വി.പി.രാമകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
തിരുവനന്തപുരം: ആര്.എസ്.പിയുടെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ വി.പി.രാമകൃഷ്ണ പിള്ളയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനം രേഖപ്പെടുത്തി.
നായനാര്‍ മന്ത്രിസഭയില്‍ തൊഴില്‍-ജലവിഭവ വകുപ്പ് മന്ത്രിയെന്ന നിലയിലും നിയമസഭാ സാമാജികന് എന്ന നിലയിലും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നുവെന്നും ഇടതുപക്ഷ ഐക്യത്തിനുവേണ്ടി അങ്ങേയറ്റം ശ്രമിച്ചിട്ടുള്ള നേതാവായിരുന്നുവെന്നും പിണറായി അനുസ്മരിച്ചു. അര്.എസ്.പി.യുടെ സ്ഥാനം വലതുപക്ഷത്തായിക്കൂടാ എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ശക്തനായ അമരക്കാരിലൊരാളായിരുന്നു വി.പി രാമകൃഷ്ണപിള്ളയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അനുസ്മരിച്ചു. ഇവിടുത്തെ ആര്.എസ്.പിയുടെ രാഷ്ട്രീയ നിലപാടുകളോട് കടുത്ത വിയോജിപ്പും ഭിന്നതയും അദ്ദേഹത്തിനുണ്ടായിരുന്നു. തെറ്റ് തിരുത്തിക്കുന്നതിനു വേണ്ടി ആര്.എസ്.പിക്കുള്ളില്‍ രോഗാതുരനായിരിക്കുമ്പോഴും അദ്ദേഹം നിലപാടുകള്‍ സ്വീകരിച്ചിരുന്നതായും കോടിയേരി പറഞ്ഞു. പ്രമുഖ ട്രേഡ് യൂണിയന് നേതാവുകൂടിയായ രാമകൃഷ്ണപിള്ള ഇടതുപക്ഷത്ത് അടിയുറച്ചു നില്ക്കാന് ആഗ്രഹിച്ച നേതാവായിരുന്നു മന്ത്രി ടി.എം തോമസ് ഐസക് പറഞ്ഞു. സൗമ്യനും അതേസമയം വ്യക്തമായ രാഷ്ട്രീയനിലപാടുകള്‍ പുലര്‍ത്തുന്ന നേതാവായിരുന്ന രാമകൃഷ്ണപിള്ളയുടെ നിര്യാണം രാഷ്ട്രീയ രംഗത്ത് പൊതുവിലും ആര്.എസ്.പി.ക്കു വിശേഷിച്ചും വലിയ നഷ്ടമാണെന്ന് തോമസ് ഐസക് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."