ജില്ലാ ആശുപത്രി ചെറുതോണിയില്‍ നിലനിര്‍ത്തും
തൊടുപുഴ : ഇടുക്കി ജില്ലാ ആശുപത്രി ചെറുതോണിയില്‍ തന്നെ നിലനിര്‍ത്തുന്നതിന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ജില്ലയിലെ ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു.
ജില്ലാ ആശുപത്രിയുടെ സൗകര്യങ്ങള്‍ ഇടുക്കി മെഡിക്കല്‍ കോളജിന് വിട്ടുകൊടുത്ത സാഹചര്യത്തില്‍ ജില്ലാ ആശുപത്രി നെടുങ്കണ്ടത്തേക്ക് മാറ്റുന്നതിന് തീരുമാനമെടുക്കുന്നതിനായി യോഗം വിളിച്ചുചേര്‍ത്തത്.
ഇടുക്കി മെഡിക്കല്‍ കോളജ് ആരംഭിച്ചെങ്കിലും ജില്ലാ ആശുപത്രിയുടെ സൗകര്യങ്ങളാണ് പ്രയോജനപ്പെടുത്തുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി രോഗികള്‍ക്ക് മികച്ച ചികിത്സാസൗകര്യം ഉറപ്പാക്കുന്നതുവരെ ജില്ലാ ആശുപത്രി മാറ്റരുതെന്നും റോഷി അഗസ്റ്റിന്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. നെടുങ്കണ്ടം താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയുടെ പദവിയിലേക്ക് ഉയര്‍ത്തുകയാണ് വേണ്ടതെന്ന് പി.ജെ. ജോസഫ് എം.എല്‍.എ. പറഞ്ഞു.
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് ജില്ലാ ആശുപത്രിയുടെ പദവിയിലേക്ക് ഉയര്‍ത്തണമെന്ന് എം.എല്‍.എ.മാരായ എം.എം മണി, ഇ.എസ്. ബിജിമോള്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ,് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത് തുടങ്ങിയവര്‍ ജില്ല ആശുപത്രി മാറ്റുന്നതിനെ എതിര്‍ത്തു. ജില്ലാ ആശുപത്രി നിലനിര്‍ത്തുന്നതിനും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് ജില്ലാ ആശുപത്രിയുടെ പദവിയിലേക്ക് ഉയര്‍ത്തുന്നതിനും യോഗത്തില്‍ ശുപാര്‍ശ ചെയ്തു.
എം.എല്‍.എ.മാരായ പി.ജെ.ജോസഫ്, എം.എം.മണി, റോഷി അഗസ്റ്റിന്‍, ഇ.എസ്. ബിജിമോള്‍, എസ്.രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത്, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമന്ദിരം ശശി, ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ്, ഇടുക്കി ഡി.എം.ഒ. ഡോ. റ്റി.ആര്‍. രേഖ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളാ കോണ്‍ഗ്രസ് (എം) ധര്‍ണ നടത്തി
പൈനാവ് : കാര്‍ഷിക പ്രശ്‌നങ്ങളോടും ഇടുക്കി ജില്ലയോടുമുള്ള എല്‍.ഡി എഫ് സര്‍ക്കാരിന്റെ അവഗണനക്കെതിരെ കേരളാ കോണ്‍ഗ്രസ് (എം) ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് പടിയ്ക്കല്‍ കൂട്ട ധര്‍ണ്ണ നടത്തി.
ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ ജേക്കബ്ബ് ധര്‍ണ ഉദ്ഘാടനം ചെയ്തു. കര്‍ഷക പെന്‍ഷന്‍ വിതരണം ചെയ്യാത്തത് കടുത്ത അനീതിയാണെന്നും റേഷന്‍ കടകളില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചെറുതോണിയിലെ ജില്ലാ ആശുപത്രി മാറ്റി സ്ഥാപിക്കുന്നതിനു പകരം നെടുങ്കണ്ടം, അടിമാലി എന്നീ താലൂക്ക് ആശുപത്രികള്‍ തൊടുപുഴ താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയതുപോലെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തുകയാണ് ചെയ്യേണ്ടത്.
ഇടുക്കി മെഡിക്കല്‍ കോളജ് നഷ്ടപ്പെടുത്തിയതിനു ശേഷം ജില്ലാ ആശുപത്രി അവിടെ നിന്ന് മാറ്റി സ്ഥാപിക്കുന്നത് ഗൂഡാലോചനയുടെ ഫലമാണെന്ന് ജേക്കബ്ബ് പറഞ്ഞു.
യോഗത്തില്‍ അഡ്വ.അലക്‌സ് കോഴിമല, മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങളായ രാരിച്ചന്‍ നീറണാംകുന്നേല്‍, ജോസ് പാലത്തിനാല്‍, അഡ്വ.തോമസ് പെരുമന, അഡ്വ.ജോസഫ് ജോണ്‍, അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, ബാബു കക്കുഴി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."