ആദിവാസി യുവാവ് 16 വര്‍ഷമായി കമ്പിവലയത്തില്‍
അഗളി : ഇരുമ്പ് കമ്പികൊണ്ട് കാല്‍ ബന്ധനസ്ഥനായ ആദിവാസി യുവാവ് നരകയാതന അനുഭവിക്കാന്‍ തുടങ്ങിയിട്ട് 16 വര്‍ഷം പിന്നിടുമ്പോഴും ആദിവാസികളുടെ ക്ഷേമം അന്വേഷിക്കാനും ഉറപ്പുവരുത്താനും മാത്രമായ പലവകുപ്പുകളും ജീവനക്കാരുമുള്ള അധികാരികള്‍ ഇക്കാര്യം അറിഞ്ഞില്ലത്രെ.
അഗളിക്കടുത്തുള്ള പരപ്പംതറ ആദിവാസി ഊരിലെ പഴനി(40)യാണ് കഴിഞ്ഞ 16 വര്‍ഷമായി രക്ഷിതാക്കള്‍ തന്നെ കെട്ടിയിട്ട ചെറിയ കമ്പി വളയത്തില്‍ വളര്‍ത്തുമൃഗത്തിന് സമാനമായ സാഹചര്യത്തില്‍ ജീവിതം തള്ളിനീക്കുന്നത്.
ആദിവാസി വികസനത്തിനായി പ്രതിവര്‍ഷം കോടികള്‍ ചെലവഴിക്കുന്ന അട്ടപ്പാടിയില്‍ ആദിവാസികളുടെ മാത്രം ക്ഷേമം അന്വേഷിക്കാന്‍ 20 ഓളം വകുപ്പുകളുണ്ട്. അവരുടെയൊന്നും ശ്രദ്ധയില്‍ കഴിഞ്ഞ 16 വര്‍ഷമായി കമ്പിയില്‍ കെട്ടിയിട്ട് 'വളര്‍ത്തുന്ന' പഴനി ഒരിക്കല്‍പോലും വന്നില്ലെന്നുവന്നാല്‍ മറ്റു ആദിവാസികളുടെ കാര്യത്തില്‍ പിന്നെ എന്തുപറയാന്‍. ചെറിയതോതില്‍ മാനസികാസ്വാസ്ഥ്യമുണ്ടെന്ന കാരണത്താലാണ് പഴനിയുടെ രക്ഷിതാക്കള്‍ ഇയാളെ കമ്പിയില്‍കെട്ടിയിട്ടിരിക്കുന്നത്. അവര്‍ ജോലി തേടി പുറത്തുപോകുമ്പോഴും ഉറങ്ങുമ്പോഴുമൊക്കെ അലട്ടുന്ന അരക്ഷിതാവസ്ഥയാണ് മകനെ കെട്ടിയിടാന്‍ പ്രേരിപ്പിക്കുന്നതെന്നു മാതാപിതാക്കള്‍ 'സുപ്രഭാത'ത്തോട് വ്യക്തമാക്കി.
അതേസമയം നല്ല ചികിത്സ നല്‍കിയാല്‍ തങ്ങളുടെ മകന്‍ മറ്റേതൊരാളെയും പോലെ ജീവിക്കുമെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിക്കും. എന്നാലും അന്നന്നത്തെ അന്നം തേടാനും മകനെ ചികിത്സക്ക് കൂട്ടിരിക്കാനും ആളില്ലാത്തതുകൊണ്ടാണ് കുടുംബത്തില്‍ മുഴുവന്‍ പേരും പട്ടിണികിടക്കാതിരിക്കാന്‍ മകനെ കെട്ടിയിട്ട് തങ്ങള്‍ ജോലിക്കുപോകുന്നതെന്നാണ് പഴനിയുടെ രക്ഷിതാക്കളുടെ നിലപാട്. കുറച്ചുനാളുകളായി നല്ല പനിയുണ്ട് പഴനിക്ക്.
ഭക്ഷണവും വെള്ളവുമൊന്നും തീരെ കഴിക്കാന്‍ പറ്റാത്ത നിലയിലാണ് പഴനി. തീരെ അവശനായ പഴനിയെ ആശുപത്രിയിലെത്തിച്ചില്ലെങ്കില്‍ തങ്ങളുടെ മകനെ നഷ്ടപ്പെടുമോയെന്ന ഭയമുണ്ടെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പറ്റുന്ന സാഹചര്യത്തിലല്ല തങ്ങളുള്ളതെന്നും പഴനിയുടെ വീട്ടുകാര്‍ പറയുന്നു.
പഴനിയുടെ കാര്യത്തില്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ഒരു സാധുമനുഷ്യന്റെ അവകാശങ്ങള്‍ തടഞ്ഞുവച്ചതിനും അവഗണിച്ച് ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറിയതിനും ബന്ധപ്പെട്ടവര്‍ മറുപടി പറയേണ്ടിവരുമെന്ന കാര്യത്തില്‍ സംശയമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."