വാഹനങ്ങള്‍ക്ക് ഭീഷണിയായി ദേശീയപാതയിലെ കമാനങ്ങള്‍
കയ്പമംഗലം: വിവിധ പരിപാടികളുടെ പ്രചരണാര്‍ഥം ദേശീയപാതക്ക് കുറുകെ സ്ഥാപിക്കുന്ന കമാനങ്ങള്‍ വാഹനങ്ങള്‍ക്ക് ഭീഷണിയാവുന്നു. വലിയ ജനത്തിരക്ക് അനുഭവപ്പെടുന്നതും വീതി കുറഞ്ഞതുമായ ദേശീയപാതയിലെ പ്രധാന സെന്ററുകളില്‍ സ്ഥാപിക്കുന്ന കമാനങ്ങളാണ് വാഹന യാത്രികര്‍ക്ക് ദുരിതമാവുന്നത്. ഇരു വശങ്ങളും വലിയ കെട്ടിടങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്ന സെന്ററുകളില്‍ ഇത്തരം കമാനങ്ങള്‍ കാരണം വാഹനങ്ങള്‍ക്ക് പ്രയാസമില്ലാതെ കടന്നു പോകാന്‍ പറ്റാത്ത അവസ്ഥയാണ്.
മാത്രമല്ല കമാനങ്ങളുടെ മറ കാരണം മറുഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ കാണാനും ഡ്രൈവര്‍മാര്‍ എറെ പ്രയാസം നേരിടുന്നുണ്ട്. കാല്‍നട യാത്രക്കാര്‍ക്കും ഇത്തരത്തിലുള്ള കമാനങ്ങളുണ്ടാക്കുന്ന പൊല്ലാപ്പ് ചെറുതല്ല.
രാത്രി കാലങ്ങളിലാണ് ഇത്തരത്തില്‍ പരസ്യ കമാനങ്ങള്‍ ദേശീയപാതയോരത്ത് സ്ഥാപിക്കുന്നത്. ഇത് റോഡ് നിയമങ്ങള്‍ തെറ്റിക്കാന്‍ കാരണമാകുന്നു.
പരസ്യ കമ്പനികളാണ് കമാനങ്ങള്‍ സ്ഥാപിക്കുന്നതിന് വേണ്ടി ദേശീയപാത അതോറിറ്റിയില്‍ നിന്നും അനുമതി വാങ്ങുന്നത്. ഇങ്ങനെ അനുമതി വാങ്ങി സ്ഥാപിക്കുന്ന കമാനങ്ങളിലെ പരസ്യങ്ങള്‍ മാറാമാറി വെക്കുന്നതല്ലാതെ മാസങ്ങള്‍ പിന്നിട്ടാലും കമാനങ്ങള്‍ എടത്തു മാറ്റുന്നില്ല എന്നതാണ് വാസ്തവം. നിലവില്‍ സ്ഥാപിച്ചിട്ടുള്ള മിക്ക കമാനങ്ങള്‍ക്കും അനുമതി വാങ്ങിയിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി ഉദ്യോസ്ഥര്‍ തന്നെ പറയുന്നു.
കഴിഞ്ഞ ദിവസം രാത്രി എടമുട്ടം സെന്ററിന് വടക്കു ഭാഗത്തായി സ്ഥാപിച്ച കമാനം പൊട്ടി റോഡിലേക്ക് ചെരിഞ്ഞത് ഗതാഗത തടസത്തിന്ന് കാരണമായിരുന്നു. ദേശീയപാത അതോറിറ്റി അധികൃതരും വലപ്പാട് പൊലിസും സ്ഥലത്തെത്തിയാണ് കമാനം പൊളിച്ചു നീക്കിയത്.
വാഹനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന രീതിയില്‍ ജനത്തിരക്കുള്ള മേഖലകളില്‍ ഇത്തരത്തില്‍ കമാനങ്ങള്‍ സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ അനുമതി നല്‍കരുതെന്നും പൊതുജനങ്ങള്‍ക്ക് പ്രായാസമുണ്ടാക്കുന്ന രീതിയില്‍ സ്ഥാപിച്ചിട്ടുള്ള കമാനങ്ങള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."