27507 ടണ്‍ നെല്ല് സംഭരിച്ചു
കഞ്ചിക്കോട്: ജില്ലയില്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ മുഖേനയുള്ള ഒന്നാംവിള നെല്ല് സംഭരണം ഊര്‍ജിതമായപ്പോള്‍ ഇതുവരെ 27507 ടണ്‍ കഴിഞ്ഞ ദിവസം വരെ സംഭരിച്ചു. ചിറ്റൂര്‍ താലൂക്കിലാണ് ഏറ്റവും കൂടുതല്‍ നെല്ല് സംഭരിച്ചത്. 10736 ടണ്‍. ആലത്തൂരില്‍ 8384 ടണ്ണും പാലക്കാട്ട് 8267 ടണ്ണും പട്ടാമ്പിയില്‍ 37, ഒറ്റപ്പാലത്ത് 81 ടണ്ണുമാണ് സംഭരിച്ചത്.
ഏറ്റവും അവസാനം കൊയ്ത്ത് ആരംഭിച്ച ചിറ്റൂര്‍ താലൂക്കിലാണ് അവസാനഘട്ട സംഭരണം വേണ്ടിവരിക. സെപ്തംബര്‍ 20 മുതലാണ് സംസ്ഥാനത്താകെ നെല്ല് സംഭരണം തുടങ്ങിയത്. പാലക്കാട് ജില്ലയില്‍ ഒക്‌ടോബര്‍ 15 മുതലാണ് ആരംഭിച്ചത്. ജില്ലയിലെ സംഭരണം ഇപ്പോള്‍ 70 ശതമാനം പൂര്‍ത്തിയായി.
ഇന്നത്തെ നിലയില്‍ സംഭരണം പുരോഗമിച്ചാല്‍ 30 ദിവസത്തിനകം സംഭരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു. ഡിസംബര്‍ 30 വരെ ഒന്നാംവിള നെല്ല് സംഭരണം തുടരും.
ഇതുവരെ പാലക്കാട് ജില്ലയില്‍ സംഭരിച്ച നെല്ലിന് 59.14 കോടി രൂപയാമ് വില കണക്കാക്കുന്നത്. ഇത്തവണ സംസ്ഥാനത്താകെ 44074 ടണ്‍ നെല്ലാണ് സംഭരിച്ചത്. കഴിഞ്ഞ വര്‍ഷം ഒന്നാം വിളയില്‍ പാലക്കാട് ജില്ലയില്‍ മാത്രം 91, 770 ടണ്‍ നെല്ല് സംഭരിച്ചു.
സംസ്ഥാനത്താകെ 1,61,688 ടണ്‍ സംഭരിച്ചിരുന്നു. കഴിഞ്ഞവര്‍ഷം രണ്ടാം വിളയ്ക്ക് സപ്ലൈകോ സംഭരിച്ചത് 1,31,499 ടണ്‍ നെല്ലാണ്. സംസ്ഥാനത്താകെ സംഭരിച്ചത് 4,00,140 ടണ്‍.
നെല്ല് സംഭരിച്ചതിന്റെ വില ഉടന്‍ തന്നെ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നല്‍കാനാകുമെന്ന് സപ്ലൈകോ അധികൃതര്‍ പറഞ്ഞു. ഫണ്ട് വരുന്ന മുറയ്ക്ക് അന്നു തന്നെ കര്‍ഷകര്‍ക്ക് ലഭിക്കത്തക്കവിധം സജ്ജീകരണം പൂര്‍ത്തിയായതായി സപ്ലൈകോ അധികൃതര്‍ പറഞ്ഞു.
21.50 രൂപയ്ക്കാണ് സപ്ലൈകോ നെല്ല് സംഭരിക്കുന്നത്. സംഭരണ വില വര്‍ധിപ്പിക്കണമെന്ന കര്‍ഷകരുടെ ആവശ്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്.
ഇക്കാര്യം നിയമസഭയില്‍ മന്ത്രി ഉറപ്പുനല്‍കിയതുമാണ്. ജില്ലയില്‍ വ്യാപകമായി മഴ പെയ്തതിനാല്‍ നെല്ല് കൊയ്‌തെടുക്കുമ്പോള്‍ ഈര്‍പ്പാംശം കൂടുതല്‍ ഉണ്ടാകുന്നു. ഇതും സംഭരണത്തെ പ്രതികൂലമായി ബാധിക്കുന്നു.
17 ശതമാനം വരെ ഈര്‍പ്പാംശമുള്ള നെല്ലാണ് സപ്ലൈകോ സംഭരിക്കുന്നത്. ചിറ്റൂര്‍ താലൂക്കില്‍ മാത്രമാണ് സംഭരണത്തെ മഴ പ്രതികൂലമായി ബാധിക്കുന്നത്. മഴ കൊണ്ട് നയുന്ന നെല്ല് കര്‍ഷകര്‍ ഉണക്കിനല്‍കാനും തയ്യാറാകുന്നു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് റെക്കോഡ് വേഗത്തിലാണ് ഇത്തവണ നെല്ല് സംഭരണ പുരോഗമിക്കുന്നത്.
കൊയ്ത്ത് ആരംഭിച്ച എല്ലാ പഞ്ചായത്തിലും സംഭരണം സജീവമാണ്. കര്‍ഷകര്‍ക്ക് പരാതിയില്ലാത്തവിധം സംഭരണം സുഗമമാക്കാന്‍ അധികൃതരും ശ്രദ്ധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."