരണം; മോക്ഡ്രില്‍ ഇന്ന്
ആലപ്പുഴ: രാസ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ജില്ലാതല ദ്രുതകര്‍മ സേനയുടെ മോക്ഡ്രില്‍ ഇന്ന് രാവിലെ 10 മുതല്‍ വന്ദികപ്പള്ളി എന്‍.ടി.പി.സി ക്രോസ് റോഡ് ജങ്ഷനില്‍ നടക്കും. ജില്ലയില്‍ രാസദുരന്തം, വാതകച്ചോര്‍ച്ച, ടാങ്കര്‍ ലോറി അപകടങ്ങള്‍ എന്നിവ ഉണ്ടാകുമ്പോള്‍ പെട്ടെന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ജില്ലയിലെ സര്‍ക്കാര്‍ സംവിധാനത്തെ പൂര്‍ണ്ണ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മോക്ഡ്രില്‍ സംഘടിപ്പിക്കുന്നത്.
ജങ്ഷന് സമീപത്തുകൂടി എന്‍.ടി.പി.സിയിലേക്ക് നാഫ്ത കൊണ്ടുപോകുന്ന റോഡുവക്കിലുള്ള പൈപ്പ് ലൈനില്‍ ചോര്‍ച്ച സംഭവിച്ചാല്‍ നടക്കുന്ന ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ ആവിഷ്‌കരിക്കപ്പെടുക. വാതകചോര്‍ച്ച സംബന്ധിച്ച് അറിയിപ്പ് ലഭിച്ചാലുടന്‍ ജില്ലാതല ദുരന്തനിവാരണ സമിതി യോഗം ജില്ലാ ആസ്ഥാനത്ത് ജില്ലാ കളക്ടറുടെ ആധ്യക്ഷതയില്‍ ചേര്‍ന്ന് എല്ലാ വിഭാഗം സര്‍ക്കാര്‍ സംവിധാനത്തെയും അങ്ങോട്ടേക്ക് ചലിപ്പിക്കുകയാണ് ആദ്യ പടി. തുടര്‍ന്ന് സംഭവസ്ഥലത്ത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കും. അപകടം നടന്ന സ്ഥലം ദുരന്തമേഖലയായി പ്രഖ്യാപിക്കും. തുടര്‍ന്ന് ഓണ്‍സൈറ്റ് കമാന്‍ഡര്‍ ആയ കായംകുളം ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ സംഭവസ്ഥലത്ത് ദുരന്തനവാരണരക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
ദുരന്ത നിവാരണപ്രവര്‍ത്തനത്തിന്റെ ഭാഗമായി ജങ്ഷന് 100 മീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങളെ ഒഴിപ്പിച്ച് അടുത്തു സജ്ജമാക്കിയ എന്‍.ടി.പി.സിയുടെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റും. തൊട്ടടുത്തുള്ള സ്‌കൂളുകളിലെ കുട്ടികളെയും ഒഴിപ്പിക്കും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എന്‍.ടി.പി.സിയുടെയും ബി.പി.സി.എല്ലിന്റെയും വിദഗ്ധര്‍ സംഭവസ്ഥലത്തെത്തി ചോര്‍ച്ച തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
മോക്ഡ്രില്ലിന് മുന്നോടിയായി നവംബര്‍ അഞ്ച്, ഏഴ്, എട്ട് തീയതികളില്‍ പരിസരപ്രദേശങ്ങളില്‍ ബോധവത്കരണം നടത്തിയിരുന്നു. മോക്ഡ്രില്ലിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി എന്‍.ടി.പി.സിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. വിവിധ വകുപ്പുകള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് യോഗത്തില്‍ വിശദീകരണം നല്‍കി. പൈപ്പ് ലൈന്‍ ചോര്‍ച്ച നടന്ന സ്ഥലത്ത് എന്‍.ടി.പി.സിയുടെയും ബി.പി.സി.എല്ലിന്റെയും ദുരന്ത നിവാരണ വിഭാഗം സംഭവസ്ഥലത്തെത്തി പ്രവര്‍ത്തനങ്ങള്‍ നടത്തും.
പൊലിസും ഫയര്‍ഫോഴ്‌സും അടിയന്തര ചികിത്സയ്ക്കുള്ള സംവിധാനവും ദുരന്തമേഖലയില്‍ തയ്യാറായിരിക്കും. ചിങ്ങനെല്ലൂര്‍ സ്‌കൂള്‍, ചൂരവിള യു.പി.എസ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റും.
ജില്ലാതല രാസദുരന്ത നിവാരണ സമിതിയുടെ മെമ്പര്‍ സെക്രട്ടറിയായ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഇന്‍സ്‌പെക്ടര്‍ പി ജിജു, ചിങ്ങോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ എച്ച്. നിയാസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
നിയമ ബോധവത്കരണ പരിശീലന പരിപാടി ഇന്ന്
ആലപ്പുഴ: ജില്ലാ നിയമസേവന അതോറിറ്റിയും ചൈല്‍ഡ് ലൈനും ചേര്‍ന്ന് സ്‌പെഷല്‍ ജുവനൈല്‍ പൊലീസ് യൂണിറ്റിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഉദ്യോഗസ്ഥര്‍ക്കുമായി ജുവനൈല്‍ ജസ്റ്റീസ് നിയമ ഭേദഗതി നിയമം, പോക്‌സോ നിയമം എന്നിവയില്‍ ബോധവല്‍ക്കരണ പരിശീലന പരിപാടി നടത്തുന്നു. ഇന്ന് (നവംബര്‍ 9) ഉച്ചകഴിഞ്ഞ് രണ്ടിന് ചൈല്‍ഡ് ലൈനിന്റെ ആലപ്പുഴ കേന്ദ്രത്തിലാണ് പരിപാടി. ജില്ലാ ജഡ്ജി കെ.എം. ബാലചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പൊലീസ് മേധാവി, ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്, ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറി എന്നിവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."